അഞ്ചുവര്‍ഷത്തിനിടെ തൊണ്ണൂറോളം ആത്മഹത്യ; പോലീസുകാരുടെ ജോലിസമ്മര്‍ദം ‘പഠിക്കാൻ’ സര്‍ക്കാര്‍;

തിരുവനന്തപുരം: ജോലിസമയം എട്ടുമണിക്കൂറാക്കുമെന്ന പ്രഖ്യാപനം വെറുംവാക്കായിരിക്കെ പോലീസിന്റെ ജോലിസമ്മർദം വീണ്ടും പഠിക്കുന്നു.സോഷ്യല്‍ പോലീസിങ് ഡയറക്ടറേറ്റിനു കീഴിലെ ‘ഹാറ്റ്സ്’ ആണ് പഠനംനടത്തുന്നത്.പോലീസ് ഉദ്യോഗസ്ഥരുടെ ആത്മഹത്യക്കുവരെ കാരണമാകുന്ന സമ്മർദങ്ങളില്‍നിന്ന് മോചിപ്പിക്കുകയാണ് ലക്ഷ്യം.എല്ലാ പോലീസുകാരില്‍നിന്നും ഗൂഗിള്‍ ഫോം വഴി വിവരം ശേഖരിക്കും. ഈ മാസം 28-നുമുൻപ് എല്ലാ ഉദ്യോഗസ്ഥരും ഗൂഗിള്‍ ഫോം പൂരിപ്പിച്ചുനല്‍കാൻ സോഷ്യല്‍ പോലീസിങ് വിഭാഗത്തിന്റെ ഡയറക്ടർ ഡി.ഐ.ജി. അജിതാ ബീഗം യൂണിറ്റ് മേധാവിമാരോട് ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥരുടെ സ്വകാര്യവിവരങ്ങള്‍ ക്രോഡീകരിക്കില്ല.ശേഖരിക്കുന്നത് ഇവയൊക്കെ:

  • പോലീസ് ഉദ്യോഗസ്ഥരുടെ സമ്മർദം
  • അതിലേക്ക് നയിക്കുന്ന സാഹചര്യങ്ങള്‍
  • സമ്മർദം ഉദ്യോഗസ്ഥരുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു
  • എന്താണ് പരിഹാരം
  • ഉദ്യോഗസ്ഥർ താമസിക്കുന്നത് ക്വാർട്ടേഴ്സിലാണോ
  • കുടുംബത്തില്‍ കിടപ്പുരോഗികളുണ്ടോ
  • രാത്രിഡ്യൂട്ടി ആഴ്ചയില്‍ എത്രമണിക്കൂർ
  • ആഴ്ചയില്‍ ശരാശരി എത്രമണിക്കൂർ ജോലിചെയ്യുന്നു
  • അഞ്ചുവർഷത്തിനിടെ എത്ര സ്ഥലംമാറ്റമുണ്ടായി

അഞ്ചുവർഷത്തിനിടെ തൊണ്ണൂറോളം പോലീസ് ഉദ്യോഗസ്ഥർ ജീവനൊടുക്കിയിട്ടുണ്ട്. ഇതിന്റെ പ്രധാനകാരണവും ജോലിസമ്മർദമാണെന്നാണ് ആക്ഷേപം.ഒട്ടേറെ ഉദ്യോഗസ്ഥർ സ്വയം വിരമിക്കുകയും ചെയ്തിരുന്നു. സേനയിലെ ആള്‍ക്ഷാമം ജോലിഭാരത്തോടൊപ്പം സമ്മർദം കൂട്ടുന്നതായി പോലീസ് സംഘടനകളും ചൂണ്ടിക്കാട്ടിയിരുന്നു.പോലീസുകാർക്കും കുടുംബാംഗങ്ങള്‍ക്കും കൗണ്‍സലിങ് നല്‍കുന്നതിനും മറ്റുമായി ആരംഭിച്ച ഹാറ്റ്സ് വഴി ഇതുവരെ ആറായിരത്തോളം ഉദ്യോഗസ്ഥർ കൗണ്‍സലിങ് നേടിയിട്ടുണ്ട്.

Sharing

Leave your comment

Your email address will not be published. Required fields are marked *