‘ഇറാൻ യുദ്ധം ആഗ്രഹിക്കുന്നില്ല’: മസൂദ് പെസഷ്കിയാൻ
തെഹ്റാൻ: ഇറാൻ യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ. പ്രതികരിക്കാൻ ഇസ്രായേല്‍ ഇറാനെ നിർബന്ധിതരാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.ഖത്തര്‍ അമീറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സംയുക്തവാര്‍ത്താ സമ്മേളനത്തിലാണ് ഇറാന്‍ പ്രസിഡന്റ് നയം വ്യക്തമാക്കിയത്.കഴിഞ്ഞ ദിവസം ഇറാൻ ഇസ്രായേലിലേക്ക് നടത്തിയ മിസൈല്‍ ആക്രമണത്തെ തുടർന്ന് മേഖലയൊന്നാകെ യുദ്ധ ഭീതി പരന്നതോടെയാണ് ഇറാന്‍ പ്രസിജന്റ് മസൂദ് പെസഷ്കിയാന്‍റെ പ്രതികരണം. ‘സമാധാനം നിലനിർത്താനാണ് ഞങ്ങളുടെ ശ്രമം. എന്നാല്‍ പ്രതികരിക്കാന്‍ ഇസ്രായേല്‍ നിര്‍ബന്ധിതരാക്കുകയാണ്. ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യയെ ഞങ്ങളുടെ മണ്ണില്‍ കൊലപ്പെടുത്തിയപ്പോള്‍ യൂറോപ്പും അമേരിക്കയും സമാധാനം പാലിക്കാൻ ആവശ്യപ്പെട്ടു. സമാധാനത്തിനുവേണ്ടി ഞങ്ങള്‍ ആത്മസംയമനം പാലിച്ചു. എന്നാല്‍, ഇസ്രായേല്‍ വീണ്ടും ഞങ്ങളെ പ്രകോപിപ്പിക്കുകയായിരുന്നു’വെന്നും അദ്ദേഹം വ്യക്തമാക്കി.ഗസ്സയിലും ലെബാനിലുമായി ഇസ്രായേല്‍ തുടരുന്ന ആക്രമണങ്ങള്‍ മേഖലയെ ഒന്നാകെ സംഘർഷ ഭീതിയിലാക്കിയതായി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അല്‍താനി പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാനും മേഖലയുടെ സമാധാനം ഉറപ്പാക്കാനും ഇസ്രായേലിനുമേല്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ സമ്മർദം ശക്തമാക്കണമെന്നും ലോകരാജ്യങ്ങള്‍ തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റണമെന്നും അമീർ ആവശ്യപ്പെട്ടു.