എൻസിപിയില്‍ മന്ത്രി മാറ്റം; ശശീന്ദ്രൻ പുറത്തേക്ക്, തോമസ് കെ. തോമസ് മന്ത്രിയാകും
തിരുവനന്തപുരം: എൻസിപിയിലെ മന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള വടംവലിയില്‍ തോമസ് കെ. തോമസിന് ജയം. നിലവിലെ മന്ത്രിയായ എ.കെ.ശശീന്ദ്രൻ സ്ഥാനം ഒഴിയും. ഇത് സംബന്ധിച്ച് ഒരാഴ്ചയ്ക്കകം പ്രഖ്യാപനമുണ്ടാകുമെന്നാണ് വിവരം.തർക്കം മുറുകുന്ന സാഹചര്യത്തില്‍ തോമസ് കെ. തോമസിനെയും ശശീന്ദ്രനെയും ഇന്ന് ശരത് പവാർ കൂടിക്കാഴ്ചയ്ക്ക് വിളിപ്പിച്ചിരുന്നു. എന്നാല്‍ പവാറിന്റെ തീരുമാനം തോമസ് കെ. തോമസിന് അനുകൂലമായിരുന്നു. ഇതോടെയാണ് സശീന്ദ്രന് മന്ത്രിസഭയില്‍നിന്ന് പുറത്തേക്ക് വഴിയൊരുങ്ങുന്നത്.മന്ത്രിമാറ്റത്തില്‍ അന്തിമ തീരുമാനം പവാറിന്റേതാണെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോ പറഞ്ഞു. ഒരാഴ്ച കാത്തിരിക്കാൻ പവാർ ആവശ്യപ്പെട്ടുവെന്നും തീരുമാനം ഒരാഴ്ചയ്ക്കകം ഉണ്ടായേക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട തർക്കത്തില്‍ ശശീന്ദ്രൻ നേരത്തെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ എൻസിപിയുടെ ആഭ്യന്തര വിഷയമായതുകൊണ്ട് ഇടപെടാൻ സാധിക്കില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.മന്ത്രിസ്ഥാനത്തുനിന്ന് മാറ്റിയാല്‍ എംഎല്‍എ സ്ഥാനവും രാജിവയ്ക്കുമെന്ന് ശശീന്ദ്രൻ നേരത്തെ ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ ശരത് പവാർ വിളിപ്പിച്ചതോടെ ശശീന്ദ്രൻ പാർട്ടി പറഞ്ഞാല്‍ സ്ഥാനം ഒഴിയുമെന്ന് നിലപാട് മയപ്പെടുത്തിയിരുന്നു.