ജമ്മു കശ്മീര്‍ ഒരിക്കലും നിങ്ങള്‍ക്കൊപ്പം വരില്ല, തീവ്രവാദം അവസാനിപ്പിക്കണം; പാകിസ്ഥാനോട് ഫാറൂഖ്;
ശ്രീനഗര്‍: ജമ്മു കശ്മീര്‍ ഒരിക്കലും പാകിസ്ഥാന്റെ ഭാഗമാകില്ലെന്നും മേഖലയില്‍ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ള.ജമ്മു കശ്മീരില്‍ തുടര്‍ച്ചയായി നടക്കുന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഫാറൂഖ് അബ്ദുള്ളയുടെ പ്രതികരണം. ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതുവരെ ആക്രമണങ്ങള്‍ അവസാനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
’30 വര്‍ഷമായി ഞാന്‍ ഇതിന് സാക്ഷ്യം വഹിക്കുന്നുണ്ട്. നിരപരാധികള്‍ കൊല്ലപ്പെടുന്നു, ഞങ്ങള്‍ ഒരിക്കലും പാകിസ്ഥാന്റെ ഭാഗമാകില്ല. പിന്നെ എന്തിനാണ് അവര്‍ ഇത് ചെയ്യുന്നത്? നമ്മുടെ ഭാവി നശിപ്പിക്കാനാണോ?’ ഫാറൂഖ് ചോദിച്ചു. പാകിസ്ഥാന്‍ സ്വന്തം കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും സ്വന്തം വികസനം നോക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം അവസ്ഥ മെച്ചപ്പെടുത്താന്‍ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.പാകിസ്ഥാന്‍ സ്വയം നശിക്കുകയും അതിലേക്ക് നമ്മളെയും വലിച്ചിഴയ്ക്കുകയും ചെയ്യുന്നു. ഈ തീവ്രവാദം അവസാനിപ്പിച്ച് സൗഹൃദത്തിന്റെ പാത തേടാന്‍ അവരോട് അഭ്യര്‍ത്ഥിക്കുന്നു എന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു. അതിന് തയ്യാറായില്ലെങ്കില്‍ ബുദ്ധിമുട്ടുന്നത് അവര്‍ തന്നെയായിരിക്കും എന്ന മുന്നറിയിപ്പും ഫാറൂഖ് നല്‍കി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 20 ഓളം പേരുടെ ജീവനാണ് ജമ്മു കാശ്മീരില്‍ പൊലിഞ്ഞത്.ഇതില്‍ സാധാരണക്കാര്‍, തൊഴിലാളികള്‍, പ്രവാസികള്‍, ഡോക്ടര്‍, ആര്‍മി ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. ഇന്നലെ വൈകുന്നേരം ഗുല്‍മാര്‍ഗില്‍ നടന്ന ആക്രമണത്തില്‍ മൂന്ന് സൈനികരും രണ്ട് ഇന്ത്യന്‍ ആര്‍മി പോര്‍ട്ടര്‍മാരുമാണ് കൊല്ലപ്പെട്ടത്. വിനോദസഞ്ചാര കേന്ദ്രമായ ഗുല്‍മാര്‍ഗില്‍ നിന്ന് ഏകദേശം 6 കിലോമീറ്റര്‍ അകലെ ബൊട്ടപത്രിയില്‍ രണ്ട് സൈനിക ട്രക്കുകള്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.രാഷ്ട്രീയ റൈഫിള്‍സ് യൂണിറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥരെയും സിവിലിയന്‍ പോര്‍ട്ടര്‍മാരെയും അഫ്രാവത് റേഞ്ചിലെ നാഗിന്‍ പോസ്റ്റിലേക്ക് കയറ്റുന്നതിനിടെയായിരുന്നു ആക്രമണം. ഒക്ടോബര്‍ 20 ന് സെന്‍ട്രല്‍ കശ്മീരിലെ ഗന്ദര്‍ബാല്‍ ജില്ലയിലെ ഒരു നിര്‍മ്മാണ പ്രദേശത്തുണ്ടായ ഭീകരാക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ടവരില്‍ ബുദ്ഗാമില്‍ നിന്നുള്ള ഒരു ഡോക്ടറും ഉള്‍പ്പെടുന്നു.ജൂണ്‍ 9 ന് റിയാസിയില്‍ നടന്ന ആക്രമണത്തിന് ശേഷം ജമ്മു കശ്മീരില്‍ സാധാരണക്കാര്‍ക്ക് നേരെയുണ്ടായ ഏറ്റവും മാരകമായ ആക്രമണമായിരുന്നു ഈ സംഭവം. റിയാസിയില്‍ തീവ്രവാദികളുടെ വെടിവെപ്പിന് ശേഷം ബസ് താഴ്വരയിലേക്ക് മറിഞ്ഞ് ഒമ്ബത് തീര്‍ത്ഥാടകരാണ് കൊല്ലപ്പെട്ടിരുന്നത്. ജമ്മു കാശ്മീരില്‍ അടുത്തിടെയാണ് പുതിയ സര്‍ക്കാര്‍ അധികാരമേറ്റെടുത്തത്.ജമ്മു കാശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട് എന്നാണ് വിവരം. കഴിഞ്ഞ ദിവസം ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഇക്കാര്യം ചര്‍ച്ചയായതായാണ് വിവരം.