ട്രംപാധിപത്യം, 127 വര്‍ഷത്തിനുശേഷം ചരിത്രം ആവര്‍ത്തിച്ചു;

വാഷിംഗ്ടണ്‍ : അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ചരിത്രം കുറിക്കുന്ന അതിഗംഭീര തിരിച്ചു വരവില്‍ റിപ്പബ്ലിക്കൻ നേതാവ് ഡൊണാള്‍ഡ് ട്രംപ് സർവാധിപത്യത്തോടെ വീണ്ടും വൈറ്റ്ഹൗസിലേക്ക്.ഔദ്യോഗിക ഫലപ്രഖ്യാപനം 2025 ജനുവരി ആറിനാണ്. ജനുവരി 20ന് അധികാരമേല്‍ക്കും.47ാം പ്രസിഡന്റാണ് ട്രംപ്.പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ ലോക നേതാക്കള്‍ അഭിനന്ദിച്ചു. പോപ്പുലർ വോട്ടിലും ഇലക്ടറല്‍ കോളേജിലും ഭൂരിപക്ഷം നേടിയാണ് വിജയം. ഡെമോക്രാറ്റ് ആധിപത്യമുണ്ടായിരുന്ന ഉപരിസഭയായ സെനറ്റിലേക്കും പ്രതിനിധി സഭയിലേക്കും നടന്ന വോട്ടെടുപ്പിലും റിപ്പബ്ലിക്കൻ പാർട്ടി ഭൂരിപക്ഷം നേടി. ഇതോടെ അമേരിക്കയില്‍ അടുത്ത നാല് വർഷം ഡൊണാള്‍‌ഡ് ട്രംപ് എന്ന കരുത്തന്റെ സർവാധിപത്യത്തിന്റെ യുഗമാണ്.അമേരിക്കയുടെ ആദ്യ വനിതാ പ്രസിഡന്റ് എന്ന ചരിത്രനേട്ടം കുറിക്കുമെന്ന് കരുതിയ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയും വൈസ്‌ പ്രസിഡന്റുമായ കമല ഹാരിസ് കടുത്ത മത്സരത്തിലാണ് ട്രംപിനോട് പരാജയപ്പെട്ടത്.127 വർഷത്തിനു ശേഷം ചരിത്രം ആവർത്തിച്ചു.യു.എസ് പ്രസിഡന്റായിരിക്കെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട വ്യക്തി അടുത്ത തവണ വിജയിച്ച്‌ വീണ്ടും പ്രസിഡന്റാവുന്നത് 127 വർഷത്തിനുശേഷം. 1893ല്‍ ഗ്രോവർ ക്ലീവ്‌ലാൻഡ് ഈ നേട്ടം കൈവരിച്ചിട്ടുണ്ട്.1885 -1889ലാണ് ക്ലീവ്‌ലാൻഡ് ആദ്യം പ്രസിഡന്റായത്. 1889ല്‍ തോറ്റു. 1893ല്‍ ജയിച്ച്‌ വീണ്ടും പ്രസിഡന്റായി.
റെക്കാഡുകള്‍ പലതുണ്ട് ട്രംപിന്; പഴിയും

അമേരിക്കയില്‍ അധികാരമേല്‍ക്കുന്ന ഏറ്റവും പ്രായമുള്ള (78) പ്രസിഡന്റ്

20 വർഷത്തിനിടെ ഇലക്ടറല്‍ വോട്ടും പോപ്പുലർവോട്ടും നേടി പ്രസിഡന്റാവുന്ന ആദ്യ റിപ്പബ്ലിക്കൻ.

കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെട്ട ആദ്യ പ്രസിഡന്റ്. നാല് ക്രിമിനല്‍ കേസുകള്‍ വേറെയും.

2020ലെ പരാജയം അംഗീകരിക്കാതെ കാപ്പിറ്റോള്‍ മന്ദിരം ആക്രമിക്കാൻ ജനക്കൂട്ടത്തെ പ്രേരിപ്പിച്ചെന്ന് കേസ്.

ബൈഡന്റെ വിജയം അട്ടിമറിക്കാൻ ശ്രമിച്ചു. രണ്ട് ഇംപീച്ച്‌മെന്റ്. സ്വന്തം പേരില്‍ വോഡ്ക, ഗെയിം.

ചാഞ്ചാട്ടം പിടിച്ചു കെട്ടി

നിർണായകമായ ഏഴ് ചാഞ്ചാട്ട സംസ്ഥാനങ്ങളിലും (സ്വിങ് സ്റ്റേറ്റ്സ് ) ട്രംപ് ഭൂരിപക്ഷം നേടി. ഇവിടങ്ങളിലെ 93 ഇലക്ടറല്‍ വോട്ടും കിട്ടി. കഴിഞ്ഞ തവണ ആറ് സ്വിംങ് സ്റ്റേറ്റുകളും വിജയിച്ച ഡെമോക്രാറ്റിക് പാർട്ടിക്ക് ഇത് മാരകപ്രഹരമായി.

ആകെ ഇലക്ടറല്‍ വോട്ട് …..538

ജയിക്കാൻ……………………… 270

ഡൊണാള്‍ഡ് ട്രംപ് …………279

കമല ഹാരിസ് ………………… 224

ജയിപ്പിച്ച ഘടകങ്ങള്‍

ട്രംപിന്റെ ഭരണത്തില്‍ സമ്ബദ്‌ വ്യവസ്ഥ മെച്ചമായിരുന്നു

ബൈഡന്റെ കാലത്ത് കുടിയേറ്റം വർദ്ധിച്ചു

ഇലോണ്‍ മസ്‌കിന്റെ പിന്തുണ. എക്സിലൂടെ പ്രചാരണം

രണ്ട് വധശ്രമങ്ങള്‍ ജനപിന്തുണ കൂട്ടി

കോടീശ്വരന്റെ പ്രതിഛായ മറച്ച പബ്ലിസിറ്റി തന്ത്രങ്ങള്‍.

മോദിയുടെ ചായ്‌വാല പ്രചാരണം പ്രചോദനം

പാവങ്ങളുടെ ചാമ്ബ്യനായി പ്രതിഷ്ഠിച്ചു

മക്ഡോണാള്‍ഡില്‍ ഭക്ഷണം വിളമ്ബി

മാലിന്യ ട്രക്കിന്റെ ഡ്രൈവറായി

ദൈവം എന്നെ ബാക്കിവച്ചത് ചില നല്ല കാരണങ്ങള്‍ക്കാണ്. അമേരിക്കയെ രക്ഷിച്ച്‌ വീണ്ടും മഹത്തരമാക്കാനാണത്.

–ട്രംപ് വിജയ പ്രസംഗത്തില്‍

Sharing

Leave your comment

Your email address will not be published. Required fields are marked *