ഇറാനെതിരെയുള്ള ആക്രമണങ്ങള്‍ ഇതോടെ അവസാനിപ്പിക്കുന്നു -ഇസ്രായേല്‍;
തെല്‍ അവീവ്: ഇറാനെതിരെയുള്ള ആക്രമണങ്ങള്‍ ഇതോടെ അവസാനിപ്പിക്കുന്നുവെന്ന് ഇസ്രായേല്‍. സൈന്യത്തിന്റെ മുതിർന്ന വക്താവ് ഡാനിയേല്‍ ഹാഗാരിയാണ് ഇക്കാര്യം അറിയിച്ചത്.ഇറാൻ ആക്രമണത്തിനുള്ള തിരിച്ചടി ശനിയാഴ്ച നടന്ന ആക്രമണത്തോടെ അവസാനിപ്പിക്കുകയാണെന്നാണ് ഇസ്രായേല്‍ വ്യക്തമാക്കിയിരിക്കുന്നത്. ആക്രമണം അവസാനിപ്പിച്ച് ഇസ്രായേല്‍ പോർ വിമാനങ്ങള്‍ സുരക്ഷിതമായി എത്തിയെന്നും അദ്ദേഹം പറഞ്ഞു.ഇന്റലിജൻസിന്റെ സഹായത്തോടെ ഇറാൻ മിസൈല്‍ നിർമാണ കേന്ദ്രങ്ങള്‍ക്ക് നേരെയാണ് ആക്രമണം നടത്തിയതെന്നും ഇസ്രായേല്‍ അറിയിച്ചു. ഇറാന്റെ മിസൈല്‍ സിസ്റ്റം ഉള്‍പ്പടെയുള്ള പ്രതിരോധ സംവിധാനങ്ങള്‍ ആക്രമിക്കപ്പെട്ടു. ലക്ഷ്യം പൂർത്തീകരിക്കാൻ ഇസ്രായേല്‍ സൈന്യത്തിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതേസമയം, ആക്രമണം നടക്കുമ്ബോള്‍ ഇറാന്റെ മിസൈല്‍ പ്രതിരോധസംവിധാനം പ്രവർത്തിച്ചിരുന്നുവെന്നതിന്റെ തെളിവുകള്‍ പുറത്തുവന്നു. അല്‍ ജസീറ ഇതിന് തെളിവായി വിഡിയോ ദൃശ്യങ്ങള്‍ പുറത്ത് വിട്ടിരുന്നു.ഇറാനില്‍ ആക്രമണം നടത്തി ഇസ്രായേല്‍. ഇറാനിലെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്നാണ് ഇസ്രായേല്‍ സൈന്യം അവകാശപ്പെടുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ ഇറാൻ സർക്കാറിന്റെ ഔദ്യോഗിക പ്രതികരണം ഇതുവരെ പുറത്ത് വന്നിട്ടില്ല. തെഹ്റാന് ചുറ്റും നിരവധി സ്ഫോടനങ്ങള്‍ നടന്നതായി റിപ്പോർട്ട്.പ്രാദേശിക സമയം പുലർച്ചെ 2.15ഓടെയാണ് ഇസ്രായേല്‍ ആക്രമണമുണ്ടായത്. തെഹ്‌റാന്റെ വിവിധ ഭാഗങ്ങളിലും അല്‍ബോർസ് പ്രവിശ്യയിലെ കറജ് നഗരത്തിലും സ്‌ഫോടനം നടന്നതായി ഇറാൻ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. തെഹ്‌റാന്റെ വടക്കു ഭാഗത്തുള്ള സആദത്ത് ആബാദില്‍നിന്ന് പുക ഉയരുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്.