നിപ മരണം; മലപ്പുറം തിരുവാലിയില്‍ അതീവ ജാഗ്രത;
മലപ്പുറം: നിപ ബാധിച്ച് വിദ്യാർത്ഥി മരിച്ച സാഹചര്യത്തില്‍ മലപ്പുറം ജില്ലയിലെ തിരുവാലിയില്‍ അതീവ ജാഗ്രത. മേഖലയില്‍ ഇന്ന് ആരോഗ്യ വകുപ്പിന്റെ സർവേ തുടങ്ങും.വീടുകള്‍ കയറിയിറങ്ങിയുള്ള സർവേയാണ് നടക്കുക. രോഗലക്ഷണമുള്ള ആളുകളെ കണ്ടെത്താനുള്ള സർവേയാണ് ഇപ്പോള്‍ നടക്കുന്നത്. കൂടാതെ മരണപ്പെട്ട വിദ്യാർത്ഥിയുടെ യാത്രാ വിവരങ്ങള്‍ അടിസ്ഥാനമാക്കി ഇന്ന് റൂട്ട് മാപ്പും പുറത്തുവിട്ടേക്കും.ജില്ലയിലെ രണ്ട് പഞ്ചായത്തുകളിലായി അഞ്ച് വാർഡുകളില്‍ നിയന്ത്രണം ഏർപ്പെടുത്തിയതായി കളക്‌ടർ അറിയിച്ചിരുന്നു. തിരുവാലി, മമ്പാട് പഞ്ചായത്തുകളിലെ അഞ്ച് വാർഡുകളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. തിരുവാലിയിലെ 4, 5, 6, 7 വാർഡുകളും മമ്പാട് ഏഴാം വാർഡുമാണ് കണ്ടെയ്‌ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചത്.
ഈ മേഖലകളില്‍ പ്രോട്ടോക്കോള്‍ പ്രകാരമുള്ള നിയന്ത്രണങ്ങളാണ് നിലവിലുള്ളത്. ഇന്നത്തെ നബിദിന റാലികള്‍ മാറ്റിവയ്ക്കാനുള്ള നിർദ്ദേശവും നല്‍കിയിട്ടുണ്ട്. കൂടാതെ തിരുവാലി പഞ്ചായത്തില്‍ ഒന്നാകെ മാസ്‌ക് നിർബന്ധമാക്കി ഉത്തരവിറക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പ് ഡയറക്‌ടർ ഉള്‍പ്പെടെ മലപ്പുറത്ത് എത്തി സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയും പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്‌തിട്ടുണ്ട്.നേരത്തെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ച 24 വയസുകാരനാണ് നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈ മാസം 9നായിരുന്നു പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് യുവാവ് മരിച്ചത്. സംശയം ഉയർന്നതോടെ ഉടൻ തന്നെ സാമ്ബിളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് അയക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനാ ഫലം പോസിറ്റീവായതോടെയാണ് ജാഗ്രത ശക്തമാക്കിയത്.
ഇതിന്റെ ഔദ്യോഗിക സ്ഥീരീകരണത്തിനായി സാമ്പിളുകള്‍ പൂനെ നാഷണല്‍ വൈറോളജി ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ അയക്കുകയും ചെയ്‌തിരുന്നു. ഇതിലാണ് നിപ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. പ്രോട്ടോക്കോള്‍ പ്രകാരമുള്ള നടപടികള്‍ സർക്കാർ സ്വീകരിച്ചു വരികയാണ്. ഇതിന്റെ ഭാഗമായി പതിനാറോളം കമ്മിറ്റികള്‍ ഇന്നലെ രൂപീകരിച്ചിരുന്നു.ബെംഗളൂരുവില്‍ പഠനം നടത്തി വരികയായിരുന്നു മരണപ്പെട്ട യുവാവ്. ഇതുവരെ 151 പേരുടെ പ്രാഥമിക സമ്പർക്ക പട്ടികയാണ് ആരോഗ്യവകുപ്പ് പുറത്ത് വിട്ടത്. പനി ബാധിച്ചതിനെ തുടർന്ന് മലപ്പുറത്തെ നാല് സ്വകാര്യ ആശുപത്രികളില്‍ യുവാവ് ചികിത്സ തേടിയിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. ഇതുകൂടാതെ സുഹൃത്തുക്കള്‍ക്കൊപ്പം ചില ഇടങ്ങളിലേക്ക് യാത്രയും ചെയ്‌തിട്ടുണ്ട്.ഇവരുടെ ഒക്കെ വിവരങ്ങള്‍ ശേഖരിച്ച് നേരിട്ട് സമ്പർക്കത്തില്‍ ഏർപ്പെട്ടവരെ ഐസൊലേഷനിലേക്ക് മാറ്റിയിരിക്കുകയാണ്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് കളക്‌ടർ ഉള്‍പ്പെടെ അറിയിച്ചിരിക്കുന്നത്. എങ്കിലും മേഖലയില്‍ ആവശ്യമായ ജാഗ്രത പുലർത്താൻ തന്നെയാണ് നിർദ്ദേശങ്ങളില്‍ പറയുന്നത്.