അണിനിരക്കുന്നത് യെമൻ, സിറിയ, ഇറാഖ്, ഇറാൻ; ഇസ്രയേലിനെ നേരിട്ടാക്രമിക്കാൻ ഉത്തരവിട്ട് ഖമനേയി
ടെഹ്‌റാൻ: ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയേയെ കൊല്ലപ്പെടുത്തിയതിന് പ്രതികാരമായി ഇസ്രയേലിനെ നേരിട്ട് ആക്രമിക്കാൻ ഉത്തരവിട്ട് ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി.റെവല്യൂഷണറി ഗാർഡിലെ രണ്ട് അംഗങ്ങള്‍ ഉള്‍പ്പെടെ മൂന്ന് ഇറാനിയൻ ഉദ്യോഗസ്ഥരെ ഉദ്ദരിച്ചുകൊണ്ട് ന്യൂയോർക്ക് ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഹനിയേ വധിക്കപ്പെട്ടതായി പ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെ ഇന്നലെ രാവിലെ ഇറാന്റെ സുപ്രീം ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ അടിയന്തര യോഗത്തിലാണ് ഖമേനിയുടെ ഉത്തരവ്.
‘ഹനിയേയുടെ രക്തത്തിന് പ്രതികാരം ചെയ്യേണ്ടത് ഞങ്ങളുടെ കടമയാണ്, കൊലപാതകം നടന്നത് ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ മണ്ണിലാണ്. കഠിനമായ ശിക്ഷ ഏറ്റുവാങ്ങാൻ ഇസ്രയേല്‍ സ്വയം വേദിയൊരുക്കി’- എന്നാണ് പ്രസ്‌താവനയില്‍ ഖമനേയി വ്യക്തമാക്കിയത്.ഹനിയേയുടെ കൊലപാതകത്തില്‍ ഇറാൻ എത്ര ശക്തമായി പ്രതികരിക്കുമെന്ന് ഇപ്പോള്‍ വ്യക്തമല്ലെന്ന് ഇറാൻ ഉദ്യോഗസ്ഥർ പറഞ്ഞു. ടെല്‍ അവീവിനും ഹൈഫയ്ക്കും സമീപമുള്ള സൈനിക കേന്ദ്രങ്ങളില്‍ ഡ്രോണുകളും മിസൈലുകളും ഉള്‍പ്പെടുന്ന സംയോജിത ആക്രമണമാണ് ഇറാനിയൻ സൈനിക കമാൻഡർമാർ ആലോചിക്കുന്നതെന്നാണ് വിവരം. എന്നാല്‍ പൊതുജനങ്ങളുടെ സുരക്ഷ പരിഗണിക്കും. യെമൻ, സിറിയ, ഇറാഖ് എന്നിവിടങ്ങളില്‍ നിന്നുള്ള സഖ്യസേനകളുമായി ചേർന്ന് ഏകോപിത ആക്രമണം നടത്തുന്നതും ഇറാന്റെ പരിഗണനയിലുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.ഇറാൻ തലസ്ഥാനമായ ടെഹ്റാനില്‍ മിസൈല്‍ ആക്രമണത്തിലാണ് ഹനിയേ കൊല്ലപ്പെട്ടത്. ഇറാന്റെ പുതിയ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്റെ സ്ഥാനാരോഹണത്തിന് എത്തിയതായിരുന്നു ഹനിയേ. ടെഹ്‌റാന്റെ വടക്ക് അദ്ദേഹം താമസിച്ച വസതിയിലേക്ക് ഇസ്രയേല്‍ വ്യോമസേന മിസൈല്‍ വർഷിക്കുകയായിരുന്നു. ഹനിയേയുടെ അംഗരക്ഷകനും കൊല്ലപ്പെട്ടു. ഇന്ത്യൻ സമയം ഇന്നലെ പുലർച്ചെ 4നായിരുന്നു ആക്രമണം.ലെബനനില്‍ ഹിസ്ബുള്ള ഗ്രൂപ്പിന്റെ ഉന്നത കമാൻഡർ ഫൗദ് ഷുക്റിനെ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ വധിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് ഹനിയേയും കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച അയത്തൊള്ള അലി ഖമനേയിയുമായി ഹനിയേ കൂടിക്കാഴ്ച നടത്തിയിരുന്നു.