‘മൈ ഫ്രണ്ട്! ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍’; ഡോണള്‍ഡ് ട്രംപിനെ അഭിനന്ദിച്ച് നരേന്ദ്ര മോദി
അമേരിക്കയുടെ 47-ാമത് പ്രസിഡന്റ് പദത്തിലേക്ക് ചുവടുവയ്ക്കുന്ന ഡോണള്‍ഡ് ട്രംപിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.ആഗോള സമാധാനത്തിനും സമൃദ്ധിക്കും ഒത്തൊരുമിച്ച് പ്രവർത്തിക്കാമെന്നും നരേന്ദ്ര മോദി എക്സില്‍ കുറിച്ച അഭിനന്ദന സന്ദേശത്തില്‍ പറഞ്ഞു.’ചരിത്ര വിജയത്തില്‍ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ സുഹൃത്തേ… മുൻ കാലയളവിലെ വിജയകരമായ പ്രവർത്തനങ്ങള്‍ പോലെ, ഇന്ത്യയും യുഎസും തമ്മിലുള്ള സമഗ്രമായ തന്ത്രപരമായ പങ്കാളിത്തം കുടുതല്‍ ശക്തിപ്പെടുത്തുന്നതിനും സഹകരണം പുതുക്കാനും ഞാൻ ആഗ്രഹിക്കുന്നു. നമ്മുടെ ജനങ്ങളുടെ ഉന്നമനത്തിനും ആഗോള സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും നമുക്കൊരുമിച്ച് പ്രവർത്തിക്കാം’- നരേന്ദ്ര മോദി കുറിച്ചു.അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ച് റിപ്പബ്ലിക്കന്‍ സ്ഥാനാർത്ഥി ഡൊണാള്‍ഡ് ട്രംപ് മുന്നേറുകയാണ്. 277 ഇലക്ടറല്‍ കോളേജ് വോട്ടുകള്‍ ട്രംപ് ഇതിനകം നേടിക്കഴിഞ്ഞുവെന്ന് അമേരിക്കൻ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 226 വോട്ടുകള്‍ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമലാ ഹാരിസിന് ലഭിച്ചു. യു എസിന്റെ പ്രസിഡന്റ് പദത്തിലെത്താന്‍ 270 വോട്ടുകളാണ് വേണ്ടത്. ട്രംപ് വിജയത്തിലേക്ക് അടുത്തതോടെ പാര്‍ട്ടിയുടെ ചുവന്ന കൊടിയുമായി അനുയായികള്‍ വിജയാഘോഷം തുടങ്ങി. ഇതിനിടെ ജനങ്ങളെ അഭിസംബോധന ചെയ്ത ട്രംപ് നന്ദി പറഞ്ഞു. അധികാരത്തിലെത്തുന്നതോടെ 127 വർഷത്തിനുശേഷം തുടർച്ചയായല്ലാതെ വീണ്ടും യുഎസ് പ്രസിഡന്റാകുന്ന വ്യക്തിയാകും ട്രംപ്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്ബോള്‍ 23 സംസ്ഥാനങ്ങള്‍ ട്രംപിനൊപ്പമാണെന്നും 11 സംസ്ഥാനങ്ങള്‍ മാത്രമേ കമലയ്ക്കൊപ്പമുള്ളൂവെന്നുമാണ് റിപ്പോര്‍ട്ടുകള്‍.പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ നിര്‍ണായകമായി സ്വാധീനിക്കുന്ന സ്വിങ് സീറ്റുകളിലും (പെന്‍സില്‍വാനിയ, അരിസോണ, ജോര്‍ജിയ, മിഷിഗണ്‍, നെവാദ, നോര്‍ത്ത് കരലിന, വിസ്കോന്‍സിന്‍) ട്രംപ് തന്നെയാണ് ലീഡ് ചെയ്യുന്നത്. നെബ്രാസ്കയില്‍നിന്ന് ഡെബ് ഫിഷര്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതോടെ യു എസ് പാര്‍ലമെന്റിന്റെ സെനറ്റിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭൂരിപക്ഷം നേടി. സെനറ്റില്‍ ചുരുങ്ങിയത് 51 സീറ്റുകള്‍ ലഭിച്ചതോടെ സഭയുടെ നിയന്ത്രണം നാലുകൊല്ലത്തിനിടെ ഇതാദ്യമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ലഭിച്ചു. ഇതോടെ പ്രസിഡന്റിന്റെ കാബിനറ്റ്, സുപ്രീം കോടതി ജസ്റ്റിസുമാരുടെ നിയമനം തുടങ്ങിയ വിഷയങ്ങളില്‍ പാര്‍ട്ടിക്ക് നിര്‍ണായക അധികാരവും കൈവന്നു.