ബംഗ്ലാദേശിലെ ഹിന്ദുമുന്നേറ്റം ചര്‍ച്ചയാക്കി മാധ്യമങ്ങള്‍; ചിന്മയ് കൃഷ്ണദാസിന്റെ ആഹ്വാനത്തില്‍ അമ്പരന്ന് യൂനിസ് ഭരണകൂടം

ഢാക്ക: ചിന്മയ് കൃഷ്ണദാസ് എന്ന യുവസംന്യാസിയുടെ ആഹ്വാനത്തില്‍ വിറച്ച്‌ ബംഗ്ലാദേശിലെ ഇസ്ലാമിക മതമൗലിക വാദ സര്‍ക്കാര്‍.ഇസ്‌കോണ്‍ പൂജാരിയും ബ്രഹ്മചാരിയുമായ ചിന്മയ് കൃഷ്ണദാസിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ ബംഗ്ലാദേശി ഭരണകൂടത്തിനെതിരെ പതിനായിരക്കണക്കിന് ജനങ്ങള്‍ നിരത്തിലിറങ്ങിയത് സര്‍ക്കാരിനെ അമ്ബരപ്പിക്കുകയാണെന്ന് ബംഗ്ലാദേശി മാധ്യമങ്ങള്‍. മുഹമ്മദ് യൂനിസിന്റെ മതമൗലികവാദ സര്‍ക്കാരിനെതിരായ ജനമുന്നേറ്റത്തില്‍ ഷേഖ് ഹസീനയുടെ അനുകൂലികളും പങ്കുചേരുന്നതോടെ അട്ടിമറിയിലൂടെ അധികാരത്തിലേറിയ ഭരണകൂടത്തിന് കാലിടറുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.ദശലക്ഷക്കണക്കിന് ഹിന്ദുക്കളെയാണ് ഉറക്കത്തില്‍നിന്ന് ചിന്മോയ് ഉണര്‍ത്തിയത്. ഹിന്ദുഐക്യനിരയുടെ ശക്തിപ്രകടനമാണ് ഇപ്പോള്‍ ബംഗ്ലാദേശിലാകെ ചര്‍ച്ചയാകുന്നത്. ബംഗ്ലാദേശിലെ ചന്ദ്ഗാവ് ഇസ്‌കോണ്‍ ക്ഷേത്രത്തിലെ പൂജാരിയാണ് ചിന്മയ് കൃഷ്ണ ദാസ്. ബംഗ്ലാദേശ് പതാകയോടൊപ്പം കാവി പതാക ഉയര്‍ത്തി വീശിയെന്ന് ആരോപിച്ചാണ് ചിന്മയ്‌ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തത്. ഖാലിദ സിയയുടെ പാര്‍ട്ടിയായ ബിഎന്‍പി നേതാവാണ് കേസ് ഫയല്‍ ചെയ്തത്. ചിന്മയ് കൃഷ്ണ ദാസിനും 19 ഹിന്ദുനേതാക്കള്‍ക്കുമെതിരെയാണ് കേസെടുത്തത്. ജീവപര്യന്തം മുതല്‍ വധശിക്ഷ വരെ ലഭിക്കാവുന്ന വകുപ്പുകളാണ് ബംഗ്ലാ നിയമപ്രകാരം ഇവര്‍ക്കെതിരെ ചുമത്തിയത്.എന്നാല്‍ ചിന്മയ് കൃഷ്ണദാസിനെതിരെ കേസെടുത്തതോടെ ഹിന്ദുസമൂഹം ഒറ്റക്കെട്ടായി തെരുവിലിറങ്ങി. ജയ് ശ്രീറാം, ഹര്‍ഹര്‍ മഹാദേവ് വിളികളുമായി അവര്‍ ചതോഗ്രാമിലെയും ഢാക്കയിലെയും നിരത്തുകള്‍ സ്തംഭിപ്പിച്ചു. കാവിയണിഞ്ഞാണ് കുട്ടികളും സ്ത്രീകളുമടങ്ങുന്ന ബംഗ്ലാദേശി ജനത പ്രക്ഷോഭത്തിനിറങ്ങിയതെന്നത് ഭരണകൂടത്തെ വിറളി പിടിപ്പിച്ചിരിക്കുകയാണെന്ന് മാധ്യമങ്ങള്‍ പറയുന്നു.ചിറ്റഗോങ്ങില്‍ ഒക്‌ടോബര്‍ 17ന് ചേര്‍ന്ന മഹാസമ്മേളനത്തിലാണ് ബംഗ്ലാ പതാകയ്‌ക്കൊപ്പം കാവിക്കൊടി വീശി ചിന്മയ് കൃഷ്ണദാസ് ജനങ്ങളെ അഭിവാദ്യം ചെയ്തത്. 1971ലെ അവസ്ഥ ഉണ്ടാകാതിരിക്കാന്‍ സംഘടിക്കുകയല്ലാതെ വഴിയില്ലെന്നും ഒരുമിച്ച്‌ നിന്നാല്‍ പിറന്ന നാട്ടിലുറച്ചുനില്‍ക്കാന്‍ കഴിയുമെന്നും ചിന്മയ് കൃഷ്ണദാസ് ജനങ്ങളെ ആഹ്വാനം ചെയ്തു.
ആഗസ്ത് അഞ്ചിന് ഷെയ്ഖ് ഹസീനയെ അട്ടിമറിക്കുകയും തുടര്‍ന്ന് ഹിന്ദുക്കള്‍ക്കെതിരെ ആക്രമണങ്ങള്‍ അരങ്ങേറുകയും ചെയ്തതു മുതല്‍ ചിന്മയ് കൃഷ്ണ ദാസ് രംഗത്തുണ്ട്. സംന്യാസിമാരെ സംഘടിപ്പിച്ചായിരുന്നു തുടക്കം. തുടര്‍ന്ന് ഢാക്കയില്‍ മത പാര്‍ലമെന്റ് സംഘടിപ്പിക്കുകയും ബംഗ്ലാദേശ് സനാതന്‍ ജാഗരണ്‍ മഞ്ച് ആരംഭിക്കുകയും ചെയ്താണ് പോരാട്ടം പ്രഖ്യാപിച്ചത്.

Sharing

Leave your comment

Your email address will not be published. Required fields are marked *