നിയമഭേദഗതി: തൃശ്ശൂര്‍ പൂരത്തിന്റെ മാത്രമല്ല കേരളത്തിലെ മിക്ക ഉത്സവവെടിക്കെട്ടുകളും മുടങ്ങും;

തൃശ്ശൂർ: എക്സ്പ്ലോസീവ് നിയമഭേദഗതിമൂലം തൃശ്ശൂർ പൂരം വെടിക്കെട്ട് മാത്രമല്ല, സംസ്ഥാനത്തെ മിക്ക ഉത്സവ വെടിക്കെട്ടുകളും മുടങ്ങാൻ സാധ്യത.വെടിക്കെട്ടുപുര ഇല്ലാത്ത സ്ഥലങ്ങളിലൊന്നും ഇനി വെടിക്കെട്ട് നടത്താനാകില്ലെന്നാണ് മേഖലയിലെ വിദഗ്ധർ പറയുന്നത്. കേരളത്തില്‍ പത്തില്‍ താഴെ സ്ഥലങ്ങളില്‍മാത്രമാണ് സ്ഥിരം വെടിക്കെട്ടുപുരയുള്ളത്. ഇവിടെനിന്ന് 200 മീറ്റർ അകലെ മാത്രമേ വെടിക്കെട്ട് നടത്താവൂ എന്നാണ് പുതിയ ഭേദഗതി. വെടിക്കെട്ടുപുരയുള്ള തൃശ്ശൂർ പൂരത്തിനുപോലും ദൂരപരിധി വിലങ്ങുതടിയാകും.ഉത്സവക്കാലം തുടങ്ങിയ സാഹചര്യത്തില്‍ ഇത്തവണത്തെ വെടിക്കെട്ടുകളെയെങ്കിലും ഈ ഭേദഗതി അനിശ്ചിതത്വത്തിലാക്കും. നിയമഭേദഗതിയാണ് നിലവില്‍ വന്നതെന്നതിനാല്‍ മറ്റൊരു നിയമഭേദഗതിയിലൂടെയേ ഇതിനെ മറികടക്കാനാകു. നിയമഭേദഗതി ഉണ്ടാക്കി അതു പാർലമെന്റില്‍ പാസാക്കിയെടുക്കാൻ സമയമെടുക്കും. ഇളവിനായി അപേക്ഷിക്കാമെങ്കിലും തൃശ്ശൂർപൂരം പോലെ പ്രധാനപ്പെട്ട വിരലിലെണ്ണാവുന്ന പൂരങ്ങള്‍ക്കുമാത്രമേ ലഭിക്കാൻ സാധ്യതയുമുള്ളൂ.
വെടിക്കെട്ട് ലൈസൻസികളുടെ കാര്യത്തിലും പ്രതിസന്ധിയുണ്ടാകും. പുതിയ നിയമമനുസരിച്ച്‌ പെസോയുടെ പരീക്ഷ പാസാകുന്നവർക്കുമാത്രമേ ലൈസൻസി ആകാനാകൂ. ഫയർവർക്സ് ഡിസ്പ്ലേ ഓഫീസർ, അസിസ്റ്റന്റ് ഫയർവർക്സ് ഡിസ്പ്ലേ ഓഫീസർ എന്നിവരും ഇവരുടെ സഹായികളും ചേർന്നാണ് വെടിക്കെട്ട് നിയന്ത്രിക്കുക. നിലവില്‍ത്തന്നെ ലൈസൻസികളെ കിട്ടാൻ പൂരം കമ്മിറ്റികള്‍ പെടാപ്പാട് പെടുകയാണ്. അപകടങ്ങളുണ്ടായാലും അനധികൃതമായി വെടിക്കെട്ട് നിർമാണം നടത്തിയെന്നുകണ്ടെത്തിയാലുമെല്ലാം ലൈസൻസ് നഷ്ടമാകുമെന്നതിനാല്‍ മിക്കവർഷങ്ങളിലും നല്ലൊരു വിഭാഗം ലൈസൻസികള്‍ മാറിനില്‍ക്കുകയാണ്. ബന്ധുക്കളുടെയും മറ്റും പേരില്‍ ലൈസൻസ് എടുക്കേണ്ട സ്ഥിതിയിലേക്ക് എത്തുന്നു. ഇതിനു പുറമേയാണ് പരീക്ഷകൂടി വരുന്നത്. പത്താംക്ലാസാണ് പരീക്ഷ എഴുതാനുള്ള യോഗ്യതയായി പറയുന്നത്.

Sharing

Leave your comment

Your email address will not be published. Required fields are marked *