പശ്ചിമേഷ്യയിലേക്ക് യുദ്ധവിമാനങ്ങളുടെയും കപ്പലുകളുടെയും നീക്കം വേഗത്തിലാക്കാൻ ഉത്തരവിട്ട് അമേരിക്ക; നടപടി ഇറാന്റെ ഭീഷണി നിലനില്‍ക്കെ
പശ്ചിമേഷ്യയിലേക്കുള്ള യുദ്ധവിമാനങ്ങളുടെയും കപ്പലുകളുടെയും വിന്യാസം വേഗത്തിലാക്കാൻ ഉത്തരവിട്ട് അമേരിക്ക. ഇസ്രയേലിനെതിരെ ഇറാന്റെ ആക്രമണ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ നീക്കം.യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനാണ് എബ്രഹാം ലിങ്കണ് സ്ട്രൈക്ക് ഗ്രൂപ്പിനോട് ഈ മേഖലയിലേക്കുള്ള വിന്യാസം ത്വരിതപ്പെടുത്താൻ ആവശ്യപ്പെട്ടത്.ഇസ്രയേലി പ്രതിരോധ മന്ത്രി യോവ് ഗാലന്റുമായി സംസാരിച്ച ശേഷമാണ് ലോയ്ഡ് ഓസ്റ്റിന്റെ ഉത്തരവ്. ഗൈഡഡ് മിസൈല്‍ അന്തർവാഹിനി ഉള്‍പ്പെടെയുള്ളവയുടെ വിന്യാസമാണ് അമേരിക്ക നടത്തുക. ഇസ്രയേല്‍ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നേരത്തെ തന്നെ പശ്ചിമേഷ്യയിലേക്ക് കൂടുതല്‍ യുദ്ധവിമാനങ്ങളും യുദ്ധക്കപ്പലുകളും വിന്യസിക്കുമെന്ന് അമേരിക്ക അറിയിച്ചിരുന്നു.ഹമാസിൻ്റെ രാഷ്ട്രീയ വിഭാഗം നേതാവ് ഇസ്മായില്‍ ഹനിയയെ ഇറാനില്‍വച്ച് ഇസ്രയേല്‍ കൊലപ്പെടുത്തിയതാണ് പശ്ചിമേഷ്യയെ വീണ്ടും സംഘർഷ സാധ്യതയിലേക്ക് തള്ളിവിട്ടത്. കൊലപാതകത്തിന് ഉത്തരവാദി ഇസ്രയേലാണെന്ന് ആരോപിച്ച ഇറാൻ ഹനിയയുടെ കൊലപാതകത്തിന് പകരം ചോദിക്കുമെന്ന് പ്രതിജ്ഞ എടുക്കുകയും ചെയ്തിരുന്നു. കൂടാതെ, ഹിസ്ബുള്ള നേതാവ് ഫുവാദ് ശുക്കറിനെയും ഇസ്രയേല്‍ വധിച്ചിരുന്നു. ഇത് ഹിസ്ബുള്ളയെയും ചൊടിപ്പിച്ചിട്ടുണ്ട്.ഇസ്രയേല്‍ ആക്രമണത്തിൽ പത്തുമാസത്തിനുള്ളില്‍ ഗാസയില്‍ മരിച്ചത് 1.8 ശതമാനം അതേസമയം, ഗാസയില്‍ വെടിനിർത്തല്‍ ഏർപ്പെടുത്താനുള്ള ചർച്ചകള്‍ പുനരാരംഭിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അമേരിക്ക, ഈജിപ്ത്, ഖത്തർ എന്നിവരുടെ മധ്യസ്ഥയില്‍ വെള്ളിയാഴ്ച ചർച്ചകളും വിളിച്ചിട്ടുണ്ട്. കൂടുതല്‍ യോഗങ്ങളിലേക്ക് പോകുന്നതിന് പകരം, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ മുന്നോട്ടുവച്ച വെടിനിർത്തല്‍ ഉപാധികള്‍ നടപ്പാക്കുകയാണ് വേണ്ടത് എന്നതാണ് ഹമാസിന്റെ പക്ഷം. ചർച്ചാ പ്രക്രിയയിലുടനീളം തങ്ങള്‍ അനുകൂല സമീപനങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഇസ്രയേലിനാണ് താത്പര്യമില്ലാത്തതെന്നും അവർ ആരോപിച്ചു.ഗാസയില്‍നിന്ന് ഹമാസിനെ നശിപ്പിക്കാനെന്ന പേരില്‍ വലിയ ആക്രമണങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലായി ഇസ്രയേല്‍ സൈന്യം നടത്തുന്നത്. ഗാസ സിറ്റിയിലെ അല്‍ താബിൻ സ്കൂളിന് നേരെ നടത്തിയ ആക്രമണത്തില്‍ നൂറിലധികം പേരാണ് കൊല്ലപ്പെട്ടത്. ഗാസ ജനസംഖ്യയുടെ ഏകദേശം 1.8 ശതമാനം ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇതില്‍ 75 ശതമാനവും 30 വയസില്‍ താഴെയുള്ളവരാണ്.