കുവൈത്തില്‍ ഇൻഷുറൻസില്ലാതെ റോഡില്‍ ഇറങ്ങിയാൽ പിടി വീഴും
കുവൈത്ത് സിറ്റി : ഇൻഷുറൻസില്ലാത്ത വാഹനവുമായിറങ്ങുന്നവർ സൂക്ഷിക്കുക! നൂതന സാങ്കേതികവിദ്യയുമായി കുവൈത്ത് പൊലീസ് കാത്തിരിക്കുന്നു.ആധുനിക ട്രാഫിക് ക്യാമറ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇൻഷുറൻസ് കാലാവധി കഴിഞ്ഞതോ ഇൻഷുറൻസ് നേടേണ്ടതോ
ആയ വാഹനങ്ങള്‍ പിടിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ട്രാഫിക് ആന്റ് ഓപ്പറേഷൻസ് സെക്ടറാണ് ഊർജിതമാക്കിയിരിക്കുന്നത്.ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറല്‍ യൂസഫ് അല്‍ ഖദ്ദയുടെ നേതൃത്വത്തിലുള്ള ഈ സംരംഭം, സുരക്ഷാ പട്രോളിംഗിലും എല്ലാ റിംഗ്, മെയിൻ, ഇന്റേണല്‍ റോഡുകളിലും സ്ഥാപിച്ചിട്ടുള്ള നൂതന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതായി അല്‍ ജരീദ പത്രം റിപ്പോർട്ട് ചെയ്തു. നൂതന സാങ്കേതികവിദ്യ നടപ്പാക്കിയതിനുശേഷം ഇൻഷുറൻസ് ഇല്ലാത്ത 176 വാഹനങ്ങള്‍ ജനറല്‍ ട്രാഫിക് ഡിപ്പാർട്ട്മെന്റ് പിടിച്ചെടുത്തിട്ടുണ്ട്. പൊതു റോഡുകളിലും പാർപ്പിട പ്രദേശങ്ങളിലും ട്രാഫിക് നിയന്ത്രിക്കുന്നതിനും നിയമ ലംഘകരെ പിടികൂടുന്നതിനും ലക്ഷ്യമിട്ടുള്ള സമഗ്ര ട്രാഫിക്, സുരക്ഷാ ക്യാമ്പയി നുകൾ ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് സെക്ടർ നടത്തിവരികയാണ്.കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ, ഈ സുരക്ഷാ കാമ്ബയിനില്‍ 31,086 നിയമലംഘനങ്ങള്‍ കണ്ടെത്തി. 176 വാഹനങ്ങളും 26 മോട്ടോർ സൈക്കിളുകളും പിടിച്ചെടുക്കുകയും 43 നിയമലംഘകരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ലൈസൻസില്ലാതെ വാഹനമോടിച്ചതിന് 18 പ്രായപൂർത്തിയാകാത്തവരെ ജുവനൈല്‍ പ്രോസിക്യൂഷനിലേക്ക് റഫർ ചെയ്തു. സെക്യൂരിറ്റി, ക്രിമിനല്‍ കേസുകള്‍, റെസിഡൻസി നിയമ ലംഘനങ്ങള്‍ എന്നിവയുടെ പേരില്‍ 31 പേരെ പിടികൂടി. മയക്കുമരുന്ന് കൈവശം വച്ചതിനും ഉപയോഗിച്ചതിനും മൂന്ന് കേസുകള്‍ രജിസ്റ്റർ ചെയ്തു.