ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് നല്‍കിയത് പുഴുവരിച്ച അരി; ഭക്ഷ്യ കിറ്റ് വിതരണം ചെയ്തത് മേപ്പാടി പഞ്ചായത്ത്, പ്രതിഷേധം ശക്തം
വയനാട്: മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതർക്ക് ഭക്ഷണത്തിനായി നല്‍കിയത് പുഴുവരിച്ച അരി. മേപ്പാടി പഞ്ചായത്തില്‍ നിന്ന് വിതരണം ചെയ്ത ഭക്ഷ്യക്കിറ്റിലാണ് ഭക്ഷ്യയോഗ്യമല്ലാത്ത പുഴുവരിച്ച അരി ലഭിച്ചത്.സംഭവത്തില്‍ മേപ്പാടി പഞ്ചായത്ത് ഓഫീസില്‍ ദുരിതബാധിതർ പ്രതിഷേധവുമായി രംഗത്തെത്തി.സന്നദ്ധസംഘടനകളും റവന്യൂ വകുപ്പും നല്കിയ കിറ്റുകളാണ് ദുരന്തബാധിതർക്ക് നല്‍കിയതെന്നാണ് പഞ്ചായത്തിന്റെ വാദം. പുഴുവരിച്ച അരിയും മൈദയും ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളാണ് കിറ്റില്‍ ഉണ്ടായിരുന്നത്. ഇവ കളയാതെ വീട്ടിലെ മൃഗങ്ങള്‍ക്ക് നല്‍കാമെന്ന് നോക്കിയാല്‍ അതിന് പോലും സാധ്യമല്ലെന്ന് ഭക്ഷ്യവസ്തുക്കള്‍ ലഭിച്ചവർ പറയുന്നു. പുഴുവരിച്ചതും കട്ടപിടിച്ചതുമായ അരി, മാവ്, റവ എന്നിവയാണ് ഇവർക്ക് ലഭിച്ചത്.പഞ്ചായത്തിനുള്ളിലേക്ക് ഇരച്ചുകയറിയ പ്രതിഷേധക്കാർ ഇരിപ്പിടങ്ങള്‍ മറിച്ചിടുകയും പഞ്ചായത്ത് പ്രസിഡന്റിന്റെ മുറിയില്‍ കയറി പ്രതിഷേധിക്കുകയും ചെയ്തു. ഇതോടെ പോലീസുമായി സംഘർഷവുമുണ്ടായി. ദുരന്തബാധിതർക്ക് വിതരണം ചെയ്ത അരി ഓഫിസിന്റെ ഉള്ളില്‍ നിലത്തിട്ട് പ്രതിഷേധിച്ചു.