ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് കണ്ഠര് രാജീവര് പൂര്‍ണ ചുമതല ഒഴിയുന്നു; സന്നിധാനത്തെ താന്ത്രികവഴിയില്‍ ഇനി കണ്ഠര് ബ്രഹ്മദത്തനും
ത്തനംതിട്ട: ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് കണ്ഠര് രാജീവര് പൂർണ ചുമതല ഒഴിയുന്നു. മകൻ കണ്ഠരര് ബ്രഹ്മദത്തനാണ് തന്ത്രി സ്ഥാനത്തേയ്ക്കെത്തുക.നിലവില്‍ തന്ത്രിയായ കണ്ഠരര് മഹേശ്വര് മോഹനർക്കൊപ്പം തന്ത്രിപദവിയിലേക്ക് ബ്രഹ്മദത്തൻ കൂടി വരുന്നതോടെ തലമുറമാറ്റം പൂർണമാകും.ഓഗസ്റ്റ് 16-ന് നട തുറക്കുമ്പോള്‍ മേല്‍ശാന്തി നട തുറക്കുന്നത് കണ്ഠരര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിലായിരിക്കും. ചുമതലകളില്‍ നിന്നൊഴിഞ്ഞാലും കണ്ഠര് രാജീവരുടെ പങ്കാളിത്തമുണ്ടാകും. ഓരോ വർഷവും മാറിമാറിയാണ് താഴമണ്‍ മഠത്തിലെ രണ്ട് കുടുംബങ്ങള്‍ക്ക് ശബരിമലയിലെ താന്ത്രികാവകാശം. പരേതനായ കണ്ഠര് മഹേശ്വരരുടെ മകൻ കണ്ഠര് മോഹനരുടെ മകനാണ് ഇപ്പോഴത്തെ തന്ത്രി കണ്ഠര് മഹേശ്വര് മോഹനര്.
രാജീവരുടെയും ബിന്ദുവിന്റെയും മകനായ ബ്രഹ്മദത്തൻ നിയമത്തില്‍ ബിരുദാനന്തര ബിരുദധാരിയാണ്. ഒരു വർഷം മുൻപാണ് ജോലി രാജി വച്ച് താന്ത്രിക കർമങ്ങളിലേക്ക് തിരിഞ്ഞത്. ബെംഗളൂരു ക്രൈസ്റ്റ് കോളജില്‍ നിന്ന് ബിബിഎ, എല്‍എല്‍ബി നേടി. കോട്ടയം ജില്ലാ കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു. രണ്ടര വർഷം ബെംഗളൂരുവിലെ സ്വകാര്യ കണ്‍സല്‍ട്ടിങ് കമ്പനിയില്‍ അനലിസ്റ്റായി ജോലി നോക്കി. പിന്നീട് സ്കോട്ലാൻഡില് എല്‍എല്‍എം പഠനം. തിരിച്ചെത്തി ഹൈദരാബാദിലെ കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചു. ഇതിനിടയിലാണ് ജോലി രാജി വച്ചത്.എട്ട് വർഷം മുൻപ് പൂജാപഠനവും ആചാരപ്രകാരം ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിലെ ചടങ്ങുകളും പൂർത്തിയാക്കിയിരുന്നു ബ്രഹ്മദത്തൻ. ശബരിമല, ഏറ്റുമാനൂർ എന്നിവിടങ്ങളിലെ കൊടിമര പ്രതിഷ്ഠയ്ക്ക് അച്ഛനൊപ്പം സഹകാർമികനായി. കഴിഞ്ഞ വർഷം കർക്കടകമാസ പൂജയ്ക്കും നിറപുത്തരിക്കും സന്നിധാനത്തെത്തിയ ബ്രഹ്മദത്തനെ ഓരോ പൂജയുടെയും പ്രത്യേകതയും കൃത്യതയോടെ ചെയ്യേണ്ടതെന്ന രീതികള്‍ രാജീവ് തന്ത്രി പഠിപ്പിച്ചിരുന്നു.