2001 മാര്‍ച്ച്‌ 31ന് ശേഷം ഭൂമി വാങ്ങിയവരുടെ ശ്രദ്ധയ്‌ക്ക്, പ്രമാണം പരിശോധിച്ചില്ലെങ്കില്‍ പുതിയ ബഡ്‌ജറ്റ് പണി തരും;

കൊച്ചി: ഭൂമി വില്പനയില്‍ നിന്നുള്ള മൂലധന നേട്ട നികുതി കണക്കാക്കുന്നതില്‍ ഇൻഡക്‌സേഷൻ ഒഴിവാക്കാനുള്ള കേന്ദ്ര ബഡ്ജറ്റിലെ പ്രഖ്യാപനം റിയല്‍ എസ്‌റ്റേറ്റ് മേഖലയ്ക്ക് വൻ തിരിച്ചടി സൃഷ്ടിച്ചേക്കും.സംസ്ഥാനത്ത് ഭൂമി വിലയിലെ വർദ്ധന പ്രതിവർഷം പത്ത് ശതമാനത്തിലും താഴെയായതിനാല്‍ പുതിയ നിർദ്ദേശം നിക്ഷേപകർക്കും ഭൂഉടമകള്‍ക്കും വലിയ ബാദ്ധ്യതയായി മാറുമെന്നാണ് വിലയിരുത്തുന്നത്. ഭൂമി, വീട് എന്നിവയുടെ മൂലധന നേട്ട നികുതി 20 ശതമാനത്തില്‍ നിന്ന് 12.5 ശതമാനമായി ബഡ്‌ജറ്റില്‍ കുറച്ചതിനൊപ്പമാണ് ഇൻഡക്സേഷൻ ഒഴിവാക്കിയത്. നികുതിയിലെ കുറവ് ഭവന വിപണിക്ക് ഗുണമാകുമെന്നാണ് ധനമന്ത്രി അവകാശപ്പെട്ടിരുന്നു.എന്നാല്‍ നാണയപ്പെരുപ്പത്തിന്റെ സ്വാധീനം കണക്കിലെടുത്ത് മൂലധന നേട്ടം കണക്കാക്കുന്ന ഇൻഡക്സേഷൻ സംവിധാനം ഇല്ലാതാകുന്നതോടെ ഭൂമി ഇടപാടുകളില്‍ നികുതി ബാദ്ധ്യത കൂടുമെന്ന ആശങ്ക ശക്തമാണ്. നിക്ഷേപമെന്ന നിലയില്‍ ഭൂമി വാങ്ങിയപ്പോള്‍ വില കുറച്ച്‌ രജിസ്ട്രേഷൻ നടത്തിയവർക്കും പുതിയ നിർദേശം വിനയാകും. 2001 മാർച്ച്‌ 31ന് ശേഷം വാങ്ങിയ ഭൂമി ഇടപാടുകള്‍ക്കാണ് ഇൻഡക്സേഷൻ ഒഴിവാക്കുന്നത്. അതേസമയം നിക്ഷേപമെന്ന നിലയില്‍ സമീപകാലത്ത് വാങ്ങിയ ഭൂമി വില്ക്കുന്നവർക്ക് മൂലധന നേട്ട നികുതിയിലെ കുറവ് ഗുണമാകും നാണയപ്പെരുപ്പ സൂചിക കൂടി കണക്കിലെടുത്ത് മൂലധന നേട്ടം കണക്കാക്കുന്ന സംവിധാനമാണ് ഇൻഡക്‌സേഷൻ. ഭൂമി കൈവശമുള്ള കാലയളവിന് അനുസരിച്ച്‌ നിക്ഷേപകരുടെ നികുതി ബാദ്ധ്യത കുറയാൻ ഇൻഡക്സേഷൻ വലിയ തോതില്‍ സഹായമായിരുന്നു. ഇത്തവണ ബഡ്‌ജറ്റില്‍ ഈ ആനുകൂല്യം പൂർണമായും ഒഴിവാക്കി.കൊവിഡിന് ശേഷം സംസ്ഥാനത്തെ ഭൂമി വിലയില്‍ കാര്യമായ വർദ്ധന ദൃശ്യമാകാത്തതിനാല്‍ പുതിയ നികുതി പരിഷ്‌കാരം കേരളത്തിന് വലിയ തിരിച്ചടിയാകും. നാണയപ്പെരുപ്പ നിരക്കിനേക്കാള്‍ ഭൂമി വിലയില്‍ വർദ്ധനയുണ്ടായാല്‍ മാത്രമേ മൂലധന നേട്ട നികുതിയിലുണ്ടായ കുറവിന്റെ പ്രയോജനം നിക്ഷേപകർക്ക് ലഭിക്കൂവെന്ന് പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റായ കെ. റിജാസ് പറയുന്നു.

Sharing

Leave your comment

Your email address will not be published. Required fields are marked *