പവര്‍ ഗ്രൂപ്പും മാഫിയയും ഇല്ല ,’അമ്മ’ ഒളിച്ചോടിയിട്ടില്ല; ലൈംഗികാതിക്രമങ്ങളെക്കുറിച്ച് പരാതികള്‍ അമ്മയ്ക്ക് ലഭിച്ചിട്ടില്ലെന്ന് സിദ്ദിഖ്
കൊച്ചി: സിനിമ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാൻ നിയോഗിച്ച ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവന്നതോടെ വിവാദങ്ങള്‍ കത്തുകയാണ്.റിപ്പോർട്ട് പുറത്തുവന്ന് അഞ്ചു ദിവസങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ താരസംഘടനയായ ‘അമ്മ’ പ്രതികരിച്ചിരിക്കുകയാണ്. ‘അമ്മ’ ഒളിച്ചോടിയിട്ടില്ലെന്നും ഞങ്ങള്‍ ഹേമ കമ്മിറ്റിക്കൊപ്പമാണെന്നും സംഘടനയുടെ ജനറല്‍ സെക്രട്ടറി സിദ്ദിഖ് പറയുന്നു. റിപ്പോർട്ട് പുറത്തുവരുന്നതിനെ എതിർട്ടില്ല എന്നും അതിനെ സ്വാഗതം ചെയ്യുന്നു എന്നുമാണ് സംഘടനാ പറയുന്നത്. ജനറല്‍ സെക്രട്ടറി, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ സിദ്ദിഖ്, വിനു മോഹൻ, ചേർത്തല ജയൻ, ജോമോള്‍, അനന്യ എന്നിവരാണ് വാർത്താസമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
സിദ്ദിഖിന്റെ പ്രതികരണം ഇങ്ങനെ:
അമ്മയുടെ പ്രതികരണം വൈകിയെന്ന് പൊതുവേ വിമർശനമുണ്ട്. റിപ്പോർട്ട് പുറത്തുവരുമ്ബോള്‍ ഒരു ഷോയുടെ റിഹേഴ്സല്‍ നടക്കുകയായിരുന്നു. 22ന് വെളുപ്പിനാണ് അത് അവസാനിച്ചത്. പ്രസിഡന്റ് മോഹൻലാല്‍ സ്ഥലത്തില്ല. അവരോടുള്‍പ്പെടെ ചർച്ച ചെയ്യാനാണ് സമയമെടുത്തത്. അല്ലാതെ ഒളിച്ചോട്ടമല്ല. റിപ്പോർട്ടിലെ കണ്ടെത്തലുകളും നിർദേശങ്ങളും തികച്ചും സ്വാഗതാർഹം.റിപ്പോർട്ട് പുറത്തുവരുന്നതിനെ എതിർട്ടില്ല. അതിനെയും സ്വാഗതം ചെയ്തിരുന്നു. റിപ്പോർട്ടില്‍ എന്തു നടപടിയെടുക്കണം എന്ന് തീരുമാനിക്കുന്നത് സർക്കാരാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് അമ്മയ്ക്കെതിരെയുള്ള ഒന്നല്ല. ഞങ്ങളുടെ അംഗങ്ങള്‍ തൊഴിലെടുത്ത് സുരക്ഷിതമായിരിക്കണമെന്നത് ഞങ്ങളുടെ കൂടെ ആവശ്യമാണ്. മാധ്യമങ്ങള്‍ അമ്മയെ പ്രതിസ്ഥാനത്ത് നിർത്തുന്നത് സങ്കടകരം.മലയാള സിനിമ മേഖല മുഴുവൻ മോശമാണെന്ന് സാമാന്യവത്കരിക്കുന്നതിനോട് യോജിപ്പില്ല. അടച്ചാക്ഷേപിച്ചുള്ള ആരോപണങ്ങള്‍ വിഷമങ്ങളുണ്ടാക്കി. പവർ ഗ്രൂപ്പിനെക്കുറിച്ച് അറിയില്ല. അത് എവിടെ നിന്നുവന്നു എന്ന് അറിയില്ല. എല്ലാ സംഘടനകളില്‍നിന്നും 2 പേരെ വീതം ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒരു ഹൈപവർ കമ്മിറ്റി രൂപീകരിച്ചിരുന്നു. ഇതേക്കുറിച്ചാണോ പറഞ്ഞതെന്നറിയില്ല.അങ്ങനെ ആരെങ്കിലും പവർ ഗ്രൂപ്പായി പ്രവർത്തിച്ചാല്‍ സിനിമ മേഖല മുന്നോട്ടുപോകില്ല. മാഫിയ എന്നൊക്കെ പറയുന്നത് അതേക്കുറിച്ച് അറിയാത്തതുകൊണ്ടാണ്. ഹേമ കമ്മിറ്റിയെക്കുറിച്ച് പ്രതികരിക്കുന്നതില്‍നിന്ന് ഒഴിഞ്ഞുമാറിയിട്ടില്ല. അങ്ങനെ ഒഴിഞ്ഞുമാറാനാകില്ല. കാരണം ഞാനൊരു സംഘടനയുടെ ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്നയാളാണ്. പരിപൂർണമായും ഹേമ കമ്മിറ്റി റിപ്പോർട്ടിനെ അമ്മ സ്വാഗതം ചെയ്യുന്നു. അതിലെ നിർദേശങ്ങള്‍ എല്ലാം നടപ്പിലാക്കണം.
2006ല്‍ നടന്ന സംഭവത്തെക്കുറിച്ച് 2018ല്‍ ഒരു പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു. അന്ന് ഞാൻ വെറും എക്സിക്യൂട്ടിവ് മെമ്ബർ മാത്രമായിരുന്നു. അന്ന് പരാതി ശ്രദ്ധയില്‍പ്പെട്ടില്ല. അത് തെറ്റായിപ്പോയി. അങ്ങനെയുണ്ടാകാൻ പാടില്ലാത്തതാണ്. അല്ലാതെ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് മറ്റു പരാതികള്‍ അമ്മയ്ക്ക് ലഭിച്ചിട്ടില്ല. ലൈംഗികാതിക്രമത്തേക്കാള്‍ കൂടുതല്‍ പ്രതിഫലം ലഭിക്കാതെ പോകുന്നു എന്ന പ്രശ്നമാണ് സിനിമ മേഖല നേരിടുന്ന വലിയ പ്രശ്നം. ലൈംഗികാതിക്രമ ആരോപണങ്ങളില്‍ വേട്ടക്കാരുടെ പേരു പുറത്തുവിടണമെന്നും കേസെടുക്കണമെന്നും സർക്കാരിനോട് ആവശ്യപ്പെടുന്ന കാര്യം അമ്മ ആലോചിച്ചു തീരുമാനമെടുക്കും.അമ്മ സംഘടനയിലെ ഭൂരിഭാഗം പേരെയും കമ്മിറ്റി മൊഴിയെടുക്കാൻ വിളിപ്പിച്ചിട്ടില്ല. എന്നെ വിളിച്ചിട്ടില്ല. മമ്മൂട്ടി, മോഹൻലാല്‍ തുടങ്ങിയവരെ വിളിച്ചിരുന്നു. അവരോട് പ്രതിഫലം സംബന്ധിച്ച ചില കാര്യങ്ങള്‍ മാത്രമാണ് ചോദിച്ചതെന്നാണ് അറിഞ്ഞത്.റിപ്പോർട്ട് പഠിച്ച ശേഷം പ്രതികരിക്കാമെന്നും ഇതിന്മേല്‍ സർക്കാർ എന്തു നടപടി സ്വീകരിച്ചാലും പിന്തുണയുണ്ടാകുമെന്നുമാണ് അമ്മയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും തുടക്കത്തില്‍ അറിയിച്ചത്. സിനിമ മേഖലയെ റിപ്പോർട്ടിലെ കാര്യങ്ങള്‍ എങ്ങനെയാണ് ബാധിക്കുക, എന്തിനാണ് മറുപടി പറയേണ്ടത് എന്നതൊക്കെ റിപ്പോർട്ട് പഠിച്ച ശേഷം എന്നായിരുന്നു അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖ് പറഞ്ഞിരുന്നത്. സിനിമയിലെ മറ്റു സംഘടനകളുമായും ആലോചിക്കേണ്ടതുണ്ട്. വളരെ സെൻസിറ്റീവ് ആയ വിഷയമായതിനാല്‍ റിപ്പോർട്ടിലെ വിശദാംശങ്ങള്‍ പഠിച്ചതിനു ശേഷമേ പറയാൻ പാടുള്ളൂവെന്നും താനോ സഹപ്രവർത്തകരോ ഇതിനെക്കുറിച്ച് അറിയാെത എന്തെങ്കിലും പറഞ്ഞു പോയാല്‍ ഭാവിയില്‍ വലിയ ദൂഷ്യഫലങ്ങള്‍ ഉണ്ടാകുമെന്നുമായിരുന്നു റിപ്പോർട്ട് പുറത്തുവന്ന ദിവസം സിദ്ദിഖ് പ്രതികരിച്ചത്.