യുക്രൈന്‍ സന്ദര്‍ശിച്ച്‌ ബ്രിട്ടീഷ് പ്രധാനമന്ത്രി;50 മില്യണ്‍ പൗണ്ടിന്‍റെ പ്രതിരോധ സഹായം പ്രഖ്യാപിച്ചു

ആദ്യ സന്ദര്‍ശനത്തില്‍ തന്നെ യുക്രൈനിന് 50 മില്യണ്‍ പൌണ്ടിന്‍റെ പ്രതിരോധ സഹായ വാഗ്ദാനവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്.കീവില്‍ യുക്രൈന്‍ പ്രസിഡന്‍റ് വ്ലോദിമിര്‍ സെലന്‍സ്കിയുമായി നടന്ന കൂടിക്കാഴ്ചയിലാണ് പ്രഖ്യാപനം. യുക്രൈനുള്ള പിന്തുണ ബ്രിട്ടന്‍ ജനത തുടരുമെന്ന് വ്യക്തമാക്കിയ ഋഷി സുനക്, കീവിലെത്താന്‍ സാധിച്ചതിലുള്ള വികാരവും മറച്ച്‌ വച്ചില്ല. യുദ്ധം തുടങ്ങിയ ആദ്യ ദിവസം മുതല്‍ യുകെ യുക്രൈന്‍റെ ഏറ്റവും ശക്തമായ സഖ്യരാജ്യമാണെന്ന് വ്ലോദിമിര്‍ സെലന്‍സ്കി കൂടിക്കാഴ്ചയില്‍ വിശദമാക്കി.

റഷ്യയുടെ വ്യോമാക്രമണം തടയാനായാണ് പ്രതിരോധ സഹായം വാഗ്ദാനം ചെയ്തിരിക്കുന്നത്. വിമാനങ്ങളെ തകര്‍ക്കാനുള്ള വെടിക്കോപ്പുകളും ഇറാന്‍ നല്‍കിയിട്ടുള്ള ഡ്രോണുകളെ തകര്‍ക്കാനുള്ള ടെക്നോളജി അടക്കമുള്ളതാണ് ബ്രിട്ടന്‍റെ പ്രതിരോധ സഹായം. യുക്രൈന്‍കാര്‍ക്കായുള്ള സൈനിക പരിശീലനം യുകെ കൂട്ടുമെന്നും ആര്‍മി വൈദ്യ സംഘത്തേയും എന്‍ജിനിയര്‍മാരെയും അയക്കുമെന്നും ഋഷി സുനക് വിശദമാക്കി. യുകെ പ്രതിരോധ സെക്രട്ടറി യുക്രൈന് ആയിരം മിസൈല്‍ വേധ സംവിധാനം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമേയാണ് ഋഷി സുനക് പ്രതിരോധ സഹായം പ്രഖ്യാപിച്ചത്.

യുക്രൈനിലെ സാധാരണക്കാര്‍ക്കെതിരെ പ്രയോഗിച്ച ഇറാന്‍ നിര്‍മ്മിത ഡ്രോണുകളും ഋഷി സുനക് സന്ദര്‍ശനത്തിനിടെ കണ്ടു. യുക്രൈന്‍റെ യുദ്ധസ്മാരകവും ഋഷി സുനക് സന്ദര്‍ശിച്ചു. ഹീനമായ യുദ്ധമവസാനിപ്പിച്ച്‌ നീതി നടപ്പിലാക്കാനായുള്ള യുക്രൈന്‍റെ പോരാട്ടത്തിനൊപ്പം യുകെ ഉണ്ടാവുമെന്ന് ഋഷി സുനക് ഉറപ്പ് നല്‍കി.

യുക്രൈന്‍ സേന റഷ്യന്‍ സൈനികരെ തുരത്തിയോടിക്കുമ്ബോള്‍ സാധാരണക്കാര്‍ വ്യോമാക്രമണം കൊണ്ട് വലഞ്ഞിരിക്കുകയാണ്യ തണുപ്പ് കാലം വരാനിരിക്കെ മാനുഷിക പരിഗണനകള്‍ കൂടി കണക്കിലെടുത്താണ് പ്രതിരോധ സഹായമെന്നും ഋഷി സുനക് വ്യക്തമാക്കി. രാജ്യത്തിന്‍റെ അഭിമാനത്തിനും ജനാധിപത്യ സംരക്ഷണത്തിനുമായി പോരാടുന്ന യുക്രൈന്‍ ജനതയെ കാണാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും ഋഷി സുനക് പ്രതികരിച്ചു.

യുക്രൈന്‍റെ ഊര്‍ജ്ജ മേഖലയുടെ 50 ശതമാനത്തോളം റഷ്യന്‍ വ്യോമാക്രമണത്തില്‍ തകര്‍ന്നിരിക്കുമ്ബോഴാണ് ഋഷി സുനകിന്‍റെ പ്രതിരോധ സഹായമെത്തുന്നത്. വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്‍റേതായി 12 മില്യണ്‍ പൌണ്ടിന്‍റെ സഹായവും അന്താരാഷ്ട്ര കുടിയേറ്റ സംഘടനയുടേതായി 4 മില്യണ്‍ പൌണ്ട് സഹായവും യുക്രൈന് നല്‍കുമെന്ന് ഋഷി സുനക് സന്ദര്‍ശനത്തിനിടെ സ്ഥിരീകരിച്ചിട്ടുണ്ട്.

Sharing

Leave your comment

Your email address will not be published. Required fields are marked *