‘കോണ്‍ക്‌ളേവില്‍ ചര്‍ച്ച ചെയ്യുന്നത് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മാത്രമല്ല’; നടി പാര്‍വതി തിരുവോത്തിന് മറുപടിയുമായി മന്ത്രി;
തിരുവനന്തപുരം: സർക്കാരിന്റെ സിനിമാ കോണ്‍ക്ളേവിനെതിരെ വിമർശനം ഉന്നയിച്ച നടി പാർവതി തിരുവോത്തിന് മറുപടിയുമായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ.കോണ്‍ക്ലേവില്‍ ചർച്ച ചെയ്യുന്നത് ഹേമ കമ്മിറ്റി റിപ്പോർട്ട് മാത്രമല്ലെന്നും കോണ്‍ക്ളേവുമായി സർക്കാർ മുന്നോട്ടുപോകുമെന്നും മാദ്ധ്യമങ്ങളോട് മന്ത്രി വ്യക്തമാക്കി. ഇരകളെയും വേട്ടക്കാരെയും ഒന്നിച്ചിരുത്തിയുള്ള ചർച്ചയാണോ കോണ്‍ക്ലേവ് എന്നാണ് പാർവതി വിമർശനം ഉന്നയിച്ചത്.ഹേമ കമ്മിറ്റി റിപ്പോർട്ട് ഗൗരവമുള്ളതാണെന്ന് മന്ത്രി പറഞ്ഞു. ‘കോടതി ഒരു ഉത്തരവ് പറഞ്ഞിട്ടുണ്ട്. സർക്കാർ എല്ലാ വിവരങ്ങളും നല്‍കാാൻ തയ്യാറാണ്. ധനകാര്യ മന്ത്രി കെ എൻ ബാലഗോപാല്‍ പോസിറ്റീവ് ആയാണ് പ്രതികരിച്ചതെന്നാണ് മനസിലാക്കുന്നത്. ഇക്കാര്യത്തില്‍ സർക്കാരിന് അഭിപ്രായ വ്യത്യാസമില്ല. കോണ്‍ക്ളേവില്‍ ചർച്ച ചെയ്യുന്നത് ഹേമ കമ്മിറ്റി റിപ്പോർട്ട് മാത്രമല്ല, ഇരകളെയും വേട്ടക്കാരയെയും ഒരുമിച്ചിരുത്തുന്നവെന്ന ആരോപണം തെറ്റിദ്ധാരണ മൂലമുള്ളതാണ്. സിനിമാ മേഖലയിലെ ഭാവി നയം രൂപീകരിക്കാനുള്ള ദേശീയ കോണ്‍ക്ളേവ് ആണ് നടത്തുന്നത്. വിവിധ സംഘടനാ പ്രതിനിധികള്‍ പങ്കെടുക്കും. കോണ്‍ക്ളേവുമായി സർക്കാർ മുന്നോട്ടുതന്നെ പോകും’- മന്ത്രി വ്യക്തമാക്കി.ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പൊലീസില്‍ പരാതി നല്‍കേണ്ട പണിയും ഇരകളാണോ ചെയ്യേണ്ടതെന്ന് പാർവതി ചോദിച്ചിരുന്നു. ഗവണ്‍മെന്റ് തന്നെ ചോദിക്കുകയാണ്, നിങ്ങള്‍ എന്തുകൊണ്ട് പൊലീസില്‍ പോയില്ല എന്ന്. ഇനി ആ പണിയും നമ്മളാണോ ചെയ്യേണ്ടതെന്ന് അപ്പോള്‍ തിരിച്ചു ചോദിക്കേണ്ടി വരും. ഇരകള്‍ പരാതി കൊടുക്കേണ്ട ആവശ്യമില്ല. റിപ്പോർട്ടില്‍ നടപടി എടുക്കേണ്ടത് സർക്കാരാണ്. എത്ര പരാതികളില്‍ സർക്കാർ നടപടി എടുത്തുവെന്നും പാർവതി ചോദിച്ചിരുന്നു.