കെട്ടിടത്തിന് നാലുചുറ്റും സ്‌ഫോടനം ; ഹിസ്ബുള്ളയുടെ കമാന്ററെ വധിച്ച വ്യോമാക്രമണ ദൃശ്യങ്ങള്‍ ഇസ്രായേല്‍ പുറത്തുവിട്ടു
മദ്ധ്യേഷ്യയില്‍ വന്‍ യുദ്ധം നടക്കുന്നതിനിടയില്‍ ഹിസ്ബുള്ളയുടെ ഉന്നത കമാന്ററെ വധിച്ച വ്യോമാക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഇസ്രായേലി പ്രതിരോധസേന പുറത്തുവിട്ടു.ബെയ്‌റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശത്തുള്ള റസിഡന്‍ഷ്യല്‍ ബില്‍ഡിംഗിന് ചുറ്റുമായി അനേകം സ്‌ഫോടനങ്ങള്‍ നടക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്്. ‘ഹജ് അബു സാലേ’ എന്ന് വിളിക്കപ്പെടുന്ന സ്രോര്‍ ആണ് കൊല്ലപ്പെട്ടത്.1973 ല്‍ ദക്ഷിണ ലബനീസ് ഗ്രാമത്തില്‍ ജനിച്ച ഇയാള്‍ 1996 ലായിരുന്നു ഹിസ്ബുള്ളയില്‍ ചേര്‍ന്നത്. ഹിസ്ബുള്ളയില്‍ അതിവേഗം വിവിധ നേതൃത്വത്തിലേക്കും റാങ്കുകളിലേക്കും ഉയരുകയായിരുന്നു. ഇസ്രായേലി സേനയ്‌ക്കെതിരേ ഹിസ്ബുള്ളയുടെ നിര്‍ണ്ണായകമായ അനേകം തന്ത്രങ്ങള്‍ ഒരുക്കിയിരുന്നത് സ്രോര്‍ ആയിരുന്നു. ലെബനന്റെ കിഴക്കന്‍ അതിര്‍ത്തിയിലും സിറിയയിലും ഇസ്രായേലിനെതിരേ അനേകം പോരാട്ടങ്ങളില്‍ പിന്നില്‍ പങ്കാളിയായിട്ടുണ്ട്. ഇസ്രായേല്‍ ജനതയ്ക്കും വസ്തുവകകള്‍ക്കും നേരെ നടന്നിട്ടുള്ള ഡ്രോണും സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചുള്ളതുമായ അന്തരീക്ഷ ആക്രമണങ്ങളിലായിരുന്നു സ്രോര്‍ കൂടുതല്‍ ശ്രദ്ധ വെച്ചിരുന്നത്.അടുത്തകാലത്ത് ഹിസ്ബുള്ളയുടെ വായുമാര്‍ഗ്ഗമുള്ള ആയുധങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതില സ്രോറിന് നിര്‍ണ്ണായക പങ്കുണ്ടായിരുന്നു. ആയുധങ്ങള്‍ വികസിപ്പിക്കാനായി ദക്ഷണ ലെബനനിലും ബെയ്‌റൂട്ടിലും മനുഷ്യവാസമുള്ള പ്രദേശത്തെ സൈറ്റുകളില്‍ ഇവര്‍ നടത്തിയിരുന്ന പ്രവര്‍ത്തനങ്ങള്‍ സാധാരണ ജനങ്ങളുടെ സുരക്ഷയ്ക്ക് ആശങ്ക ഉയര്‍ത്തുന്നതായിരുന്നു.യെമനിലെ ഹൂതി വിഭാഗവുമായി ചേര്‍ന്നുള്ള സര്‍ഫേസ് ടു എയര്‍ മിസൈല്‍ യൂണിറ്റിനെ നയിച്ചിരുന്നതും സ്രോര്‍ ആയിരുന്നു. സ്രോറിന്റെ വധം ഇസ്രായേലും ഹിസ്ബുള്ളകളും തമ്മിലുള്ള പോരാട്ടവും പകയും കൂട്ടാനിടയായേക്കുമെന്നാണ് വിലയിരുത്തല്‍. ഒക്‌ടോബര്‍ 7 ന് ഇസ്രായേലില്‍ നടന്ന തീവ്രവാദി ആക്രമണത്തിന് പിന്നാലെ ഇസ്രായേല്‍ സേനയും ഹിസ്ബുള്ളയും തമ്മിലുള്ള പോര് മുറുകിയിട്ടുണ്ട്. ഹമാസ് ആക്രമണത്തിന്റെ പ്രതികാരമെന്നോണം ഹിസ്ബുള്ളകള്‍ വടക്കന്‍ ഇസ്രായേലില്‍ റോക്കറ്റ് ആക്രമണം നടത്തിയിരുന്നു.