പാര്‍ട്ടിയും സര്‍ക്കാരും വെട്ടില്‍: കൈയേറ്റം ഒഴിപ്പിക്കും; കരം അടയ്‌ക്കാന്‍ അനുമതി നല്കിയത് ജനങ്ങളെ പറ്റിക്കാന്‍; വഖഫ് മന്ത്രി

കൊച്ചി: മുനമ്പത്തെ ഭൂമി വഖഫിന്റെയാണെന്ന് ലീഗ് നേതാവ് കെപിഎ മജീദ് നിയമസഭയില്‍ പ്രഖ്യാപിച്ചതിനു പിന്നാലെ, അവിടുത്തെ കൈയേറ്റം ഒഴിപ്പിക്കുമെന്ന് സിപിഎം നേതാവും വഖഫ് മന്ത്രിയുമായ വി.അബ്ദുള്‍ റഹ്മാന്‍ നിയമസഭയില്‍ പ്രഖ്യാപിച്ചതും പുറത്ത്. മുനമ്ബത്തേത് കൈയേറ്റമാണെന്നും അവിടുത്തുകാരോട് കരം അടയ്‌ക്കാന്‍ നിര്‍ദേശിച്ചത് വെറും തട്ടിപ്പായിരുന്നുവെന്നുമാണ് നിയമസഭയില്‍ മന്ത്രി പറയുന്നത്.
മന്ത്രി നിയമസഭയില്‍ നല്കിയ മറുപടി: 20.07.2024ന് ചേര്‍ന്ന യോഗത്തില്‍, വഖഫ് ഭൂമി സംരക്ഷിക്കേണ്ട കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ലെന്നും എന്നാല്‍ ഈ ഭൂമി തിരിച്ചു പിടിക്കാന്‍ വളരെയധികം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ളതിനാലും നികുതിയടയ്‌ക്കേണ്ടത് കേവലം ഒരു നടപടി ക്രമം മാത്രം ആയതിനാലും പട്ടയം അവകാശവുമായി അതിന് ഒരു ബന്ധവും ഇല്ലാത്തതിനാലും സര്‍ക്കാരിന് നികുതി ഇനത്തില്‍ ലഭിക്കേണ്ട വരുമാനത്തില്‍ കുറവ് ഉണ്ടാകാതിരിക്കാനും വേണ്ടി താത്ക്കാലികമായി കരം അടയ്‌ക്കാന്‍ അനുവാദം നല്കുകയുണ്ടായി. എന്നാല്‍ ഇതു സംബന്ധിച്ച്‌ സര്‍ക്കാര്‍ ഉത്തരവുകളൊന്നുമില്ല. അന്യാധീനപ്പെട്ട ഭൂമി തിരിച്ചു പിടിക്കാന്‍ കൈയേറ്റക്കാര്‍ക്ക് നോട്ടീസ് നല്കുകയും ഹിയറിങ് പൂര്‍ത്തിയാക്കുന്ന മുറയ്‌ക്ക് കൈയേറ്റം പ്രഥമദൃഷ്ട്യ ബോധ്യപ്പെട്ടാല്‍, കളക്ടര്‍ക്ക് നിര്‍ദേശം നല്കി കൈയേറ്റം ഒഴിപ്പിക്കാനും നടപടി പൂര്‍ത്തിയാക്കുന്നതാണ്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ മാത്രമാണ് കരമടയ്‌ക്കാന്‍ അനുമതി നല്കിയത്. ഇത്തരം നടപടികള്‍ നിരീക്ഷിക്കാന്‍ മന്ത്രി ഉള്‍പ്പെട്ട സമിതിയും നടപടി എടുക്കുന്നുണ്ട്. ഇക്കാര്യങ്ങളില്‍ സര്‍ക്കാര്‍ ഒരു വിട്ടുവീഴ്ചയും ചെയ്യുന്നതല്ല. മുന്‍പ് ഫാറൂഖ് കോളജാണ് ഈ ഭൂമി വിറ്റിട്ടുള്ളത്. ഈ ഭൂമി തിരിച്ചു പിടിക്കുക തന്നെ ചെയ്യും.നിയമസഭയില്‍ ഇത്രയും കര്‍ക്കശമായ നിലപാട് എടുക്കുകയും മുനമ്ബത്തെ ഭൂമി വഖഫ് ബോര്‍ഡിനു വേണ്ടി തിരിച്ചു പിടിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്ത സിപിഎമ്മാണ്, ഇടതു സര്‍ക്കാരാണ് ഇപ്പോള്‍ ഒളിച്ചുകളിക്കുന്നതും ഭൂമി പിടിക്കില്ലെന്ന് പറയുന്നതും. കരം അടയ്‌ക്കുന്‍ അനുമതി നല്കിയതു പോലും നാട്ടുകാരെ പറ്റിക്കാനായിരുന്നുവെന്നും മന്ത്രിയുടെ വാക്കുകള്‍ വ്യക്തമാക്കുന്നു.

Sharing

Leave your comment

Your email address will not be published. Required fields are marked *