പരാതി വ്യാജം; നിവിൻ പോളിക്ക് ക്ലീൻ ചിറ്റ്, പോലീസ് റിപ്പോര്‍ട്ട് നല്‍കി

കോതമംഗലം: സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ നടൻ നിവിൻ പോളിയെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കി.ആരോപണം അന്വേഷിച്ചതിന്റെ അടിസ്ഥാനത്തില്‍, കൃത്യം നടന്ന സമയത്തോ ദിവസമോ നിവിൻ പോളി അവിടെ ഉണ്ടായിരുന്നില്ല എന്ന് തെളിഞ്ഞതിനാല്‍ കേസിലെ ആറാം പ്രതിയായ നിവിൻപോളിയെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയതായി കേസ് അന്വേഷിച്ച ഡിവൈഎസ്പി കോതമംഗലം ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോർട്ട് നല്‍കി. മറ്റ് പ്രതികള്‍ക്കെതിരായ അന്വേഷണം തുടരും.യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നിവിൻ പോളി ഉള്‍പ്പടെ ആറുപേരുടെ പേരിലാണ് ഊന്നുകല്‍ പോലീസ് കേസെടുത്തത്. ദുബായിയില്‍ ജോലി ചെയ്യുന്ന നേര്യമംഗലം സ്വദേശിനിയാണ് പരാതി നല്‍കിയത്. യുവതിയെ ദുബായില്‍ ജോലിക്കുകൊണ്ടുപോയ ശ്രേയ എന്ന യുവതിയാണ് ഒന്നാംപ്രതി. നിവിൻ പോളിയുടെ സുഹൃത്ത് തൃശ്ശൂർ സ്വദേശി സുനില്‍, ബഷീർ, കുട്ടൻ, ബിനു തുടങ്ങിയവരാണ് മറ്റു പ്രതികള്‍.
പരാതി അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കി നിവിൻ പോളി മാധ്യമങ്ങളെ കണ്ടിരുന്നു. മുമ്ബ് ഇതുമായി ബന്ധപ്പെട്ട് യുവതി പരാതി നല്‍കിയിരുന്നുവെന്നും അതിന്റെ അടിസ്ഥാനത്തില്‍ പോലീസ് തന്റെ മൊഴിയെടുത്തിരുന്നുവെന്നും നിവിൻ പോളി അന്ന് വെളിപ്പെടുത്തിയിരുന്നു. കഴമ്ബില്ലെന്ന് കണ്ടെത്തി അന്ന് കേസ് അവസാനിപ്പിച്ചതാണ്. പരാതിക്കുപിന്നില്‍ പണം തട്ടാനുള്ള ശ്രമമാണെന്നാണ് സംശയം. പെണ്‍കുട്ടിയെ തനിക്ക് അറിയില്ല. ഇതിന്റെ പുറകില്‍ പ്രവർത്തിച്ചവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാൻ ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Sharing

Leave your comment

Your email address will not be published. Required fields are marked *