റഷ്യ- യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറെന്ന് മാര്‍പ്പാപ്പ
വത്തിക്കാന്‍ സിറ്റി: റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാന്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ.ഇറ്റാലിയന്‍ ദിനപത്രമായ ലാ സ്റ്റാംപയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ ആവശ്യമായ ഏത് വിധത്തിലുള്ള മധ്യസ്ഥശ്രമത്തിനും താന്‍ തയ്യാറാണെന്ന് മാര്‍പ്പാപ്പ അറിയിച്ചത്.റഷ്യയും യുക്രൈനും തമ്മില്‍ സമാധാനം സാധ്യമാണെന്ന് വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, ആരും അതിനുള്ള ശ്രമം ഉപേക്ഷിക്കരുതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.
“ഓരോരുത്തരും അവരവരുടെ ഹൃദയങ്ങളില്‍ നിന്ന് തുടങ്ങണം. അക്രമത്തെ നിര്‍വീര്യമാക്കാനും നിരായുധീകരണത്തിനും പ്രതിജ്ഞാബദ്ധരാവണം. നാമെല്ലാവരും സമാധാനവാദികളായിരിക്കണം. വീണ്ടും സായുധരാക്കാന്‍ സഹായിക്കുന്ന ഒരു സന്ധിയല്ല ആവശ്യം. യഥാര്‍ഥ സമാധാനം സംഭാഷണത്തിന്റെ ഫലമായുണ്ടാവുന്നതാണ്”- മാര്‍പാപ്പ പറഞ്ഞു.
ഇപ്പോഴും യുക്രൈയന്റെ വിവിധ ഭാഗങ്ങളില്‍ റഷ്യ മിസൈല്‍ ആക്രമണം തുടരുന്നതിനിടെയാണ് സമാധാനസന്ധി ശ്രമത്തിന് താന്‍ തയാറാണെന്ന് മാര്‍പ്പാപ്പ അറിയിച്ചത്. വടക്ക് കീവ് മുതല്‍ മധ്യ യുക്രൈനിലെ ഡിനിപ്രോ വരെയും തെക്ക് ഒഡെസ വരെയും യുക്രൈന്റെ അടിസ്ഥാന ഊര്‍ജ സംവിധാനങ്ങളൊക്കെയും റഷ്യന്‍ മിസൈലുകളുടെ ആക്രമണത്തിന് വിധേയമായിരുന്നു.
യുക്രൈന്റെ ഭാഗമായ നാല് പ്രദേശങ്ങള്‍ റഷ്യ തങ്ങളുടെ രാജ്യത്തോട് ചേര്‍ത്തിരുന്നു. ലുഹാന്‍സ്‌ക്, ഡൊണെറ്റ്സ്‌ക്, ഹേഴ്സന്‍, സാഫോറീസിയ എന്നീ പ്രദേശങ്ങളാണ് റഷ്യ കൂട്ടിച്ചേര്‍ത്തത്. ഹിതപരിശോധനയ്ക്ക് ശേഷമായിരുന്നു നടപടി.