‘നന്ദി ഗുരൂ, എന്നെ ഏല്‍പ്പിച്ചത് വലിയ ഉത്തരവാദിത്വം, പക്ഷേ ഞാൻ ദുഃഖിതയാണ്’; അതിഷിയുടെ ആദ്യപ്രതികരണം
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി പ്രഖ്യാപിക്കപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി അതിഷി. തന്നില്‍ ഏല്‍പ്പിക്കപ്പെട്ടത് വലിയ ഉത്തരവാദിത്വമാണെന്നും എന്നും ഗുരു അരവിന്ദ് കെജ്രിവാളിന് നന്ദി എന്നും അതിഷി പറഞ്ഞു.എന്നാല്‍ കെജ്രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനമൊഴിയുന്നതില്‍ താൻ ദുഃഖിതയാണെന്നും അതിഷി കൂട്ടിച്ചേർത്തു. ‘ഇത്ര വലിയ ഉത്തരവാദിത്വം എന്നെ ഏല്‍പ്പിച്ചതിന് ഡല്‍ഹിയുടെ ജനകീയ മുഖ്യമന്ത്രിയായ എന്റെ ഗുരു അരവിന്ദ് കെജ്രിവാളിന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. രാഷ്ട്രീയത്തില്‍ ആദ്യമായെത്തുന്ന ഒരാള്‍ക്ക് മുഖ്യമന്ത്രിയാകാൻ സാധിക്കുന്നത് ആം ആദ്മി പാർട്ടിയില്‍ മാത്രമാണ്. ഞാനൊരു സാധാരണ കുടുംബത്തില്‍ നിന്ന് വരുന്നയാളാണ്. ഞാൻ മറ്റൊരു പാർട്ടിയിലായിരുന്നെങ്കില്‍ തിരഞ്ഞെടുപ്പില്‍ സ്ഥാനാർഥിത്വം പോലും കിട്ടില്ലായിരുന്നു.’ -കല്‍ക്കാജി മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയായ അതിഷി പറഞ്ഞു.’അരവിന്ദ് കെജ്രിവാള്‍ എന്നെ വിശ്വസിച്ചു. എന്നെ എം.എല്‍.എയാക്കി. മന്ത്രിയാക്കി. ഇന്നിതാ, മുഖ്യമന്ത്രിയാകാനുള്ള ഉത്തരവാദിത്വവും അദ്ദേഹം എനിക്ക് നല്‍കി. അരവിന്ദ് കെജ്രിവാള്‍ എന്നെ അത്രയേറെ വിശ്വസിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. എന്നാല്‍ അദ്ദേഹം ഇന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്നതില്‍ ഞാൻ ദുഃഖിതയാണ്. ഡല്‍ഹിക്ക് ഒരേയൊരു മുഖ്യമന്ത്രിയേ ഉള്ളൂ. അത് അരവിന്ദ് കെജ്രിവാളാണ്.’ -അതിഷി കൂട്ടിച്ചേർത്തു.അതേസമയം നിയുക്ത ഡല്‍ഹി മുഖ്യമന്ത്രി അതിഷിക്കെതിരെ ആം ആദ്മി പാർട്ടിയുടെ രാജ്യസഭാ എം.പി. സ്വാതി മാലിവാള്‍ രംഗത്തെത്തി. അതിഷി ‘ഡമ്മി മുഖ്യമന്ത്രി’യാണെന്ന് അവർ പറഞ്ഞു. 2001-ലെ പാർലമെന്റ് ആക്രമണ കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്സല്‍ ഗുരുവിനായി പോരാടിയവരാണ് അതിഷിയുടെ കുടുംബമെന്നും സ്വാതി ആരോപിച്ചു.’ഇന്ന് ഡല്‍ഹിക്ക് വളരെ ദുഃഖം നിറഞ്ഞ ദിവസമാണ്. അഫ്സല്‍ ഗുരുവിനെ തൂക്കുകയറില്‍ നിന്ന് രക്ഷിക്കാനായി പോരാടിയ കുടുംബത്തില്‍ നിന്നുള്ള ഒരു വനിത ഡല്‍ഹിയുടെ മുഖ്യമന്ത്രിയാകുകയാണ്. ഭീകരവാദിയായ അഫ്സല്‍ ഗുരുവിനെ രക്ഷിക്കാനായി രാഷ്ട്രപതിക്ക് ദയാഹർജി നല്‍കിയവരാണ് അവളുടെ മാതാപിതാക്കള്‍. അഫ്സല്‍ ഗുരു നിരപരാധിയാണെന്നും രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി കുടുക്കിയതാണെന്നുമാണ് അവളുടെ നിലപാട്. അതിഷി വെറും ‘ഡമ്മി മുഖ്യമന്ത്രി’ മാത്രമാണ്. എങ്കിലും ഇത് രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണ്. ഡല്‍ഹിയെ ദൈവം രക്ഷിക്കട്ടെ.’ -സ്വാതി മാലിവാള്‍ സാമൂഹികമാധ്യമമായ എക്സില്‍ കുറിച്ചു.