70 കഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ: എങ്ങനെ അപേക്ഷിക്കാം?, ആരോഗ്യ പദ്ധതി എങ്ങനെ പ്രയോജനപ്പെടുത്താം?

ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന (പി.എം-ജെ.എ.വൈ) പ്രകാരം 70 വയസും അതിനുമുകളിലും പ്രായമുള്ള എല്ലാ മുതിർന്ന പൗരന്മാർക്കും കേന്ദ്ര സര്‍ക്കാര്‍ ആരോഗ്യ പരിരക്ഷ വിപുലീകരീച്ചിരിക്കുകയാണ്.എല്ലാ മുതിർന്ന പൗരന്മാർക്കും അവരുടെ വരുമാനം പരിഗണിക്കാതെ ആരോഗ്യ പരിരക്ഷ നല്‍കാനാണ് ആയുഷ്മാൻ വയ വന്ദന കാർഡ് ലക്ഷ്യമിടുന്നത്.3,437 കോടി രൂപയാണ് കേന്ദ്രം പ്രാഥമികമായി പദ്ധതിക്ക് അനുവദിച്ചിട്ടുളളത്. ദരിദ്ര കുടുംബങ്ങളില്‍ നിന്നുള്ള മുതിർന്ന പൗരന്മാർക്കും ആശ സ്റ്റാഫ് പോലുള്ള ചില പ്രത്യേക വിഭാഗങ്ങള്‍ക്കും മാത്രമാണ് നേരത്തെ പദ്ധതി പ്രയോജനപ്പെടുത്താന്‍ സാധിച്ചിരുന്നത്. ഒരു കുടുംബത്തിന് പ്രതിവർഷം 5 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷയാണ് ഇത് വാഗ്ദാനം ചെയ്യുന്നത്.70 വയസോ അതില്‍ കൂടുതലോ പ്രായമുള്ള ആർക്കും ആയുഷ്മാൻ ഭാരത് സീനിയർ സിറ്റിസണ്‍ പദ്ധതിയില്‍ www.beneficiary.nha.gov.in എന്ന വെബ്‌സൈറ്റ് വഴിയോ ആയുഷ്മാൻ ആപ്പ് ഉപയോഗിച്ചോ അപേക്ഷിക്കാവുന്നതാണ്. പുതിയ കാർഡിനായി ഇ കെ.വൈ.സി പൂർത്തിയാക്കേണ്ടതിനാല്‍ ആയുഷ്മാൻ കാർഡുള്ളവരും വീണ്ടും അപേക്ഷ നല്‍കേണ്ടതാണ്. സംസ്ഥാനത്തെ അക്ഷയ, ഡിജിറ്റല്‍ സേവാകേന്ദ്രങ്ങള്‍ വഴി രജിസ്റ്റര്‍ ചെയ്യാമെങ്കിലും, ഇതുവരെ രജിസ്ട്രേഷന്‍ ആരംഭിച്ചിട്ടില്ല.മൊബൈല്‍ ആപ്പിലും വെബ്‌സൈറ്റിലും ബെനിഫിഷ്യറി ലോഗിൻ ഓപ്ഷൻ വഴി കുടുംബാംഗങ്ങള്‍ക്കും അർഹരായ ഗുണഭോക്താവിനെ രജിസ്റ്റർ ചെയ്യാവുന്നതാണ്. എൻറോള്‍മെൻ്റ് പ്രക്രിയ ആരംഭിക്കുന്നതിന് കുടുംബാംഗം അവരുടെ മൊബൈല്‍ നമ്ബർ നല്‍കി ഒ.ടി.പി ജനറേറ്റ് ചെയ്യേണ്ടതുണ്ട്. അടുത്തുള്ള എംപാനല്‍ഡ് ഹോസ്പിറ്റല്‍ സന്ദർശിച്ചും എൻറോള്‍ നടത്താം.ആശുപത്രികള്‍ ഗുണഭോക്താക്കള്‍ക്ക് പണരഹിത ചികിത്സ നല്‍കുന്നതില്‍ എന്തെങ്കിലും പരാതികളുണ്ടെങ്കില്‍, ജൻ ആരോഗ്യ യോജന വെബ്‌സൈറ്റ് സന്ദര്‍ശിച്ചോ, 14555 എന്ന ദേശീയ കോള്‍ സെൻ്റർ വഴിയോ, മെയില്‍, കത്ത്, ഫാക്സ് എന്നിവ വഴിയോ അധികൃതരുമായി ബന്ധപ്പെടാം.പരാതികള്‍ പരിഹരിക്കുന്നതിന് ആറ് മണിക്കൂർ സമയവും വാഗ്ദാനം ചെയ്യുന്നുണ്ട്.4.5 കോടി കുടുംബങ്ങളില്‍ നിന്നുള്ള ഏകദേശം 6 കോടി വ്യക്തികള്‍ ഈ പദ്ധതിയുടെ ഗുണഭോക്താക്ക ളാകുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ഇവരില്‍ 1.78 കോടി മുതിർന്ന പൗരന്മാർ ഇതിനോടകം പദ്ധതിയുടെ പരിധിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ബാക്കിയുള്ളവരില്‍, 80 ലക്ഷത്തോളം ആളുകള്‍ വിവിധ സർക്കാർ ആരോഗ്യ പദ്ധതികള്‍ക്ക് കീഴില്‍ ആരോഗ്യ പരിരക്ഷ നേടിയിട്ടുണ്ട്- കേന്ദ്ര ഗവണ്‍മെൻ്റ് ഹെല്‍ത്ത് സ്കീം (സി.ജി.എച്ച്‌.എസ്), എക്സ്-സർവീസ്മെൻ കോണ്‍ട്രിബ്യൂട്ടറി ഹെല്‍ത്ത് സ്കീം, പ്രതിരോധ, റെയില്‍വേ ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങള്‍ക്ക് നല്‍കുന്ന പരിരക്ഷ തുടങ്ങിയവ.പദ്ധതിക്ക് കീഴില്‍ വരുന്ന എല്ലാ ചികിത്സകള്‍ക്കും 2 ലക്ഷം രൂപയില്‍ താഴെയാണ് ചെലവ് വരുന്നത്. കൂടാതെ, യോഗ്യരായ പാവപ്പെട്ട കുടുംബങ്ങളിലെ രോഗികള്‍ക്ക് രാഷ്ട്രീയ ആരോഗ്യ നിധിയുടെ (ആര്‍.എ.എന്‍) കീഴില്‍ ജൻ ആരോഗ്യ യോജന പദ്ധതിയില്‍ പരിരക്ഷിക്കപ്പെടാത്ത ചികിത്സകള്‍ക്കായി 15 ലക്ഷം രൂപ വരെ ധനസഹായവും നല്‍കുന്നു.
അതേസമയം, ഡല്‍ഹിയും പശ്ചിമ ബംഗാളും ഈ പദ്ധതി നടപ്പാക്കിയിട്ടില്ല എന്നതിനാല്‍, അവിടെയുള്ള പ്രായമായ പൗരന്മാർക്ക് ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജനയുടെ ആനുകൂല്യങ്ങള്‍ ലഭിക്കില്ല എന്ന കാര്യം ശ്രദ്ധേയമാണ്.

Sharing

Leave your comment

Your email address will not be published. Required fields are marked *