ട്രെയിൻ യാത്ര ഇനി ഒന്നുകൂടി അടിപൊളിയാകും; റെയില്‍വേയുടെ മുഖച്ഛായ മാറ്റുന്ന സര്‍വീസ്, 50 എണ്ണം ട്രാക്കിലെത്തും
മുംബയ്: ഈ വർഷം 50 പുതിയ അമൃത് ഭാരത് ട്രെയിനുകള്‍ അവതരിപ്പിക്കാനൊരുങ്ങി ഇന്ത്യൻ റെയില്‍വേ. മണിക്കൂറില്‍ 250 കിലോമീറ്റർ വേഗതയില്‍ സഞ്ചരിക്കാൻ കഴിയുന്ന ട്രെയിനുകളുടെ നിർമാണം ചെന്നൈയില്‍ പുരോഗമിക്കുന്നു എന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് ഇത്.വരും വർഷങ്ങളില്‍ 1000 അമൃത് ഭാരത് ട്രെയിനുകള്‍ അവതരിപ്പിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവ് ഈ വർഷം ആദ്യം പ്രഖ്യാപിച്ചിരുന്നു.അമൃത് ഭാരത് ആദ്യമായി യാത്ര ആരംഭിച്ചത് 2023 ഡിസംബർ 30നാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഫ്ലാഗ് ഓഫ് ചെയ്‌തത്. ആനന്ദ് വിഹാറില്‍ നിന്ന് ദർഭംഗയിലേക്കും ബംഗളൂരുവില്‍ നിന്ന് മാള്‍ഡ ടൗണിലേക്കുമായിരുന്നു ഈ ട്രെയിനുകളുടെ യാത്ര. മണിക്കൂറില്‍ 130 കിലോമീറ്ററാണ് അമൃത് ഭാരത് ട്രെയിനിന്റെ ശരാശരി വേഗത.അമൃത് ഭാരതിന്റെ ടിക്കറ്റ് നിരക്ക് കിലോമീറ്ററനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. എക്‌സ്‌പ്രസ് ട്രെയിനില്‍ സെക്കൻഡ് ക്ലാസ് യാത്രയ്ക്ക് ഏകദേശം 35 രൂപയാണ് നിരക്ക്. 15 കിലോമീറ്റർ വരെയുള്ള സ്ലീപ്പർ ക്ലാസ് യാത്രകള്‍ക്ക് 46 രൂപയും 50 കിലോമീറ്ററില്‍ കൂടുതല്‍ ദൈർഘ്യമുള്ള യാത്രകള്‍ക്ക് 65 രൂപയുമാണ് ഈടാക്കുന്നത്.800 കിലോമീറ്ററിലധികം ദൂരമുള്ളതോ, എത്താൻ പത്ത് മണിക്കൂറിലേറെ സമയം വേണ്ടിവരുന്നതോ ആയ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നതാണ് അമൃത് ഭാരത് ട്രെയിനിന്റെ പ്രത്യേകത. ചെലവ് കുറഞ്ഞ യാത്ര ഒരുക്കുന്ന ഈ ട്രെയിനില്‍ എയർ കണ്ടീഷൻ ചെയ്യാത്ത സ്ലീപ്പർ/ അണ്‍ റിസർവ് സേവനങ്ങളാണുള്ളത്. 2024 ജനുവരി ഒന്നിനാണ് ഈ ട്രെയിൻ വാണിജ്യാടിസ്ഥാനത്തില്‍ സർവീസ് ആരംഭിച്ചത്. 65 കോടി ചെലവില്‍ ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്‌ടറിയിലാണ് ഈ ട്രെയിൻ നിർമിച്ചത്.