സുനിതയുടെ മടക്കം, റിസ്‌ക്കെടുക്കാൻ നാസ മുതിരില്ല; പാഠമായി ഇന്ത്യൻ വംശജ കല്‍പന ചൗളയെ നഷ്ടമായ ആ കറുത്ത ദിനം; 83,000 കഷ്ണങ്ങളായി തകര്‍ന്നടിഞ്ഞ ദൗത്യം
ബോയിംഗ് സ്റ്റാർലൈനർ പേടകം സെപ്റ്റംബർ ആറിന് ഭൂമിയിലേക്ക് തിരികെയെത്തിക്കാനൊരുങ്ങുകയാണ് നാസ. എന്നാല്‍ അതില്‍ ബഹിരാകാശ യാത്രികരായ സുനിതാ വില്യംസും ബുച്ച് വില്‍മോറുമുണ്ടാവില്ലെന്ന് നാസ നേരത്തെ വ്യക്തമാക്കിയിരുന്നു.ഇരുവരും 2025 ഫെബ്രുവരിയില്‍ സ്പേസ്‌എക്സിന്റെ ഡ്രാഗണ്‍ ക്രൂ പേടകത്തിലാകും ഭൂമിയിലെത്തുക. വാതക ചോർച്ചയും സാങ്കേതിക തകരാറും മാത്രമല്ല നാസയെ ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിച്ചത് എന്നതാണ് വാസ്തവം.മുൻകാല പിഴവുകളും രണ്ട് സ്പേസ് ഷട്ടില്‍ ദുരന്തങ്ങളുമാണ് നാസയെ മാറ്റി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതും യാത്രികരുടെ തിരിച്ചുവരവില്‍ ആശങ്കയാകുന്നതും. 1986 ജനുവരിയില്‍ ബഹിരാകാശ പേടകം പൊട്ടിത്തെറിച്ച് 14 ബഹിരാകാശ സഞ്ചാരികള്‍ മരിച്ച സംഭവവും 2003 ഫെബ്രുവരിയില്‍ ഇന്ത്യൻ വംശജ കല്‍പന ചൗള ഉള്‍പ്പടെ ആറ് പേരുടെ മരണത്തിനിടയക്കിയ കൊളംബിയ അപകടവുമാണ് നാസയെ കടുത്ത തീരുമാനങ്ങളില്‍ നിന്ന് പിന്നോട്ട് വലിക്കുന്നത്. ഈ ദുരനുഭവങ്ങളുടെ കയ്പേറിയ പാഠങ്ങള്‍ ഉള്‍ക്കൊണ്ടാണ് നാസ ബഹിരാകാശ യാത്രികരെ പ്രത്യേക പേടകത്തില്‍ എത്തിക്കുന്നത്.ബഹിരാകാശ യാത്ര നടത്തിയ ആദ്യ ഇന്ത്യൻ വംശജയായ കല്‍പന ചൗള ഉള്‍പ്പടെയുള്ള സംഘത്തിന്റെ STS-107 ദൗത്യം പരാജയപ്പെട്ടത് നാസയ്‌ക്ക് വൻ തിരിച്ചടിയായി. ബഹിരാകാശ മേഖലയില്‍ വൻ തിരിച്ചടി നേരിട്ടതോടെ വളരെ ശ്രദ്ധയോടെ മാത്രമായിരുന്നു പിന്നീടുള്ള നാസയുടെ ഓരേ നീക്കവും.
17 ദിവസത്തെ ദൗത്യമായിരുന്നു STS-107. 2003 ജനുവരി 16-ന് നാസയുടെ പേടകം ബഹിരാകാശത്തേക്ക് കുതിച്ചു. 80-ലധികം അന്താരഷ്‌ട്ര തലത്തിലുള്ള പരീക്ഷണങ്ങള്‍ ഉള്‍പ്പടെ നടത്തുക ലക്ഷ്യമിട്ടാണ് സംഘം പുറപ്പെട്ടത്. മിഷൻ സ്പെഷ്യലിസ്റ്റായിരുന്നു കല്‍പന. ദൗത്യം വിചാരിച്ചത് പോലെ ശുഭമായി പൂർത്തീകരിക്കാൻ ഏഴംഗ സംഘത്തിന് സാധിച്ചു. മടക്ക യാത്രയിലാണ് അപ്രത്യക്ഷമായി മരണം കവർന്നത്. പേടകം ഭൂമിയില്‍ പതിക്കാൻ മിനിറ്റുകള്‍ മാത്രം ശേഷിക്കേയാണ് അപകടമുണ്ടായത്. ഷട്ടില്‍ ഓർബിറ്ററിലുണ്ടായ തകരാറാണ് യുഎസിലെ കെന്നഡി സ്‌പേസ് സെൻ്ററില്‍ കൊളംബിയ പേടകം തൊടുന്നതിന് മുൻപ് അപകടത്തില്‍ പെടാൻ കാരണം.
മണിക്കൂറില്‍ ഏകദേശം 12,500 മൈല്‍ വേഗതയില്‍ വടക്കൻ ടെക്സിലൂടെ ഏകദേശം 2,03,000 അടി ഉയരത്തില്‍ സഞ്ചരിക്കുന്നതിനിടെ പേടകവുമായുള്ള ബന്ധം നാസയ്‌ക്ക് നഷ്ടപ്പെട്ടു. 12 മിനിറ്റുകള്‍ക്ക് ശേഷം മിഷൻ കണ്‍ട്രോളർക്ക് ഫോണ്‍ കോളെത്തി. പിന്നീട് പേടകം തകർന്നതായി നാസ സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് മാസത്തോളം അന്വേഷണം നടത്തി. നാല് മാസത്തോളമെടുത്താണ് പേടകത്തിന്റെ അവശിഷ്ടങ്ങള്‍ വീണ്ടടെുത്തത്. 1962 മാര്‍ച്ച് 17-ന് ഹരിയാനയിലെ കര്‍ണാലിലാണ് കല്‍പനയുടെ ജനനം.പേടകത്തിന്റെ 83,000-ത്തിലേറെ കഷ്ണങ്ങളാണ് ടെക്സാസില്‍ നിന്ന് കണ്ടെത്തിയത്. ഇന്ത്യൻ സ്വപ്നം ആകാശത്ത് പൊലിഞ്ഞിട്ട് രണ്ട് പതിറ്റാണ്ട് കഴിഞ്ഞു. ബഹിരാകാശത്ത് നിന്ന് മനുഷ്യനെ തിരികെ എത്തിക്കുന്നത് ഇന്നും വളരെ അപകടകരമാണെന്നും അതീവ ശ്രദ്ധയോടെ അല്ലെങ്കില്‍ ജീവന് പോലും ഭീഷണിയാണെന്ന് നാസയുടെയും ഇസ്രോയുടെയും മേധാവിമാരും പറയുന്നു.