ഒളിച്ചിരിക്കുന്ന ലഷ്‌കര്‍ ഭീകരനെ വധിക്കാൻ ബിസ്‌കറ്റ് ‘ആയുധ’മാക്കി സൈന്യം;
ശ്രീനഗർ: ജമ്മു കശ്മീരില്‍ ലഷ്കർ-ഇ-ത്വയിബ ഉന്നതകമാൻഡറെ വധിക്കാൻ ഇന്ത്യൻ സൈന്യത്തെ സഹായിച്ചത് ബിസ്കറ്റ്. പാകിസ്താനില്‍ നിന്നുള്ള ലഷ്കർ ഭീകരനായ ഉസ്മാനെ വധിക്കുന്നതിലാണ് ബിസ്കറ്റ് സുപ്രധാനമായ പങ്കുവഹിച്ചത്.മുൻകൂട്ടി ആസൂത്രണം ചെയ്ത് കൃത്യമായി നടപ്പാക്കിയ ദൗത്യത്തിലൂടെയാണ് സേന ശ്രീനഗറിലെ ഖാൻയറില്‍ വെച്ച് ഉസ്മാനെ വധിച്ചത്.മുതിർന്ന സൈനികോദ്യോഗസ്ഥരാണ് ദൗത്യത്തില്‍ ബിസ്കറ്റ് വഹിച്ച പങ്ക് വെളിപ്പെടുത്തിയത്. ഖാൻയറില്‍ ജനങ്ങള്‍ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് ഉസ്മാൻ എത്തിയതായി ഇന്റലിജൻസ് വിവരത്തിലൂടെയാണ് സുരക്ഷാസേന മനസിലാക്കുന്നത്. തുടർന്ന് തങ്ങള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ പരമാവധി കുറച്ച് ദൗത്യം വിജയകരമായി നടപ്പാക്കാനായി ഒമ്ബത് മണിക്കൂർ നീണ്ട ആസൂത്രണമാണ് സേന നടത്തിയത്.ആസൂത്രണത്തിന്റെ ഒരു ഘട്ടത്തിലാണ് പ്രദേശത്തെ തെരുവുനായ്ക്കള്‍ സൈന്യത്തിന് മുന്നില്‍ ആശങ്കയായത്. ദൗത്യത്തിനിടെ തെരുവുനായ്ക്കള്‍ കുരച്ചാല്‍ അത് ഉസ്മാൻ ഉള്‍പ്പെടെയുള്ള ഭീകരർക്ക് സംശയം തോന്നാനിടയാക്കുമെന്നായിരുന്നു ആശങ്ക. ഈ പ്രശ്നം എങ്ങനെ നേരിടുമെന്ന് തലപുകഞ്ഞാലോചിച്ചപ്പോഴാണ് വ്യത്യസ്തമായ ആശയത്തിലേക്ക് സൈന്യമെത്തിയത്.ദൗത്യത്തിന് പോകുന്ന സേനാംഗങ്ങള്‍ ആയുധങ്ങള്‍ക്കൊപ്പം ബിസ്കറ്റുകള്‍ കൂടി കൈവശം വെക്കാൻ തീരുമാനിച്ചു. ബിസ്കറ്റുമായി ഭീകരർ തമ്ബടിച്ച കേന്ദ്രത്തിന് സമീപമെത്തിയ സൈനികർ അത് തെരുവുനായ്ക്കള്‍ക്ക് നല്‍കി. ഇതോടെ നായ്ക്കള്‍ നിശബ്ദരായി ബിസ്കറ്റ് കഴിക്കാൻ തുടങ്ങി. അങ്ങനെയാണ് സൈനികർ സുഗമമായി ഭീകരരുടെ കേന്ദ്രത്തിലേക്ക് കടന്നുകയറിയത്.സൂര്യനുദിക്കും മുമ്ബ് അതിരാവിലെയാണ് സൈന്യം ദൗത്യം ആരംഭിച്ചത്. 30 വീടുകള്‍ സൈന്യം തങ്ങളുടെ വലയത്തിലാക്കി. തുടർന്നാണ് ആക്രമണം ആരംഭിച്ചത്. എ.കെ 47 തോക്ക്, ഗ്രനേഡുകള്‍ എന്നിവ ഉപയോഗിച്ച് ഉസ്മാന്റെ ഭാഗത്തുനിന്ന് പ്രത്യാക്രമണം ഉണ്ടായി. എന്നാല്‍ അവയെല്ലാം നിഷ്പ്രഭമാക്കിക്കൊണ്ടാണ് ഇന്ത്യൻ സൈന്യം ഭീകരരെ വധിച്ചത്.