ആട്ട കിലോ 30, അരി 34 രൂപ; ഭാരത് ബ്രാന്‍ഡിന് കീഴില്‍ സബ്‌സിഡി നിരക്കില്‍ വില്‍പ്പന, രണ്ടാം ഘട്ടവുമായി കേന്ദ്രം

ന്യൂഡല്‍ഹി: ഭാരത് ബ്രാന്‍ഡിന് കീഴില്‍ സബ്‌സിഡി നിരക്കില്‍ ഗോതമ്ബ് പൊടിയുടെയും അരിയുടെയും രണ്ടാം ഘട്ട ചില്ലറ വില്‍പ്പന സര്‍ക്കാര്‍ ആരംഭിച്ചു.ഉയര്‍ന്ന വിലയില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് ആശ്വാസം നല്‍കുന്നതിനായാണ് കേന്ദ്രസര്‍ക്കാര്‍ നടപടി.ഗോതമ്പ് പൊടി (ആട്ട) കിലോയ്ക്ക് 30 രൂപയ്ക്കും അരി കിലോ 34 രൂപയ്ക്കുമാണ് വില്‍ക്കുന്നത്. ഒന്നാം ഘട്ട നിരക്കായ യഥാക്രമം 27.5 രൂപ, 29 രൂപയില്‍ നിന്ന് നേരിയ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 5 കിലോ, 10 കിലോ പാക്കറ്റുകളായാണ് വില്‍പ്പന. എന്‍സിസിഎഫ്, നാഫെഡ്, കേന്ദ്രീയ ഭണ്ഡാര്‍ എന്നി സഹകരണ സ്ഥാപനങ്ങളിലൂടെയും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെയുമാണ് വില്‍പ്പന നടക്കുക. ഉപഭോക്താക്കള്‍ക്ക് ആശ്വാസം നല്‍കുന്നതിനുള്ള താല്‍ക്കാലിക ഇടപെടലാണ് ഇതെന്ന് ഭക്ഷ്യമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. സഹകരണ സംഘങ്ങളുടെ മൊബൈല്‍ വാനുകള്‍ ഫ്‌ലാഗ് ഓഫ് ചെയ്ത ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി.ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എഫ്സിഐ)യില്‍ നിന്ന് 369,000 ടണ്‍ ഗോതമ്ബും 291,000 ടണ്‍ അരിയും രണ്ടാം ഘട്ട ചില്ലറ വില്‍പ്പനയ്ക്കായി സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. വില സ്ഥിരതാ ഫണ്ടില്‍ നിന്നാണ് ഇതിനാവശ്യമായ തുക അനുവദിച്ചത്. അനുവദിച്ച സ്റ്റോക്ക് തീരുന്നത് വരെ ഈ ഇടപെടല്‍ തുടരും. കൂടുതല്‍ ആവശ്യമുണ്ടെങ്കില്‍ വീണ്ടും അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. 2023 ഒക്ടോബര്‍ മുതല്‍ 2024 ജൂണ്‍ 30 വരെയുള്ള ഒന്നാം ഘട്ടത്തില്‍ 15.20 ലക്ഷം ടണ്‍ ഗോതമ്ബ് പൊടിയും 14.58 ലക്ഷം ടണ്‍ അരിയുമാണ് വിതരണം ചെയ്തത്

Sharing

Leave your comment

Your email address will not be published. Required fields are marked *