ജമ്മുകശ്മീരില്‍ ഏഴു പേരെ കൊലപ്പെടുത്തിയവരെ ‘ഭീകരര്‍’ എന്ന് വിളിക്കാന്‍ മടിയ്ക്കുന്നതെന്തിനെന്നു ഒമര്‍ അബ്ദുള്ളയോട് ;

ജമ്മുകശ്മീരിലെ ഗഗന്‍ഗീറിലുണ്ടായ ഭീകരാക്രമണത്തെ ‘തീവ്രവാദി’ ആക്രമണമെന്ന് അഭിസംബോധന ചെയ്തതില്‍ ജമ്മുകശ്മീര്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ പ്രതിഷേധം രൂക്ഷമാകുന്നു.ഗന്ദേര്‍ബാളിലെ ഗഗന്‍ഗീറിലെ അതിഥി തൊഴിലാളികള്‍ക്ക് നേരെയാണ് ഭീകരാക്രമണമുണ്ടായത്. എന്നാല്‍ ഈ ഭീകരാക്രമണത്തെ ‘തീവ്രവാദി ആക്രമണം’ എന്നാണ് ഒമര്‍ അബ്ദുള്ള വിശേഷിപ്പിച്ചത്. അക്രമികളെ ‘ഭീകരര്‍’ എന്ന് വിളിക്കാന്‍ അദ്ദേഹം തയ്യാറായില്ല.” സോനമാര്‍ഗിലെ ഗഗന്‍ഗീറില്‍ അതിഥി തൊഴിലാളികള്‍ ആക്രമിക്കപ്പെട്ടിരിക്കുന്നു. പ്രദേശത്തെ അടിസ്ഥാനസൗകര്യവികസനവുമായി ബന്ധപ്പെട്ട സുപ്രധാന പദ്ധതിയുടെ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു ഇവര്‍. തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 2 പേര്‍ സംഭവസ്ഥലത്ത് വെച്ച്‌ കൊല്ലപ്പെട്ടു. രണ്ടിലധികം പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നു,” എന്നാണ് ഭീകരാക്രമണത്തിന് തൊട്ടുപിന്നാലെ ഒമര്‍ അബ്ദുള്ള എക്‌സില്‍ കുറിച്ചത്.ഗന്ദേര്‍ബാള്‍ ജില്ലയില്‍ ഞായറാഴ്ച വൈകുന്നേരത്തോടെയാണ് ഭീകരാക്രമണമുണ്ടായത്. ശ്രീനഗര്‍-ലേ ദേശീയപാതയില്‍ തുരങ്കനിര്‍മാണത്തിനെത്തിയ അതിഥി തൊഴിലാളികള്‍ക്ക് നേരെയാണ് ഭീകരര്‍ ആക്രമണം അഴിച്ചുവിട്ടത്. ആക്രമണത്തില്‍ ഒരു ഡോക്ടറും ആറ് അതിഥി തൊഴിലാളികളും കൊല്ലപ്പെട്ടുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. 11 ലധികം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.ആക്രമണം നടത്തിയവരെ ‘ഭീകരര്‍’എന്ന് വിളിക്കുന്നതിന് പകരം ‘തീവ്രവാദികള്‍’ എന്ന് വിശേഷിപ്പിച്ചതില്‍ ഒമര്‍ അബ്ദുള്ളയെ ചോദ്യം ചെയ്ത് സോഷ്യല്‍ മീഡിയ രംഗത്തെത്തി.’അതുശരി. ‘തീവ്രവാദികള്‍’ തിരിച്ചെത്തി,’ ഒരാള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.’ ഭീകരര്‍ ആണ്. നിങ്ങള്‍ ഒരു കേന്ദ്രഭരണപ്രദേശത്തിന്റെ മുഖ്യമന്ത്രിയാണെന്ന കാര്യം മറക്കരുത്. നിങ്ങളുടെ കോമാളിത്തരങ്ങള്‍ ചര്‍ച്ചയാകും,” എന്ന് മറ്റൊരാള്‍ കുറിച്ചു.” അഭിനന്ദനങ്ങള്‍. നാഷണല്‍ കോണ്‍ഫറന്‍സും ഭീകരവാദവും ജമ്മുകശ്മീരില്‍ തിരിച്ചെത്തി. ഭീകരരോട് സഹതാപം കാണിക്കുന്ന കുടുംബ ചരിത്രമാണ് നിങ്ങളുടേത് എന്ന് അറിയാം. എന്നാല്‍ പൊതുയിടങ്ങളില്‍ എങ്കിലും തീവ്രവാദികള്‍ എന്നതിന് പകരം ഭീകരര്‍ എന്ന് വിളിക്കാന്‍ ശ്രമിക്കണം,” മറ്റൊരാള്‍ കമന്റ് ചെയ്തു.പിഡിപി അധ്യക്ഷയും ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തിയും ഭീകരാക്രമണം എന്ന വാക്ക് ഉപയോഗിക്കാന്‍ മടിച്ചു. ഭീകരാക്രമണത്തിന് പിന്നാലെ എക്‌സിലൂടെയാണ് മെഹബൂബ മുഫ്തി പ്രതികരിച്ചത്.
” ഗന്ദേര്‍ബാളില്‍ അതിഥി തൊഴിലാളികള്‍ക്ക് നേരെ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നു,” മെഹബൂബ മുഫ്തി എക്‌സില്‍ കുറിച്ചു.ഞായറാഴ്ച വൈകുന്നേരത്തോടെ നടന്ന ഭീകരാക്രമണത്തില്‍ ഏഴ് പേരാണ് കൊല്ലപ്പെട്ടത്. സ്വകാര്യ നിര്‍മാണ കമ്ബനി തൊഴിലാളികളെ പാര്‍പ്പിച്ചിരുന്ന ഗുന്ദ് മേഖലയിലെ ക്യാമ്ബിന് നേരെയാണ് ഭീകരര്‍ വെടിവെപ്പ് നടത്തിയത്. നിരവധി പേര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. രണ്ട് പേര്‍ സംഭവസ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചിരുന്നു.ആക്രമണത്തിന് പിന്നാലെ സിആര്‍പിഎഫ് ഉദ്യോഗസ്ഥരും പോലീസും പ്രദേശത്ത് സുരക്ഷയുറപ്പാക്കി. എന്‍ഐഎ(നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി) സംഘവും പ്രദേശത്ത് ഉടനെത്തുമെന്നാണ് റിപ്പോര്‍ട്ട്. ഭീകരസംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബയുടെ ഘടകമായ ദി റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) ആണ് ആക്രമണം നടത്തിയത്.

Sharing

Leave your comment

Your email address will not be published. Required fields are marked *