എസ്എസ്എല്‍സി എഴുതാതെ കൂലിപ്പണിക്കിറങ്ങി; 45-ാം വയസില്‍ അഭിഭാഷക; കഠിനാധ്വാനത്തിന്റെ പര്യായമായി അംബിക
അച്ചില്‍ വാർത്തെടുക്കുന്ന പ്രതിമകള്‍ക്ക് കണ്ണും കാതും വരച്ചുചേർക്കുന്ന കമ്പനിത്തൊഴിലാളിയില്‍നിന്ന് അംബികയുടെ പ്രയാണം എത്തിനില്‍ക്കുന്നത് അഭിഭാഷകവേഷത്തില്.ഒന്നാം വയസ്സില്‍ അമ്മയും ഒൻപതാം വയസ്സില്‍ അച്ഛനും നഷ്ടപ്പെട്ട് പത്താം ക്ലാസ് പഠനം പൂർത്തിയാക്കാനാകാതെ കൂലിത്തൊഴിലിടത്തിലേക്കിറങ്ങിയ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട എം. അംബിക അഭിഭാഷകയായത് 45-ാമത്തെ വയസ്സില്‍. പത്താം ക്ലാസും പ്ലസ് ടു വും തുല്യതാ പരീക്ഷയിലൂടെ ജയിച്ചാണ് മോഹം സാക്ഷാത്കരിച്ചത്.പ്രവേശനപരീക്ഷ പാസായി 2019-ലാണ് കുളപ്പുള്ളിയിലെ അല്‍ അമീൻ കോളേജില്‍ പഞ്ചവത്സര ബി.ബി.എ. എല്‍.എല്‍.ബി. കോഴ്സിന് ചേർന്നത്. ഒന്നാം ക്ലാസോടെ പാസായി. അഭിഭാഷകനായ ബിനുവിന് കീഴില്‍ ഇരിങ്ങാലക്കുട കോടതിയില്‍ പ്രാക്ടീസ് ചെയ്യുകയാണിപ്പോള്‍.അമ്മ അമ്മിണി അംബികയ്ക്ക്് ഒരു വയസ്സുള്ളപ്പോള്‍ മരിച്ചു. റെയില്‍വേയില്‍ ഗാർഡായിരുന്ന അച്ഛൻ കൃഷ്ണൻ ഒൻപതാം വയസ്സിലും. വീട്ടില്‍ നിറയെ പ്രാരാബ്ധമായിരുന്നു. സഹോദരങ്ങളായ വസന്ത, ശാന്തി എന്നിവരായിരുന്നു പിന്നീട് തുണ. പത്താം ക്ലാസ് പൂർത്തിയാക്കാതെ പഠനം നിർത്തി. 18-ാമത്തെ വയസ്സില്‍ പ്രതിമ കമ്പനിയിലെ തൊഴിലാളിയായ മണ്ണംപേട്ട നന്ദിക്കര വീട്ടിലെ എൻ.വി. അയ്യപ്പനെ വിവാഹം കഴിച്ചു.വീടിനടുത്ത പ്രതിമക്കമ്പനിയില് ജോലിക്ക് ചേർന്നു. കലാവാസന ഉണ്ടായിരുന്നതിനാല്‍ പ്രതിമകള്‍ക്ക് കണ്ണും കാതും വരയ്ക്കലായിരുന്നു ജോലി. അതിനിടെ മകൻ അനന്തുവിനെ എം.എ. ഇംഗ്ലീഷ് വരെ പഠിപ്പിച്ചു. 25 വയസ്സുള്ള അനന്തുവിപ്പോള്‍ മസ്കറ്റില്‍ വയലിൻ ആർട്ടിസ്റ്റാണ്. 18 വയസ്സുള്ള മകള്‍ അനാമിക ബൗദ്ധിക വെല്ലുവിളി നേടുന്ന വിദ്യാർഥിനിയാണ്. തൈക്കാട്ടുശ്ശേരിയിലെ സ്പെഷ്യല്‍ സ്കൂളിലാണ് പഠനം.വീടിനടുത്ത വായനശാലയില്‍ എത്തിയിരുന്ന തുല്യതാ പരീക്ഷയുടെ കോർഡിനേറ്ററായ ഓമനാ തങ്കപ്പനെ കണ്ടുമുട്ടിയതാണ് വഴിത്തിരിവായത്. പത്താം ക്ലാസ് തുല്യതാ പരീക്ഷ അങ്ങനെ പാസായി. പ്ലസ് ടു തുല്യതാ പരീക്ഷയെഴുതാൻ പ്രേരിപ്പിച്ചത് കോഡിനേറ്ററായ സത്യനാണ്. രണ്ടും പാസായതൊടെ ആത്മവിശ്വാസം കൂടി. ഭർത്താവ് പിന്തുണയുമായി എത്തിയപ്പോള്‍ എല്‍.എല്‍.ബി. എൻട്രൻസ് എഴുതി. അങ്ങിനെ അഭിഭാഷകയുമായി.അമ്പലപ്പുഴ മുതല്‍ കോഴിക്കോട് വരെ പ്രതിമകള്‍ കൊണ്ടുപോയി വില്‍ക്കുന്ന ജോലിയാണിപ്പോള്‍ അയ്യപ്പന്. ജീവിക്കാനുള്ള വരുമാനം കിട്ടുന്നുണ്ടെന്ന് അയ്യപ്പൻ പറയുന്നു.