തിരുവിതാംകൂര്‍ മഹാരാജാവിന്റെ ഭൂമിയായ മുനമ്പം വഖഫ് ബോര്‍ഡിന്റെ കൈകളില്‍ എത്തിയ വഴി;
എറണാകുളം ജില്ലയുടെ പടിഞ്ഞാറ് പ്രകൃതി മനോഹരമായ തീരമാണ് മുനമ്പം. മത്സ്യത്തൊഴിലാളി ഗ്രാമം. ഇവിടെയുമുണ്ട് ഒരു വേളാങ്കണ്ണി കടപ്പുറം.കടല്‍ത്തിരകളോട് പൊരുതി ജീവിക്കുന്നവർ. ക്രൈസ്തവരും ഹൈന്ദവരുമാണ് ഏറെയും. അവരുടെ ആരാധനാലയങ്ങളുമുണ്ട്. ശാന്തമായിരുന്ന ഈ ജനതയുടെ മനസില്‍ ഇന്ന് കാറ്റും കോളുമാണ്. സുനാമി പോലെ വന്ന വഖഫ് ഭൂമിപ്രശ്നത്തില്‍ അറുനൂറു കുടുംബങ്ങള്‍ കുടയിറക്ക് ഭീഷണിയിലാണ്. ഇവർ വസിക്കുന്ന ഭൂമി വഖഫ് സ്വത്താണെന്നതാണ് ഔദ്യോഗിക വാദം. പതിറ്റാണ്ടുകളായി താമസിക്കുന്നവരുടെ കരമെടുക്കുന്നത് റവന്യൂ വകുപ്പ് പൊടുന്നനേ നിറുത്തി. ഇത് വഖഫ് സ്വത്താണെന്ന് സംസ്ഥാന വഖഫ് ബോർഡ് അറിയിച്ച സാഹചര്യത്തിലാണിത്.
തീരവാസികളുടെ പ്രതിഷേധം ആദ്യം അവഗണിക്കപ്പെട്ടു. വഖഫ് നിയമത്തിന്റെ സവിശേഷ സ്വഭാവം കാരണം നിയമനടപടികള്‍ തീർപ്പായില്ല. ഇതോടെ വൈദികരുടെ നേതൃത്വത്തില്‍ സമരം ശക്തമാക്കി. സംഘപരിവാർ സംഘടനകളടക്കം പിൻതുണച്ചു. സാമുദായിക ധ്രുവീകരണത്തിന്റെ സാദ്ധ്യത കണ്ടു. തങ്ങളെ ശത്രുപക്ഷത്താക്കാനുള്ള നീക്കം മനസിലാക്കിയ മുസ്ലീം സംഘടനകള്‍ പക്വതയാർന്ന നിലപാടെടുത്തു. പ്രശ്നം രമ്യമായി പരിഹരിക്കണമെന്നാവശ്യപ്പെട്ടു. വോട്ടു ബാങ്കില്‍ വിള്ളല്‍ ഉറപ്പായതോടെ സംസ്ഥാന സർക്കാർ ഇളകി. ഈ മാസം 28ന് മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചിരിക്കുകയാണ്. കേന്ദ്രസർക്കാർ കൊണ്ടുവന്ന വഖഫ് നിയമ ഭേദഗതി ബില്‍ പാസാക്കാൻ ഊർജിത ശ്രമം നടക്കുന്നതിനിടെയാണ് മുനമ്പം ശ്രദ്ധേയമാകുന്നത്.
ചരിത്രം
1902 ല്‍ കൊച്ചിയിലെത്തിയ ഗുജറാത്തുകാരനായ അബ്ദുള്‍ സത്താർ മൂസാ സേട്ടിന് തിരുവിതാംകൂർ മഹാരാജാവ് മുനമ്പം വേളാങ്കണ്ണി കടപ്പുറത്തിന് ചുറ്റുവട്ടത്തെ 406 ഏക്കർ ഭൂമി പാട്ടത്തിന് കൊടുത്തു. കൃഷിയാവശ്യമടക്കം മുൻനിറുത്തിയായിരുന്നു നടപടി. 45 വർഷത്തിനു ശേഷം സത്താർ സേട്ടിന്റെ പിൻഗാമിയായ സിദ്ധീഖ് സേട്ടിന്റെ കൈവശമായി ആ ഭൂമി. 1948 ഓഗസ്റ്റ് 12ന് കോഴിക്കോട്ടെ ഫാറൂഖ് കോളേജിന് മുനമ്ബത്തെ ഭൂമി സിദ്ദീഖ് സേട്ട് വഖഫ് ചെയ്തു. കോളേജ് തുടങ്ങുന്നതിനാവശ്യമായ ആസ്തി വകകള്‍ കണ്ടെത്തുന്നതിനായി മാനേജിംഗ് കമ്മിറ്റി അന്നത്തെ പ്രമാണിയായ സേട്ടിനെ സമീപിക്കുകയായിരുന്നു. 1950 നവംബർ 1ന് ഇടപ്പള്ളി സബ് രജിസ്റ്റാർ ഓഫീസില്‍ ഭൂമി കൈമാറ്റ നടപടികള്‍ പൂർത്തിയാക്കി. കോളേജിന്റെ ആവശ്യത്തിനല്ലാതെ വിനിയോഗിക്കരുതെന്ന് വ്യവസ്ഥയുണ്ടായിരുന്നു.
എന്നാല്‍ പിന്നീട് വഖഫ് ഭൂമി സംരക്ഷണം മുൻനിർത്തി പല പ്രസ്ഥാനങ്ങളുണ്ടായി. തർക്കം ഒഴിവാക്കാനായി കുടികിടപ്പുകാർ തങ്ങളുടെ ഭൂമി ഫാറൂഖ് കോളേജില്‍ നിന്ന് വിലയ്ക്കു വാങ്ങി. കോളേജ് മാനേജിംഗ് കമ്മിറ്റിക്ക് പാട്ട ഭൂമി എങ്ങനെ മുറിച്ചുവില്ക്കാനായി? അത് വാങ്ങിയവർ വഞ്ചിക്കപ്പെടുകയായിരുന്നോ? എന്ന ചോദ്യങ്ങള്‍ നിലനില്‍ക്കുകയാണ്. അന്ന് സ്ഥലം വാങ്ങിയവരും പിൻഗാമികളാണ് കുടിയിറക്ക് ഭീഷണിയുടെ വക്കില്‍ ഇന്ന് സമരം ചെയ്യുന്നത്. അവിടവിടെയായി ഭൂമി കയ്യേറ്റമുണ്ടെന്നും ആരോപണമുണ്ടായിരുന്നു. വി.എസ് അച്യുതാനന്ദൻ സർക്കാർ 2007 ല്‍ നിയോഗിച്ച ജസ്റ്റിസ് എം.എ.നിസാർ കമ്മീഷന്റെ റിപ്പോർട്ടില്‍ സംസ്ഥാനത്ത് 23 സ്ഥലങ്ങളിലായി 600 ഏക്കർ വഖഫ് സ്വത്തുകള്‍ അന്യാധീനപ്പെട്ടുവെന്ന് കണ്ടെത്തി. ഇതില്‍ ഏറ്റവും കൂടുതല്‍ മുനമ്ബത്താണ്. 407 ഏക്കറില്‍ 188 ഏക്കർ ഇവിടെ വില്പന നടത്തിയെന്നായിരുന്നു റിപ്പോർട്ട്. 2010ല്‍ സർക്കാർ തുടർനടപടികള്‍ക്ക് നിർദ്ദേശിച്ചു. എന്നാല്‍ പിന്നീട് ഉമ്മൻ ചാണ്ടി സർക്കാർ ഈ നീക്കങ്ങള്‍ മരവിപ്പിച്ചു. 2019 ല്‍ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഈ വസ്തുവകകള്‍ വഖഫ് ബോർഡില്‍ രജിസ്റ്റർ ചെയ്തതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതോടെ താമസക്കാർക്ക് കരമടയ്ക്കാൻ പറ്റാതായി. പോക്കുവരവു നടപടികളും മുടങ്ങി. കുറച്ചു വർഷങ്ങളായി നീറിനിന്നിരുന്ന പ്രശ്നമാണ് ഇപ്പോള്‍ ആളിക്കത്തുന്നത്.
രാഷ്ട്രീയം
മുനമ്പത്തെ വഖഫ് ഭൂമി പ്രശ്നത്തില്‍ കേരളത്തിലെ ഭരണ പ്രതിപക്ഷങ്ങള്‍ ഒരു പോലെ വെട്ടിലാണ്. കാരണം കേന്ദ്രം കൊണ്ടുവരുന്ന വഖഫ് നിയമഭേദഗതി ബില്ലിനെതിരേ നിയമസഭയില്‍ ഒറ്റക്കെട്ടായി നിയമം പാസാക്കിയവരാണിവർ. രമ്യമായി പരിഹരിക്കണമെന്ന മുസ്ലീം സംഘടനകളുടെ നിലപാട് ഇരുകൂട്ടർക്കും ആശ്വാസമായിട്ടുണ്ട്. ഇതേ അഭിപ്രായമാണ് സി.പി.എമ്മും കോണ്‍ഗ്രസും പങ്കുവയ്ക്കുന്നത്. സമരക്കാർക്ക് പിൻതുണയുമായി ബി.ജെ.പി.ശക്തമായി നിലകൊള്ളുന്നുണ്ട്. സമരപ്പന്തലിലെത്തിയ മറ്റ് നേതാക്കളെ വൈദികരടങ്ങുന്ന സമരമുന്നണി നിറുത്തിയങ്ങ് അപമാനിക്കുകയും ചെയ്തു. രാജ്യ തലസ്ഥാനമായ ഡല്‍ഹിയടക്കം പലയിടത്തും വഖഫ് ഭൂമിപ്രശ്നമുണ്ട്. ഇത് ചൊറിഞ്ഞു ചൊറിഞ്ഞ് വ്രണമായി ഒടുവില്‍ വഖഫ് ഭേദഗതി ബില്ലിന് പിൻതുണയേറുമെന്നുമാണ് ലീഗടക്കം ഭയക്കുന്നത്. അതേസമയം എസ്.ഡി.പി.ഐ പോലുള്ള സംഘടനകള്‍ മുനമ്പം ഭൂമി തിരിച്ചു പിടിക്കണമെന്ന തീവ്രനിലപാടിലാണ്. വിഷയം കൈവിട്ടു പോകുമെന്ന ഘട്ടത്തിലാണ് മുഖ്യമന്ത്രി 28ന് ഉന്നതതല യോഗം വിളിച്ചിരിക്കുന്നത്. സർവകക്ഷി യോഗം വിളിക്കണമെന്ന പ്രതിപക്ഷ ആവശ്യവും നിലനില്‍ക്കുകയാണ്. വഖഫ് ബോർഡ് ഇതിനിടെ നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. മുനമ്പം ഭൂപ്രശ്നം നിയമപരമായി പരിഹരിക്കുമെന്നാണ് ചെയർമാൻ പറഞ്ഞത്. ആരെയും പെട്ടെന്ന് കുടിയൊഴിപ്പിക്കില്ലെന്നു മാത്രമാണ് അദ്ദേഹം നല്കുന്ന ഉറപ്പ്. കേന്ദ്ര നിയമമാണ് മാനദണ്ഡമെന്നും വ്യക്തമാക്കി.
നിയമപ്രശ്നങ്ങള്‍
നിലവിലുള്ള വഖഫ് നിയമത്തിലെ വ്യവസ്ഥകള്‍ ശക്തമാണ്. തർക്കങ്ങള്‍ വഖഫ് ബോർഡിനും വഖഫ് ട്രൈബ്യൂണലിനും മുന്നിലാണെത്തേണ്ടത്. സിവില്‍ കോടതികള്‍ക്ക് ഈ വിഷയത്തിലുള്ള അധികാരം പരിമിതമാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്രം ഭേദഗതിക്ക് ശ്രമിക്കുന്നത്. എന്നാല്‍ ബില്‍ പാസായാലും മുനമ്പം പ്രശ്നമടക്കം പരിഹരിക്കും വിധം അതിന് മുൻകാല പ്രാബല്യമുണ്ടാകില്ലെന്നതാണ് നിഗമനം. ഈ സാഹചര്യത്തില്‍ ഹൈക്കോടതിയില്‍ എത്തിയ ഒരു ഹർജി ശ്രദ്ധേയമാണ്. മുനമ്പം തന്നെയാണ് വിഷയം. എന്നാല്‍ ഹർജിയില്‍ ഭൂമി വിഷയം നേരിട്ട് ഉന്നയിക്കുകയല്ല ചെയ്തിരുക്കുന്നത്. പകരം വഖഫ് നിയമത്തിലെ ചില വ്യവസ്ഥകളുടെ ഭരണഘടനാ സാധുതയാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. ഏതു വസ്തുവകകളും വഖഫില്‍ രജിസ്റ്റർ ചെയ്യാവുന്നവിധം അനിയന്ത്രിത അധികാരങ്ങളായെന്ന് ഹർജിയില്‍ പറയുന്നു. ട്രസ്റ്റുകള്‍ക്കോ മഠങ്ങള്‍ക്കോ ഇല്ലാത്ത അധികാരമാണിത്. പരാതികള്‍ കൃത്യമായി പരിശോധിക്കുന്നതിനും നിയമത്തില്‍ വ്യവസ്ഥയില്ല. അനിസ്ലാമിക സമൂഹത്തിന് വഖഫ് നിയമം യാതൊരു സംരക്ഷണവും നല്‍കുന്നില്ല. അതിനാല്‍ നിയമത്തിലെ 4,5,36,40 വകുപ്പുകള്‍ റദ്ദാക്കണമെന്നും ഹർജിക്കാരുടെ സ്വത്തുക്കള്‍ വഖഫില്‍ രജിസ്റ്റർ ചെയ്ത നടപടി സ്റ്റേ ചെയ്യണമെന്നുമാണ് ആവശ്യം. ഹർജി പരിഗണിച്ച ഡിവിഷൻ ബെഞ്ച് എതിർകക്ഷികള്‍ക്ക് നോട്ടീസയച്ചിരുന്നു. അടുത്ത ദിവസം വാദം കേള്‍ക്കും. എന്നാല്‍ സങ്കീർണമായ നിയമ പ്രശ്നങ്ങളില്‍ വ്യവഹാരങ്ങള്‍ നീണ്ടുനീണ്ടു പോകും.അടിയന്തര പരിഹാരമാണ് മുനമ്പം തേടുന്നത്. തർക്കഭൂമി സർക്കാർ ഏറ്റെടുത്ത് പുനർ വിതരണം നടത്തണമെന്ന് അഭിപ്രായമുണ്ട്. വഖഫ് ബോർഡിനോ സ്ഥലമുടമകള്ക്കോ നഷ്ടപരിഹാരം നല്കി പകരം ഭൂമി കണ്ടെത്തണമെന്ന് അഭിപ്രായമുണ്ട്. എന്നാല്‍ വഖഫ് ഭൂമി അല്ലാഹുവില്‍ നിക്ഷിപ്തമായതിനാല്‍ തിരിച്ചെടുക്കുക അസാദ്ധ്യമാണ്. അതാണ് നിലവിലെ നിയമം. ഭേദഗതി നിർദ്ദേശങ്ങള്‍ പാർലമെന്റ് കടക്കാതെ ത്രിശങ്കുവിലാണ്. അതിനെ കേരളത്തിലെ ഭരണപ്രതിപക്ഷങ്ങള്‍ എതിർക്കുകയാണ്. മുനമ്ബത്ത് ബി.ജെ.പി സ്കോർ ചെയ്യുകയാണ്. അതിനാല്‍ ഇലയ്ക്കും മുള്ളിനും കേടില്ലാതെ തത്ക്കാലം കണ്ണടയ്ക്കുകയാണ് സർക്കാരിന് മുന്നിലുള്ള ഏക പോംവഴി. കാര്യങ്ങള്‍ പരിശോധിക്കാൻ ഒരു സമിതിയെ വച്ച് സമയം തളളി നീക്കുകയുമാകാം.