തെല്‍ അവീവിലെ ഇസ്രായേല്‍ സൈനിക കേന്ദ്രം ആക്രമിച്ച് ഹിസ്ബുല്ല;
തെല്‍ അവീവ്: ഇസ്രായേല്‍ തലസ്ഥാനമായ തെല്‍ അവീവിലെ സൈനിക കേന്ദ്രം ലക്ഷ്യമിട്ട് ഹിസ്ബുല്ലയുടെ ആക്രമണം. ഇതാദ്യമായാണ് ഹിസ്ബുല്ല തെല്‍ അവീവിലെ ഇസ്രായേല്‍ സൈനിക കേന്ദ്രം ആക്രമിക്കുന്നത്.തെക്കൻ തെല്‍ അവീവിലെ ബിലു സൈനിക കേന്ദ്രം ആക്രമിച്ചുവെന്ന് ഹിസ്ബുല്ല അറിയിച്ചു.അതേസമയം, ആക്രമണത്തില്‍ ആള്‍നാശമോ കെട്ടിടങ്ങള്‍ക്ക് കേടുപാടോ സംഭവിച്ചുവെന്നോയെന്ന് വ്യക്തമല്ല. ആക്രമണം സംബന്ധിച്ച് ഇസ്രായേല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. നേരത്തെ ഇസ്രായേലിന് നേരെ നടത്തിയ രണ്ട് ആക്രമണങ്ങളുടെ വിവരങ്ങള്‍ ഹിസ്ബുല്ല പുറത്ത് വിട്ടിരുന്നു. അതിലൊരു ആക്രമണം ഇസ്രായേല്‍ തുറമുഖ നഗരമായ ഹൈഫക്ക് നേരെയായിരുന്നു. മറ്റൊന്ന് തെല്‍ അവീവിന് സമീപത്തെ ഇസ്രായേലിലെ പ്രധാനപ്പെട്ട വിമാനത്താവളത്തിന് നേരെയായിരുന്നു ആക്രമണം. ഇസ്രായേല്‍ വിമാനത്താവളത്തിന്റെ പ്രവർത്തനം ഇതുമൂലം തടസപ്പെട്ടിട്ടില്ലെന്നും അധികൃതർ അറിയിച്ചു.അതേസമയം, കഴിഞ്ഞ ഏതാനം മണിക്കൂറുകളായി ലെബനാനില്‍ ഇസ്രായേല്‍ കനത്ത ആക്രമണം തുടരുകയാണെന്ന് അല്‍ ജസീറ റിപ്പോർട്ട് ചെയ്തു. തലസ്ഥാനമായ ബെയ്റൂത്തിലെ തെക്കൻ പ്രദേശങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണം തുടരുന്നത്. ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ നാല് ആക്രമണങ്ങളെങ്കിലും നടത്തിയെന്നാണ് റിപ്പോർട്ട്.ആക്രമണങ്ങളെ തുടർന്ന് തീപടരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. എന്നാല്‍, ഈ ആക്രമണങ്ങളില്‍ ആർക്കെങ്കിലും ജീവൻ നഷ്ടമായോയെന്നും മറ്റ് നാശനഷ്ടങ്ങള്‍ ഉണ്ടായോയെന്നും വ്യക്തമായിട്ടില്ല.