103 പന്തില്‍ ഡബിള്‍ സെഞ്ചുറി; ഹെഡിന്റെയും ഇന്ത്യൻ താരത്തിന്റെയും റെക്കോഡ് തകര്‍ത്ത് കിവീസ് താരം
വെല്ലിങ്ടണ്‍: ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ഇരട്ട സെഞ്ചുറിയെന്ന റെക്കോഡുമായി ന്യൂസീലൻഡ് ബാറ്റർ ചാഡ് ബൗസ്.ന്യൂസീലൻഡിലെ ആഭ്യന്തര ടൂർണമെന്റായ ഫോർഡ് കപ്പിലായിരുന്നു ബൗസിന്റെ വെടിക്കെട്ട് പ്രകടനം. ഒട്ടാഗോ വോള്‍ട്ട്സിനെതിരായ മത്സരത്തില്‍ വെറും 103 പന്തിലാണ് കാന്റർബറി കിങ്സിനായി കളത്തിലിറങ്ങിയ ബൗസ് ഇരട്ട സെഞ്ചുറി തികച്ചത്. തന്റെ 100-ാം മത്സരത്തിലായിരുന്നു ബൗസിന്റെ ലോക റെക്കോഡ് പ്രകടനം.ഇന്ത്യൻ വിക്കറ്റ്കീപ്പർ ബാറ്റർ എൻ. ജഗദീശൻ, ഓസ്ട്രേലിയയുടെ ട്രാവിസ് ഹെഡ് എന്നിവരുടെ പേരിലുണ്ടായിരുന്ന റെക്കോഡാണ് ബൗസ് തിരുത്തിയത്. ലിസ്റ്റ് എ ക്രിക്കറ്റില്‍ ജഗദീശനും ഹെഡും 114 പന്തില്‍ നിന്ന് ഇരട്ട സെഞ്ചുറി നേടിയവരാണ്.ഓപ്പണറായി ഇറങ്ങി ഒട്ടാഗോ വോള്‍ട്ട്സ് ബൗളർമാരെ പഞ്ഞിക്കിട്ട ചാഡ് ബൗസ്, 110 പന്തില്‍ നിന്ന് 205 റണ്‍സെടുത്താണ് ഒടുവില്‍ പുറത്തായത്. 27 ഫോറും ഏഴ് സിക്സുമടങ്ങുന്നതായിരുന്നു 32-കാരനായ താരത്തിന്റെ ഇന്നിങ്സ്. ബൗസിന്റെ വെടിക്കെട്ട് മികവില്‍ കാന്റർബറി കിങ്സ് 50 ഓവറില്‍ 343 റണ്‍സടിച്ചു.ന്യൂസീലൻഡ് ദേശീയ ടീമിനായി ആറ് ഏകദിനങ്ങളും 11 ടി20 മത്സരങ്ങളും കളിച്ച താരമാണ് ബൗസ്. 53 പന്തില്‍ നിന്നായിരുന്നു ഈ മത്സരത്തില്‍ ബൗസ് സെഞ്ചുറി തികച്ചത്. ഫോർഡ് കപ്പ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അഞ്ച് സെഞ്ചുറികളിലൊന്നാണിത്.ദക്ഷിണാഫ്രിക്കയില്‍ ജനിച്ച ബൗസ് 2015-ലാണ് ന്യൂസീലൻഡിലേക്ക് ചേക്കേറുന്നത്. ദക്ഷിണാഫ്രിക്കൻ അണ്ടർ 19 ടീമില്‍ കളിച്ച താരമാണ് ബൗസ്. 2012-ലെ അണ്ടർ-19 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റനായിരുന്നു.