ലോസാൻ ലീഗിലും തിളങ്ങി നീരജ് ചോപ്ര; പാരിസിലെ റെക്കോര്‍ഡ് ദൂരം മറികടന്ന് കിടിലൻ ത്രോ; രണ്ടാം സ്ഥാനം
ലോസാൻ ഡയമണ്ട് ലീഗില്‍ ജാവലിൻ ത്രോയില്‍ സീസണിലെ മികച്ച പ്രകടനം കാഴ്ചവച്ച് നീരജ് ചോപ്ര. സീസണിലെ മികച്ച ദൂരമായ 89.49 മീറ്റർ താണ്ടി ലോക ചാമ്ബ്യൻ രണ്ടാം സ്ഥാനത്തെത്തി.ഗ്രനഡയുടെ ആൻഡേഴ്സണ്‍ പീറ്റേഴ്സ് മീറ്റ് റെക്കോഡോടെ ( 90.61 മീറ്റർ) ഒന്നാം സ്ഥാനം നേടി. ജർമനിയുടെ ജൂലിയൻ വെബർ (87.08) മൂന്നാമതെത്തി.ആദ്യ നാല് റൗണ്ടിലും നാലാമതായിരുന്ന നീരജ് അഞ്ചാം റൗണ്ടില്‍ 85.58 മീറ്റർ കണ്ടെത്തി. അവസാനത്തെ റൗണ്ടിലാണ് സീസണിലെ മികച്ച ദൂരം കണ്ടെത്താനായത്. ആദ്യ അഞ്ച് ശ്രമങ്ങളില്‍ 82.10, 83.21, 83.13, 82.34, 85.58 എന്നിങ്ങനെയായിരുന്നു താരത്തിന്റെ പ്രകടനം. പാരിസ് ഒളിമ്ബിക്സിലെ വെള്ളി നേട്ടത്തിന് കാരണമായ ദൂരം പിന്നിടാൻ നീരജിന് സാധിച്ചുവെന്നത് ശ്രദ്ധേയമാണ്.മികച്ച പ്രകടനത്തോടെ താരം ഫൈനല്‍ യോഗ്യത നേടി. സെപ്റ്റംബർ 14-ന് ബ്രസല്‍സില്‍ നടക്കുന്ന ഡയമണ്ട് ലീഗ് ഫൈനലിലെ ജേതാവാണ് ഡയമണ്ട് ലീഗ് ചാംപ്യനാകുക.