വയനാട് ദുരന്തം; മരണപ്പെട്ട 36 പേരെ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു

കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടവരില്‍ 36 പേരെ ഡി.എന്‍.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞതായി വ്യക്തമാക്കി ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ഉത്തരവിറക്കി. 17 മൃതദേഹങ്ങളും 56 ശരീര ഭാഗങ്ങളുമുള്‍പ്പെടെ 73 സാമ്ബിളുകളാണ് ബന്ധുക്കളില്‍ നിന്ന് ശഖരിച്ച ഡി.എന്‍.എ സാമ്ബിളുമായി യോജിച്ചത്.ഒരാളുടെ തന്നെ ഒന്നില്‍ കൂടുതല്‍ ശരീര ഭാഗങ്ങള്‍ ലഭിച്ചതായി പരിശോധനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് ഉള്‍പ്പെടെ പരിശോധിച്ചാണ് 17 മൃതദേഹങ്ങള്‍ അടക്കം 36പേരെ തിരിച്ചറിഞ്ഞത്. കണ്ണൂര്‍ ഫോന്‍സിക് സയന്‍സ് ലാബോട്ടറിയിലാണ് പരിശോധന നടത്തിയത്.
ഉരുള്‍പൊട്ടല്‍ ദുരന്തത്തെത്തുടര്‍ന്ന് അവകാശികളില്ലാത്ത മൃതദേഹങ്ങളും ശരീര ഭാഗങ്ങളും സംസ്‌കരിക്കുന്നതിനും ഡി.എന്‍.എ പരിശോധനയ്ക്ക് സാമ്ബിളുകള്‍ ശേഖരിക്കുന്നതിനും പാലിക്കേണ്ട പ്രോട്ടോക്കോള്‍ സംബന്ധിച്ച്‌ സര്‍ക്കാര്‍ വ്യക്തമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.അവകാശികളില്ലാത്ത മൃതദേഹങ്ങളും ശരീര ഭാഗങ്ങളും പ്രത്യേക തിരിച്ചറിയല്‍ നമ്ബര്‍ നല്‍കിയാണ് സംസ്‌കരിച്ചത്. ഇതിനാല്‍ തന്നെ തിരിച്ചറിഞ്ഞവ ഈ നമ്ബര്‍ നോക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാനാകും.ഡി.എന്‍.എ ഫലങ്ങളുടെ അടിസ്ഥാനത്തില്‍ കാണാതായ 36 പേരെ തിരിച്ചറിഞ്ഞതിന്‍റെ അടിസഥാനത്തില്‍ അവരുടെ വിലാസവും മറ്റ് വിശദാംശങ്ങളും കൃത്യമായി ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.മൃതദേഹവും ശരീര ഭാഗങ്ങളും വിട്ട് നല്‍കും.ഡി.എന്‍.എ പരിശോധയില്‍ തിരിച്ചറിയപ്പെട്ട മൃതദേഹങ്ങളും ശരീര ഭാഗങ്ങളും ലഭിക്കുന്നതിന് അവകാശികള്‍ അപേക്ഷ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കൂടിയായ മാനന്തവാടി സബ് കളക്ടര്‍ക്ക് (ഫോണ്‍ 04935 240222) നല്‍കിയാല്‍ അവ പുറത്തെടുക്കുന്നതിനും കൈമാറുന്നതിനും സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന് അധികാരം നല്‍കിയിട്ടുണ്ട്. ശരീരത്തില്‍ നിന്ന് കണ്ടെടുത്ത ഭൗതിക വസ്തുക്കള്‍ സംബന്ധിച്ചും ആവശ്യമായ ഉത്തരവുകള്‍ എസ്.ഡി.എമ്മിന് പുറപ്പെടുവിക്കാം. മൃതദേഹങ്ങളും ശരീരഭാഗങ്ങളും നിലവില്‍ സംസ്‌കരിച്ച സ്ഥലത്ത് തുടരാന്‍ ആഗ്രഹിക്കുന്ന ബന്ധുക്കള്‍ക്ക് അതിനുള്ള സൗകര്യവും ചെയ്യും. മരിച്ചയാളുടെ പേരും മറ്റ് വിശദാംശങ്ങളും ഉപയോഗിച്ച്‌ തിരിച്ചറിയല്‍ അടയാളങ്ങള്‍ സ്ഥാപിക്കാന്‍ ബന്ധുക്കളെ അനുവദിക്കുമെന്നും ജില്ലാ കളക്ടറുടെ ഉത്തരവില്‍ പറയുന്നു.വാടക -ബന്ധു വീടുകളില്‍ കഴിയുന്നവർ സത്യവാങ്മൂലം നല്‍കണം മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടലിനെ തുടർന്ന് താത്ക്കാലിക പുനരധിവാസ പ്രകാരം വാടക – ബന്ധു വീടുകളിലേക്ക് മാറിയവർ സത്യവാങ്മൂലം നല്‍കണം. മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാർഡുകളില്‍ നിന്നും ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്ത്, നഗരസഭാ പരിധികളിലെ വാടക വീടുകള്‍, ബന്ധു വീടുകളിലേക്ക് താമസം മാറിയവർ നിലവില്‍ താമസിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലാണ് സത്യവാങ്മൂലം നല്‍കേണ്ടത്. വാടകയിനത്തില്‍ സർക്കാരില്‍ നിന്നും അർഹമായ തുക അനുവദിച്ചു കിട്ടുന്നതിനാണ് സത്യവാങ്മൂലം നല്‍കേണ്ടതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടർ അറിയിച്ചു.

Sharing

Leave your comment

Your email address will not be published. Required fields are marked *