സിദ്ദിഖ് ചോദിച്ചത് രണ്ടു ദിവസം; രണ്ടാഴ്ച അനുവദിച്ച് സുപ്രീംകോടതി; അറസ്റ്റ് ചെയ്യാൻ കാത്തിരുന്ന സര്‍ക്കാര്‍ ഞെട്ടി; ഇന്ന് സുപ്രീംകോടതിയില്‍ നടന്നത്
ദില്ലി: ബലാത്സംഗക്കേസില്‍ നടൻ സിദ്ദിഖിന് വീണ്ടും താല്‍ക്കാലികാശ്വാസം. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീംകോടതി രണ്ടാഴ്ചത്തേക്ക് മാറ്റി.അതുവരെ അറസ്റ്റ് ചെയ്യുന്നത് തടയുകയും ചെയ്തു. കേസില്‍ സിദ്ദിഖിനും പ്രോസിക്യൂഷനും നിർണ്ണായക ദിവസമായിരുന്നു. ജാമ്യാപേക്ഷ തള്ളിയാല്‍ ഉടൻ അറസ്റ്റ് ചെയ്യുന്നതിന് വേണ്ട നടപടികള്‍ പോലീസ് സ്വീകരിച്ചിരുന്നു. എന്നാല്‍ കോടതിയില്‍ അധിക സത്യവാങ്മൂലം സമർപ്പിക്കേണ്ടതുണ്ടെന്നും രണ്ടുദിവസത്തിനകം അത് സമർപ്പിക്കുന്നതുവരെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റണമെന്നും സിദ്ധിഖിന്റെ അഭിഭാഷകൻ മുകുള്‍ റോത്തഗി അപേക്ഷിക്കുകയായിരുന്നു.എന്നാല്‍ സമയം അനുവദിക്കരുതെന്നും പ്രതി തെളിവുകള്‍ നശിപ്പിക്കാൻ സാധ്യതയുള്ളതിനാല്‍ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. എട്ടുവർഷമായി തെളിവിനെ കുറിച്ചുള്ള ആശങ്ക ഇല്ലായിരുന്നോ എന്നായിരുന്നു കോടതിയുടെ ചോദ്യം. അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും തെളിവുകള്‍ കൈമാറിയെന്നും പ്രതിഭാഗവും നിലപാടെടുത്തു. സമൂഹ മാദ്ധ്യമ കമ്ബനികളില്‍ നിന്നടക്കം വിവരങ്ങള്‍ ശേഖരിക്കാനുണ്ടെന്നും ചോദ്യം ചെയ്യലില്‍ സിദ്ദിഖ് പൂർണ്ണമായും സഹകരിച്ചില്ലെന്നും പ്രോസിക്യൂഷൻ വാദിച്ച് നോക്കിയെങ്കിലും ഫലമുണ്ടായില്ല. രണ്ടു ദിവസം ചോദിച്ച പ്രതിഭാഗത്തിന് കോടതി രണ്ടാഴ്ച സമയം നല്കി. അറസ്റ്റിനുള്ള നിരോധനം തുടരുകയും ചെയ്യും.