വിപ്ലവ ഗാര്‍ഡിനു പുറമെ ആര്‍ടെഷും ഇറങ്ങും; ഇസ്രായേലിനെതിരെ അതിശക്തവും സങ്കീര്‍ണവുമായ ആക്രമണം’-അറബ് രാജ്യങ്ങളോട് ഇറാന്‍

തെഹ്‌റാൻ: കൂടുതല്‍ കരുത്തേറിയ ആയുധങ്ങളുമായി അതിശക്തവും സങ്കീർണവുമായ ആക്രമണത്തിനാണ് തങ്ങള്‍ ഒരുങ്ങുന്നതെന്ന് അറബ് രാജ്യങ്ങള്‍ക്കു സൂചന നല്‍കി ഇറാൻ.മിസൈലുകളും ഡ്രോണുകളും മാത്രമായിരിക്കില്ല ഇത്തവണ ഉപയോഗിക്കുകയെന്നാണു വെളിപ്പെടുത്തല്‍. ഇറാൻ-അറബ് വൃത്തങ്ങളെ ഉദ്ധരിച്ച്‌ ‘ദി വാള്‍സ്ട്രീറ്റ് ജേണല്‍’ ആണ് വാർത്ത പുറത്തുവിട്ടത്.ഒക്ടോബർ 26ലെ ഇസ്രായേല്‍ ആക്രമണത്തിനു തിരിച്ചടിയായാണ് ഇറാൻ ആക്രമണത്തിനൊരുങ്ങുന്നത്. ഇറാൻ വിപ്ലവ ഗാർഡ് മാത്രമാകില്ല, തങ്ങളുടെ പരമ്ബരാഗത സേനയും പ്രത്യാക്രമണത്തില്‍ പങ്കെടുക്കുമെന്നാണ് അറബ് നയതന്ത്ര പ്രതിനിധികളെ ഇറാൻ അറിയിച്ചത്. അതിർത്തിരക്ഷാ ചുമതല ഉള്‍പ്പെടെ വഹിക്കുന്ന ആർടെഷ്(ഇസ്‌ലാമിക് റിപബ്ലിക് ഓഫ് ഇറാൻ ആർമി) സേനയെയും കളത്തിലിറക്കുമെന്നാണു സൂചന.’സങ്കീർണവും ശക്തവു’മായ ആക്രമണമായിരിക്കുമെന്നാണ് ഇറാൻ മുന്നറിയിപ്പ് നല്‍കിയതെന്നാണ് ഈജിപ്ത് വൃത്തം വെളിപ്പെടുത്തിയത്. ഇസ്രായേല്‍ ആക്രമണത്തില്‍ നാല് സൈനികരും ഒരു സിവിലിയനും കൊല്ലപ്പെട്ടിരുന്നു. ഇതാണ് ഇറാൻ കൂടുതല്‍ ശക്തമായ തിരിച്ചടിക്കു ന്യായമായി പറയുന്നത്. ഞങ്ങളുടെ മനുഷ്യർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്. അതിനാല്‍ തിരിച്ചടിയില്ലാതെ പറ്റില്ലെന്നാണ് ഇറാൻ അറിയിച്ചത്.ഏപ്രില്‍ 13നും ഒക്ടോബർ ഒന്നിനും ഇറാൻ ഇസ്രായേലിനെ ആക്രമിച്ചത് പ്രധാനമായും മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചായിരുന്നു. എന്നാല്‍, ഇഇത്തവണ ആക്രമണം അതില്‍ ഒതുങ്ങില്ലെന്നാണു മുന്നറിയിപ്പ്. മിസൈലുകളും ഇതുവരെ ഉപയോഗിച്ചതിനെക്കാളും കരുത്തേറിയതാകും. മധ്യദൂര ബാലിസ്റ്റിക് മിസൈലുകളായ ഇമാദും ഖദറുമായിരുന്നു ഒക്ടോബർ ഒന്നിന് ഉപയോഗിച്ചത്. ഇതോടൊപ്പം പുതിയ മിസൈലുകളായ ഖൈബർ ഷെകാനും ഫത്തഹും ഇസ്രായേലിലെത്തിയിരുന്നു.ഇതോടൊപ്പം, യുഎസ് പ്രസിഡന്റിനു മുൻപ് ആക്രമണമുണ്ടാകില്ലെന്നും സൂചനയുണ്ട്. ആക്രമണം തെരഞ്ഞെടുപ്പില്‍ സ്വാധീനിക്കുന്ന സാഹചര്യമുണ്ടാകരുതെന്നാണ് ഇറാന്റെ നിലപാടെന്ന് ‘വാള്‍സ്ട്രീറ്റ്’ റിപ്പോർട്ടില്‍ സൂചിപ്പിക്കുന്നു. ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് സമാപിച്ച ശേഷമേ എന്തായാലും ആക്രമണമുണ്ടാകൂ. എന്നാല്‍, ജനുവരിയില്‍ പുതിയ പ്രസിഡന്റ് അധികാരമേല്‍ക്കുന്നതു വരെ കാത്തിരിക്കുകയുമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Sharing

Leave your comment

Your email address will not be published. Required fields are marked *