മാര്‍പാപ്പ മടങ്ങി;
സിംഗപ്പുർ: ഫ്രാൻസിസ് മാർപാപ്പ ഇന്നലെ സിംഗപ്പുരില്‍നിന്നു റോമിലേക്കു മടങ്ങി. 12 ദിവസം നീണ്ട 45-ാം അപ്പസ്തോലിക പര്യടനത്തില്‍ ഇന്തോനേഷ്യ, പാപ്പുവ ന്യൂഗിനിയ, കിഴക്കൻ ടിമൂർ, സിംഗപ്പുർ രാജ്യങ്ങളാണ് അദ്ദേഹം സന്ദർശിച്ചത്.സിംഗപ്പൂർ സമയം ഇന്നലെ ഉച്ചയ്ക്ക് 12.25ന് വിമാനം കയറിയ മാർപാപ്പ ഇറ്റാലിയൻ സമയം വൈകുന്നേരം 6.25നു റോമില്‍ ഇറങ്ങും.അവസാന ദിവസമായ ഇന്നലെയും മാർപാപ്പയ്ക്കു തിരക്കേറിയ പരിപാടികളുണ്ടായിരുന്നു. സിംഗപ്പുർ, മലേഷ്യ, ബ്രൂണെ രാജ്യങ്ങളിലെ മെത്രാന്മാരും വൈദികരുമായി ആദ്യം കൂടിക്കാഴ്ച നടത്തി. പിന്നീട് വയോധികരെ കണ്ടു.പ്രായമായവരുടെയും രോഗികളുടെയും പ്രാർഥന ദൈവത്തിനു പ്രത്യേകം പ്രിയപ്പെട്ടതാണെന്നും അതിനാല്‍ മനുഷ്യകുലത്തിനും സഭയ്ക്കും വേണ്ടി പ്രത്യേകം പ്രാർഥിക്കണമെന്നും മാർപാപ്പ ആവശ്യപ്പെട്ടു.കാത്തലിക് ജൂണിയർ കോളജിലെ മതാന്തര സംവാദത്തില്‍ പങ്കെടുക്കവേ, യുവജനങ്ങള്‍ ഉത്തരവാദിത്വമുള്ള പൗരന്മാരാകണമെന്നും ഐക്യത്തോടെ പ്രവർത്തിക്കണമെന്നും മാർപാപ്പ നിർദേശിച്ചു.ഫ്രാൻസിസ് മാർപാപ്പയുടെ ഏറ്റവും ദൈർഘ്യമേറിയ വിദേശപര്യടനമായിരുന്നു ഇത്. നാലു രാജ്യങ്ങളിലും പതിനായിരങ്ങള്‍ക്ക് അദ്ദേഹം പ്രതീക്ഷയുടെയും വിശ്വാസത്തിന്റെയും ക്രൈസ്തവ സന്ദേശം കൈമാറി.എണ്‍പത്തേഴാം വയസില്‍ പ്രായത്തെയും ആരോഗ്യാവസ്ഥയെയും കവച്ചുവയ്ക്കുന്ന ഉത്സാഹത്തോടെയാണ് അദ്ദേഹം സഞ്ചരിച്ചത്.