യു.പിക്കെതിരെ ലീഡ് നേടി കേരളം; അപൂര്‍വ്വ റെക്കോഡുമായി ജലജ് സക്‌സേന
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഉത്തർപ്രദേശിനെതിരെ കേരളം നിർണായകമായ ഒന്നാം ഇന്നിങ്സ് ലീഡ് നേടി.ആദ്യ ഇന്നിങ്സില്‍ ഉത്തർപ്രദേശിനെ 162 റണ്‍സില്‍ ഒതുക്കി നിർത്തിയ കേരളം. രണ്ടാംദിവസം കളിയാരംഭിച്ചപ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ യു.പി സ്കോർ ഇതിനകം മറികടന്നു. ആദ്യദിനം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 82 റണ്‍സ് എന്ന നിലയിലായിരുന്നു കളി അവസാനിപ്പിച്ചത്. ക്യാപ്റ്റൻ സച്ചിൻ ബേബിയും(40) അക്ഷയ് ചന്ദ്രനുമാണ്(20) ക്രീസിലുള്ളത്.ഓപ്പണർമാരായ വത്സല്‍ ഗോവിന്ദ് 23 റണ്‍സും രോഹൻ കുന്നുമല്‍ 28 റണ്‍സും നേടി. ബാബ അപരാജിത് 32 റണ്‍സിന് പുറത്തായി. 14 റണ്‍സ് മാത്രമേ ആദിത്യ സർവാതെയ്ക്ക് നേടാൻ കഴിഞ്ഞുള്ളൂ.ഉത്തർപ്രദേശിനുവേണ്ടി ആഖ്വിബ് ഖാനും ശിവം ശർമയും രണ്ടുവിക്കറ്റുവീതം വീഴ്ത്തി. 60.2 ഓവറിലാണ് ഉത്തർപ്രദേശ് 162 റണ്‍സിന് ആള്‍ഔട്ടായത്.നേരത്തെ, ടോസ് നേടിയ കേരള ക്യാപ്റ്റൻ സച്ചിൻ ബേബി ഉത്തർപ്രദേശിനെ ബാറ്റിങ്ങിന് അയച്ചു. ഈ തീരുമാനം ശരിവെക്കുന്നതായിരുന്നു ബോളർമാരുടെ പ്രകടനം. ജലജ് സക്സേന അഞ്ചുവിക്കറ്റും ബേസില്‍ തമ്ബി രണ്ടുവിക്കറ്റും സർവാതെ, ആസിഫ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.അപൂർവ നേട്ടവുമായി ജലജ് സക്സേന.ഉത്തർപ്രദേശിനെതിരായ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ജലജ് സക്സേനയുടെ പേരില്‍ രഞ്ജി ട്രോഫിയിലെ അപൂർവ റെക്കോർഡ്. രഞ്ജി ട്രോഫിയില്‍ 6000 റണ്‍സും 400 വിക്കറ്റും നേടുന്ന ആദ്യ താരമായിരിക്കുകയാണ് കേരള താരം ജലജ് സക്സേന. ഉത്തർപ്രദേശിനെതിരായ മത്സരത്തില്‍ മൂന്നാം വിക്കറ്റ് നേടിയതോടെയാണ് സക്സേന ഈ നേട്ടം സ്വന്തമാക്കിയത്.162 റണ്‍സിന് യു.പി. ഓള്‍ ഔട്ടായ ആദ്യ ഇന്നിങ്സില്‍ ആകെ അഞ്ചു വിക്കറ്റുകളാണ് ജലജ് സക്സേന നേടിയത്. ആര്യൻ, ജുയാല്‍, മാധവ് കൗശിക്, നിതീഷ് റാണ, സിദ്ധാർഥ് യാദവ്, പിയൂഷ് ചൗള എന്നിവരെയാണ് സക്സേന പുറത്താക്കിയത്. ഇതില്‍ നിതീഷ് റാണയുടെ വിക്കറ്റാണ് റെക്കോഡില്‍ എത്തിച്ചത്.17 ഓവറില്‍ 56 റണ്‍സ് വിട്ടുനല്‍കിയാണ് അഞ്ചുവിക്കറ്റ് നേടിയത്. രഞ്ജി ട്രോഫിയില്‍ 400 വിക്കറ്റ് നേടുന്ന 13-ാമത്തെ ബോളറാണ് സക്സേന. കർണാടകയ്ക്കെതിരായ മാച്ചില്‍ രഞ്ജിയിലെ 6000 റണ്‍സ് തികച്ചിരുന്നു.മധ്യപ്രദേശിനുവേണ്ടി കളിച്ചുകൊണ്ടാണ് ജലജ് സക്സേന ആഭ്യന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. 2005-ല്‍ മധ്യപ്രദേശ് ടീമിന്റെ ഭാഗമായ സക്സേന 2016-ല്‍ ടീം വിട്ടു. ഇതിന് ശേഷം കേരളത്തിന്റെ വിശ്വസ്ത ഓള്‍റൗണ്ടറായി തുടരുന്നു. മുംബൈ ഇന്ത്യൻ, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു, ഡല്‍ഹി ക്യാപിറ്റല്‍സ്, പഞ്ചാബ് കിങ്സ് ഐ.പി.എല്‍. ടീമുകളുടെ ഭാഗമായ സക്സേന 2021-ല്‍ ആകെ ഒരു മാച്ച് മാത്രമാണ് കളിച്ചത്.