പുതിയ ഉപാധികളില്ലാതെ വെടിനിര്‍ത്തല്‍ കരാറിന് തയാറാണെന്ന് ഹമാസ്;
കെയ്റോ: പുതിയ ഉപാധികളില്ലാതെ ഇസ്രായേലുമായുള്ള യുദ്ധം തീർക്കാൻ വെടിനിർത്തല്‍ കരാറിന് തയാറാണെന്ന് ഹമാസ്. യു.എസ് മുന്നോട്ടുവെച്ച വെടിനിർത്തല്‍ കരാർ ഉപാധികളില്ലാതെ അംഗീകരിക്കുമെന്നും ഹമാസ് അറിയിച്ചു.റോയിട്ടേഴ്സാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.ഹമാസിന് വേണ്ടി വെടിനിർത്തല്‍ ചർച്ചകള്‍ നടത്തുന്ന മുതിർന്ന ഉദ്യോഗസ്ഥനായ ഖലീല്‍ അല്‍-ഹയ്യ, ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബില്‍ അബ്ദുല്റഹ്മാൻ അല്‍ താനി, ഈജിപ്ത് ഇന്റലിജൻസ് മേധാവി അബ്ബാസ് ഖമേല് എന്നിവർ ഇതുസംബന്ധിച്ച് ചർച്ച ചെയ്തുവെന്നാണ് റിപ്പോർട്ട്.വെടിനിർത്തല്‍ കരാറുണ്ടാക്കാൻ നിരവധി ചർച്ചകള്‍ നടന്നുവെങ്കിലും 11 മാസമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ ഇതിനൊന്നും സാധിച്ചിട്ടില്ല. സി.ഐ.എ ഡയറക്ടർ വില്യം ബേണ്‍സും ചർച്ചകളില്‍ പങ്കാളിയാണ്. വരും ദിവസങ്ങളില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വിശദമായ ചർച്ചകള്‍ നടത്തുമെന്നാണ് റിപ്പോർട്ട്.നേരത്തെ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ജൂണില്‍ വെടിനിർത്തല്‍ കരാർ മുന്നോട്ട് വെച്ചിരുന്നു. മൂന്ന് ഘട്ടമായുള്ള വെടിനിർത്തല്‍ കരാറാണ് അദ്ദേഹം മുന്നോട്ടുവെച്ചത്. മുഴുവൻ ബന്ദികളേയും വിട്ടയക്കുക, ഘട്ടം ഘട്ടമായി വെടിനിർത്തല്‍ ഏർപ്പെടുത്തുക എന്നിവയാണ് കരാറിന്റെ പ്രധാന ഭാഗം.
അതേസമയം, ഇസ്രായേല്‍ ആക്രമണത്തില്‍ ആറ് ജീവനക്കാർ കൊല്ലപ്പെട്ടുവെന്ന് യു.എൻ അറിയിച്ചു. സെൻട്രല്‍ ഗസ്സയില്‍ യു.എൻ നടത്തുന്ന സ്കൂളുകളിലൊന്നിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഒക്ടോബറില്‍ ഇസ്രായേലും ഹമാസും തമ്മില്‍ സംഘർഷം തുടങ്ങിയതിന് ശേഷം ഇതാദ്യമായാണ് ഒരു ആക്രമണത്തില്‍ ഇത്രയും പേർ മരിക്കുന്നതെന്ന് യു.എൻ അറിയിച്ചു.ഇസ്രായേല്‍ നുസ്രേത്ത് അഭയാർഥി ക്യാമ്പിലെ അല്‍-ജൗനി സ്കൂളിന് നേരെ നടത്തിയ ആക്രമണത്തില്‍ 14 പേർ കൊല്ലപ്പെട്ടുവെന്ന് ആശുപത്രി അധികൃതരും ഹമാസ് സിവില്‍ ഡിഫൻസ് ഏജൻസിയും അറിയിച്ചിട്ടുണ്ട്. ആയിരക്കണക്കിന് ഫലസ്തീനികള്‍ അഭയാർഥികളായി കഴിയുന്ന ക്യാമ്പിന് നേരെയാണ് ആക്രമണമുണ്ടായത്.