അലീഗഢ് ന്യൂനപക്ഷ സര്‍വകലാശാല തന്നെ; പഴയ വിധി തിരുത്തി സുപ്രീംകോടതിയുടെ ചരിത്ര വിധി
ന്യൂഡല്‍ഹി: അലീഗഢ് മുസ്ലിം സർവകലാശാല സ്ഥാപിച്ചവരുടെ പരിശ്രമങ്ങള്‍ക്കും പ്രാർഥനകള്‍ക്കും അടിവരയിട്ട ചരിത്ര വിധിയില്‍ അലീഗഢ് മുസ്ലിം സർവകലാശാല ന്യൂനപക്ഷ സ്ഥാപനമാണെന്ന് സുപ്രീംകോടതിയുടെ ഏഴംഗ ഭരണഘടനാബെഞ്ച് വിധിച്ചു.ഒരു സ്ഥാപനം ന്യൂനപക്ഷ സ്ഥാപനമാകാൻ അത് സ്ഥാപിച്ചത് ന്യൂനപക്ഷമായാല്‍ മതിയെന്നും ഭരണ നിർവഹണം ന്യൂനപക്ഷത്തിനാകണമെന്നില്ലെന്നും പ്രഖ്യാപിച്ചാണ് സുപ്രീംകോടതിയുടെ ചരിത്ര വിധി.പാർലമെന്റിന്റെ നിയമ നിർമാണത്തിലൂടെ വന്ന വിദ്യാഭ്യാസ സ്ഥാപനമായതിനാല്‍ ന്യൂനപക്ഷ സ്ഥാപനമാകില്ലെന്ന സുപ്രീംകോടതിയുടെ പഴയ വിധി ഭരണഘടനാവിരുദ്ധമാണെന്ന് വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ജെ.ബി പർദീവാല, മനോജ് മിശ്ര എന്നിവർ അലീഗഢ് ന്യൂനപക്ഷ സ്ഥാപനമാണെന്ന് തീർപ്പാക്കിയത്. എന്നാല്‍ ജസ്റ്റിസുമാരായ സുര്യകാന്ത്, ദീപാങ്കർ ദത്ത, സതീഷ് കുമാർ മിശ്ര എന്നിവർ ഈ തീർപ്പിനോട് വിയോജിച്ച് ന്യൂനപക്ഷ ഭിന്ന വിധി പുറപ്പെടുവിച്ചു.
അലീഗഢ് മുസ്ലിം സർവകലാശാല ന്യൂനപക്ഷ സ്ഥാപനമല്ലെന്ന അസീസ് ബാഷ കേസിലെ സുപ്രീംകോടതി വിധി റദ്ദാക്കിയാണ് ഏഴംഗ ബെഞ്ചിന്റെ 4-3 ഭൂരിപക്ഷ വിധി. ആ വിധിയല്ല, ഈ വിധിയായിരിക്കും അലീഗഢിന്റെ നയൂനപക്ഷ പദവി നിർണയിക്കുകയെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ഭൂരിപക്ഷ വിധിന്യായം വായിച്ച് പറഞ്ഞു.ന്യുനപക്ഷ വിഭാഗങ്ങളോട് വിവേചനമരുതെന്ന് ഭരണഘടനയുടെ 30-ാം അനുഛേദം പറയുന്നതില്‍ ആർക്കും തർക്കമില്ലെന്ന് ചീഫ് ജസ്റ്റിസ് ഓർമിപ്പിച്ചു. അതിനാല്‍ ഒരു സ്ഥാപനം ന്യൂനപക്ഷ സ്ഥാപനംമാണെന്ന് പറയാൻ ഭരണ നിർവഹണം ന്യൂനപക്ഷ വിഭാഗക്കാരവില് ആകണമെന്നില്ല. ന്യൂനപക്ഷങ്ങളുടെ ഉദ്ദേശ്യലക്ഷ്യം നടപ്പാക്കാൻ ഭരണ നിർവഹണം നടത്തുന്നവർ ന്യൂനപക്ഷക്കാർ ആകണമെന്നുമില്ല. ന്യുനപക്ഷ സ്ഥാപനങ്ങള്‍ മതേതര വിദ്യാഭ്യാസത്തിലൂന്നാം. അതിനായി ന്യൂനപക്ഷങ്ങള്‍ ഭരണനിർവഹണം നടത്തണമെന്നില്ലെന്നും സുപ്രീംകോടതി കൂട്ടിച്ചേർത്തു.