ഗാര്‍ഹിക പീഡനങ്ങള്‍ കൂടുന്നു: വനിത കമ്മിഷന്‍

ആലപ്പുഴ: ഗാര്‍ഹിക പീഡന പരാതികള്‍ കൂടി വരുന്നതായും ലിംഗസമത്വം സംബന്ധിച്ച ബോധവല്‍ക്കരണം കുട്ടികളില്‍ നിന്നു തന്നെ തുടങ്ങണമെന്നും വനിത കമ്മിഷന്‍ അംഗം വി.ആര്‍.മഹിളാമണി പറഞ്ഞു. ആലപ്പുഴ ജെന്‍ഡര്‍പാര്‍ക്ക് ഹാളില്‍ നടത്തിയ ജില്ലാതല അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അംഗം. സമൂഹം ഒന്നടങ്കം മാറണം.ഈ സാമ്പത്തികവര്‍ഷവും വ്യാപകമായ ബോധവല്‍ക്കരണ പരിപാടികള്‍ വനിതാ കമ്മിഷന്‍ സംഘടിപ്പിക്കും. വിവാഹം കഴിഞ്ഞ് കുറച്ചു കഴിയുമ്പോള്‍ സ്ത്രീധനം ചോദിച്ചു പീഡനം ആരംഭിക്കുന്ന പ്രവണതയുണ്ട്. പ്രണയിച്ചു വിവാഹം കഴിച്ചവര്‍ പോലും വിവാഹ ശേഷം സ്ത്രീധനം ചോദിക്കുന്നത് അദ്ഭുതപ്പെടുത്തുന്നു. ഭാര്യയും രണ്ടു മക്കളുമുണ്ടെന്ന വിവരം മറച്ചുവച്ചു കൊണ്ട് വിവാഹം ചെയ്തതു സംബന്ധിച്ച പരാതി അദാലത്തില്‍ പരിഗണനയ്ക്ക് എത്തി.മറ്റൊരു പരാതിയില്‍, ഭാര്യയും മക്കളുമുള്ളപ്പോള്‍ തന്നെ മറ്റൊരു യുവതിയെ വിവാഹം കഴിച്ച്‌ വിദേശത്ത് കൊണ്ടു പോയി 15 വര്‍ഷം അവര്‍ക്കൊപ്പം വിദേശത്ത് ജീവിച്ച്‌ തിരികെ നാട്ടില്‍ വിമാനത്താവളത്തില്‍ എത്തിയ ശേഷം തന്റെ വീട്ടില്‍ പോയി തിരിച്ചു വരാമെന്ന് ഉറപ്പു നല്‍കി ഭാര്യയെയും മക്കളെയും സ്വന്തം വീട്ടിലേക്ക് അയച്ച്‌ ഭര്‍ത്താവ് വഞ്ചിച്ചതു സംബന്ധിച്ച പരാതിയും അദാലത്തില്‍ പരിഗണിച്ചു. ഈ രണ്ടു കേസുകളും പോലീസ് റിപ്പോര്‍ട്ടിനായി അയച്ചു.പുരുഷനും സ്ത്രീയും രണ്ടു വ്യക്തികളാണെന്നും അവര്‍ക്കു വ്യക്തിത്വം ഉണ്ടെന്നും ഇരുകൂട്ടരും മനസിലാക്കാതെ പോകുന്നത് പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. പ്രണയിനി ആരോടു സംസാരിക്കണം, എവിടെയൊക്കെ പോകണം എന്ന് ആണ്‍കുട്ടികള്‍ നിര്‍ബന്ധം പിടിക്കുന്ന സാഹചര്യങ്ങളും നിലനില്‍ക്കുന്നുണ്ട്. പ്രണയപകയ്ക്ക് എതിരായ മനോഭാവം യുവജനങ്ങള്‍ക്കിടയില്‍ വളര്‍ത്തി എടുക്കാന്‍ കഴിയണം. ഒന്നിച്ചു ജീവിക്കാന്‍ സ്ത്രീക്ക് താല്‍പര്യമില്ലെങ്കില്‍ പോലും ഭര്‍ത്താവ് നിര്‍ബന്ധിച്ചു കൊണ്ടു പോകുന്ന സാഹചര്യം ഉണ്ടാകുന്നുണ്ട്. ഇതു പിന്നീട് പ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്നുമുണ്ട്. വിവാഹം ചെയ്ത മക്കള്‍ക്ക് പ്രശ്നങ്ങള്‍ ഉണ്ടാകുമ്ബോള്‍ അവര്‍ക്കൊപ്പം നില്‍ക്കാന്‍ മാതാപിതാക്കള്‍ക്ക് കഴിയണം. വനിതാ കമ്മിഷന്‍ അദാലത്തുമായി ഹര്‍ജിക്കാരും എതിര്‍കക്ഷികളും നല്ല രീതിയില്‍ സഹകരിക്കുന്നുണ്ട്. കമ്മിഷന്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ ഇരു വിഭാഗവും ഉള്‍ക്കൊള്ളുന്നതിനെ പോസിറ്റീവായാണ് കാണുന്നതെന്നും വനിതാ കമ്മിഷന്‍ അംഗം പറഞ്ഞു.സിറ്റിംഗില്‍ 25 കേസുകള്‍ തീര്‍പ്പാക്കി. പോലീസ് റിപ്പോര്‍ട്ടിനായി 12 കേസുകള്‍ അയച്ചു. 32 കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. ആകെ 69 കേസുകളാണ് പരിഗണനയ്ക്ക് എത്തിയത്. അഭിഭാഷകരായ അഡ്വ. ജിനു ഏബ്രഹാം, രേഷ്മ ദിലീപ്, കൗണ്‍സലര്‍മാരായ സായൂജ്യ, ബിസ്മിത, വനിതാ കമ്മിഷന്‍ ജീവനക്കാരായ എസ്. രാജേശ്വരി, ജി. ശ്രീഹരി എന്നിവര്‍ പങ്കെടുത്തു.

Sharing

Leave your comment

Your email address will not be published. Required fields are marked *