കൊല്ലം കലക്ടറേറ്റ് ബോംബ് സ്ഫോടന കേസ്; മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം
കൊല്ലം: കലക്ടറേറ്റ് ബോംബ് സ്ഫോടന കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് പ്രതികളെയും ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചു.നിരോധിത സംഘടനയായ ബേസ് മൂവ്മെന്‍റിന്‍റെ പ്രവർത്തകരായ തമിഴ്നാട് മധുര സ്വദേശികള്‍ അബ്ബാസ് അലി (31), ഷംസൂണ്‍ കരീംരാജ (33), ദാവൂദ് സുലൈമാൻ (27) എന്നിവരെയാണ് ശിക്ഷിച്ചത്. പ്രതികള്‍ 30,000 രൂപ വീതം പിഴയും അടക്കണം. ഐ.പി.സി 307, 324, 427, 120 ബി, സ്ഫോടക വസ്തു നിയമം, പൊതുമുതല്‍ നശീകരണ തടയല്‍ നിയമം, യു.എ.പി.എ 16ബി, 18, 20 എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ മൂന്ന് പ്രതികളും ചെയ്തതായി കോടതി കണ്ടെത്തിയിരുന്നു. കൊല്ലം ജില്ലാ പ്രിൻസിപ്പല്‍ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. കേസില്‍ നാലാം പ്രതി ഷംസുദ്ദീനെ കോടതി വെറുതെ വിട്ടിരുന്നു. അഞ്ചാംപ്രതി മുഹമ്മദ് അയൂബിനെ മാപ്പുസാക്ഷിയാക്കിയിരുന്നു.2016 ജൂണ്‍ 15നായിരുന്നു കലക്ടറേറ്റ് വളപ്പിലുണ്ടായിരുന്ന തൊഴില്‍ വകുപ്പിന്റെ ഉപയോഗശൂന്യമായ ജീപ്പില്‍ പ്രതികള്‍ ബോംബ് വെച്ചത്. സംഭവത്തിന് ഒരാഴ്ച മുമ്ബ് കരിംരാജ എത്തി കലക്ടറേറ്റിന്റെയും കോടതിയുടെയും ചിത്രങ്ങളും വിഡിയോകളും പകർത്തിയിരുന്നു. സ്ഫോടനം നടന്ന ദിവസം രാവിലെ തെങ്കാശിയില്‍നിന്ന് കെ.എസ്.ആർ.ടി.സി ബസില്‍ കരിംരാജ ബോംബുമായി കൊല്ലത്തെത്തി. ഇയാള്‍ തനിച്ചാണ് ജീപ്പില്‍ ബോംബ് വെച്ചതെന്നാണ് പൊലീസ് റിപ്പോർട്ട്. കേരള പൊലീസ് വ്യാപക തെരച്ചില്‍ നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ആന്ധ്രയിലെ സ്ഫോടനക്കേസ് അന്വേഷണത്തിനിടെ എൻ.ഐ.എ സംഘം പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്ഫോടക വസ്തു ജീപ്പില്‍ വെച്ച ശഷം കരിംരാജ തിരികെ ബസ്സ്റ്റാൻഡിലേക്ക് യാത്ര ചെയ്ത ഓട്ടോയുടെ ഡ്രൈവർ, സംഭവത്തില്‍ പരിക്കേറ്റവർ, ഈ സമയം കലക്ടറേറ്റ് വളപ്പിലുണ്ടായിരുന്നവർ, അന്വേഷണ ഉദ്യോഗസ്ഥർ തുടങ്ങിയവരാണ് കേസിലെ സാക്ഷികള്‍.യു.എ.പി.എ വകുപ്പ് പ്രകാരം കുറ്റക്കാരെന്ന് തെളിഞ്ഞ കേസില്‍ പരമാവധി ശിക്ഷയായി ജീവപര്യന്തം നല്‍കണമെന്ന് പ്രോസിക്യൂഷന് വേണ്ടി ഹാജരായ അഡ്വ. ആർ. സേതുനാഥ് വാദിച്ചിരുന്നു. ഇസ്രത് ജഹാനെ കൊലപ്പെടുത്തിയതിലുള്ള പ്രതിഷേധത്തില്‍ കൊല്ലം കോടതി വളപ്പില്‍ 2016 ജൂണ്‍ 15ന് ഉഗ്രസ്ഫോടക ശേഷിയുള്ള ബോംബ് സ്ഥാപിച്ച പ്രതികളുടെ കോടതികള്‍ക്കെതിരെയുള്ള പരാമർശം, ബേസ് മൂവ്മെന്‍റ് സംഘടന അല്‍ ഖ്വയ്ദയുടെ ഭാഗമാണെന്നുള്ള ചിത്രങ്ങള്‍, കൂടുതല്‍ അക്രമങ്ങള്‍ നടക്കും എന്ന് പ്രതികളില്‍ നിന്നും പിടിച്ചെടുത്ത രേഖകളിലെ പരാമർശങ്ങള്‍ എന്നീ തെളിവുകളുടെ അടിസ്ഥാനത്തില്‍ പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. എന്നാല്‍, 307ാം വകുപ്പ് പ്രകാരം മരണകാരണമായ കുറ്റകൃത്യമല്ലാത്തതിനാല്‍ പരമാവധി ശിക്ഷ നല്‍കരുതെന്നും ഏറ്റവും കുറഞ്ഞ ശിക്ഷ നല്‍കണമെന്നും പ്രതിഭാഗത്തിന് വേണ്ടി അഡ്വ. ഷാനവാസ് വാദിച്ചു.വലിയ തോതില്‍ നാശനഷ്ടമോ ആളുകള്‍ക്ക് അത്യാഹിതമോ ഉണ്ടായിട്ടില്ലെന്നത് പരിഗണിക്കണമെന്ന് പ്രതിഭാഗം വാദം ഉന്നയിച്ചപ്പോള്‍ അത്തരത്തില്‍ നാശനഷ്ടത്തിന്‍റെ തോത് വച്ച് ബോംബ് സ്ഫോടനം പോലുള്ള കുറ്റകൃത്യങ്ങള്‍ അളക്കാനാകില്ലെന്ന് ജഡ്ജി വ്യക്തമാക്കിയിരുന്നു.