ബസ് സ്റ്റോപ്പുകളിലെ പൈപ്പ് സീറ്റ് ഒഴിവാക്കാൻ ഉത്തരവ്;
ബസ് കാത്തിരിപ്പുകേന്ദ്രങ്ങളിലെ സ്റ്റീല്‍ പൈപ്പുകൊണ്ടുള്ള ഇരിപ്പിടം ഒഴിവാക്കാൻ സർക്കാർ ഉത്തരവിറക്കി. കൊടുങ്ങല്ലൂർ സ്വദേശി സി.എസ്.തിലകൻ തദ്ദേശവകുപ്പ് മന്ത്രി എം.ബി. രാജേഷിന് നല്കിയ പരാതിയെ തുടർന്നാണ് നടപടി. ബസ് കാത്തിരിപ്പുകേന്ദ്രങ്ങളിലെത്തുന്നവർക്ക് ഇരിക്കാൻ പൈപ്പ് മാറ്റി പകരം സംവിധാനമൊരുക്കണമെന്ന് തദ്ദേശവകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.
ലക്ഷങ്ങള്‍ മുടക്കി നിർമ്മിക്കുന്ന ബസ് കാത്തിരിപ്പു കേന്ദ്രങ്ങളിലെ ഇരിപ്പിടമായി സ്റ്റീല്‍ പൈപ്പുകള്‍ സ്ഥാപിക്കുന്നത് കേരളത്തിലെ സാധാരണ കാഴ്ച്ചയാണ്. കാത്തിരിപ്പുകേന്ദ്രം അനാശാസ്യനടപടിക്കും മറ്റും ഉപയോഗിക്കാതിരിക്കാനാണ് സ്റ്റീല്‍ പൈപ്പ് ഉപയോഗിച്ച് ഇരിപ്പിടമൊരുക്കി യതെന്നാണ് ചില ജനപ്രതിനിധികള്‍ നല്കിയ വിശദീകരണം. പൈപ്പ് പ്രശ്നം പലരും പരിഹാസരൂപേണ സാമൂഹികമാധ്യമത്തിലൂടെ പങ്കുവെച്ചിരുന്നു. എന്നാല്‍, എഴുപത്തിയെട്ടുകാരനായ തിലകൻ ഈ വിഷയം ചൂണ്ടിക്കാട്ടി മന്ത്രി എം.ബി. രാജേഷിന് ഒരു കത്തയച്ചു. അതിന്റെ ഫലമായാണ് ഇപ്പോള്‍ തദ്ദേശ വകുപ്പിന്റെ ഇടപെടല്‍. പണമനുവദിച്ച എം.എല്‍.എ.മാർ, എം.പി.മാർ എന്നിവരെക്കൊണ്ടുതന്നെ ഇതിനു പരിഹാരം കാണാനാകുമോയെന്നും തദ്ദേശവകുപ്പ് അധികൃതർ ആലോചിക്കുന്നുണ്ട്.ആപ്ലിക്കന്റ്സ് ആൻഡ് കണ്‍സ്യൂമേഴ്സ് ഫോറത്തിന്റെ കൊടുങ്ങല്ലൂർ താലൂക്ക് സെക്രട്ടറിയാണ് തിലകൻ. ഫോറത്തിന്റെ പേരിലാണ് പരാതി അയച്ചത്. തുടർന്നാണ് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലേക്കും പൈപ്പു മാറ്റുന്നതിനു നിർദേശം വന്നത്. കൊടുങ്ങല്ലൂരും പരിസരങ്ങളിലും മാത്രമല്ല, തൃപ്പൂണിത്തുറയിലും തിലകൻ സ്റ്റീല്‍ പൈപ്പ് ഇരിപ്പിടങ്ങളുള്ള കാത്തിരിപ്പുകേന്ദ്രങ്ങള്‍ കണ്ടിരുന്നു. ഇവിടെ യാത്രക്കാർ ഇരിക്കാൻ ബുദ്ധിമുട്ടുന്നതും മടിക്കുന്നതും ബോധ്യമായി. പോളിസ്റ്റർ വസ്ത്രം ധരിച്ചവർ ഇരുന്നാല്‍ തെന്നിപ്പോകും.എം.പി., എം.എല്‍.എ.മാരുടെയും തദ്ദേശസ്ഥാപനങ്ങളുടെയും ഫണ്ടുപയോഗിച്ചാണ് പലയിടത്തും ഇരിപ്പിടം നിർമിച്ചിരിക്കുന്നത്. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതിയില്‍ നിർമാണം നടത്തുന്നത് അവസാനിപ്പിക്കണമെന്ന് ഉദാഹരണസഹിതം തിലകൻ കത്തിലൂടെ ആവശ്യപ്പെട്ടു. കൊടുങ്ങല്ലൂർ എം.എല്‍.എ. വി.ആർ. സുനില്‍കുമാറിനോട് ഇത്തരം നിർമാണം നടത്തരുതെന്ന് അഭ്യർഥിക്കുകയും ചെയ്തു