അരനൂറ്റാണ്ടിന് ശേഷം മനുഷ്യന്‍ വീണ്ടും ചന്ദ്രനിലേക്ക്
ന്യൂയോര്‍ക്: അരനൂറ്റാണ്ടിന് ശേഷം മനുഷ്യന്‍ വീണ്ടും ചന്ദ്രനില്‍ കാലുകുത്താന്‍ ഒരുങ്ങുന്നു. 2025ല്‍ മനുഷ്യനെ ചന്ദ്രനില്‍ എത്തിക്കാനാണ് നാസ പദ്ധതി തയാറാക്കിയത്.ആര്‍ട്ടിമിസ് പദ്ധതിയിലെ യാത്രാപേടകമായ ഒറിയോണിനെ വഹിക്കുന്ന പരീക്ഷണ വിക്ഷേപണം (ആര്‍ട്ടിമിസ് 1) ഫ്ലോറിഡയിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തില്‍ വിജയകരമായി നടന്നു. 410 കോടി യു.എസ് ഡോളറാണ് ഇതിനായി ചെലവഴിച്ചത്.
ബഹിരാകാശ യാത്രികര്‍ക്ക് ചന്ദ്രനിലെ സാഹചര്യങ്ങള്‍ അനുയോജ്യമാണോ എന്ന് പരിശോധിക്കുക, പേടകത്തിനുള്ളിലെ ചലനവും അണുവികിരണ തോതും മനസ്സിലാക്കുക എന്നിവയാണ് ആര്‍ട്ടിമിസ് ഒന്നിന്റെ ലക്ഷ്യം. 98 മീറ്റര്‍ നീളവും 46 ടണ്‍ ഭാരവുമുള്ള എസ്.എല്‍.എസ് റോക്കറ്റിലേറി പറന്നുയര്‍ന്ന 7700 കിലോ ഭാരമുള്ള ഒറിയോണ്‍ പേടകം തിങ്കളാഴ്ചയോടെ ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചേക്കും. 21 ദിവസം ഒറിയോണ്‍ ചന്ദ്രനെ ചുറ്റും.ദൗത്യം പൂര്‍ത്തിയാക്കി ഡിസംബര്‍ 11ന് ശാന്തസമുദ്രത്തില്‍ പതിക്കും. മനുഷ്യര്‍ക്ക് പകരമായ മൂന്ന് ബൊമ്മകളെയാണ് ബുധനാഴ്ച ഒറിയോണ്‍ പേടകം കൊണ്ടുപോയത്. ഇവയുടെ സ്പേസ് സ്യൂട്ട് തിരിച്ചെത്തിയ ശേഷം പരിശോധിക്കും.
പരീക്ഷണ ഘട്ടം വിജയമായാല്‍ 2024ല്‍ ആര്‍ട്ടിമിസ് 2 ദൗത്യത്തില്‍ നാലുപേരടങ്ങിയ യാത്രാസംഘത്തെ അയക്കും. ഈ ദൗത്യത്തില്‍ ചന്ദ്രനെ ഭ്രമണം ചെയ്യും. ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ ദൂരം യാത്ര ചെയ്തവരായി ഇതിലെ യാത്രികര്‍ മാറും.2025ല്‍ നടത്തുന്ന ആര്‍ട്ടിമിസ് 3 ദൗത്യത്തിലാണ് മനുഷ്യന്‍ ചന്ദ്രനിലിറങ്ങുക. ചന്ദ്രനിലെത്തുന്ന ആദ്യ വനിതയും സംഘത്തിലുണ്ടാകും. ഒറിയോണ്‍ പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തുകയും ഭ്രമണം തുടരുകയും ചെയ്യും. ഇതില്‍നിന്ന് സ്പേസ് എക്സ് നിര്‍മിച്ച പ്രത്യേക ലാന്‍ഡറിലാണ് രണ്ട് യാത്രികര്‍ ചന്ദ്രനില്‍ ഇറങ്ങുക.
ഒരാഴ്ചത്തെ പരീക്ഷണത്തിന് ശേഷം തിരികെ ഒറിയോണിലെത്തി ഭൂമിയിലേക്ക് തിരിക്കും. മൂന്ന് ഘട്ടമുള്ള ആര്‍ട്ടിമിസ് ദൗത്യത്തിനായി ആകെ 9300 കോടി യു.എസ് ഡോളറാണ് ചെലവ് കണക്കാക്കുന്നത്. 13 ദൗത്യങ്ങളിലേക്ക് വരെ ആര്‍ട്ടിമിസ് നീട്ടാനും നാസക്ക് പദ്ധതിയുണ്ട്.മനുഷ്യനെ ആദ്യമായി ചന്ദ്രനിലിറക്കിയത് 1969 ജൂലൈയില്‍ നടത്തിയ അപ്പോളോ 11 ദൗത്യമായിരുന്നു. നീല്‍ ആംസ്ട്രോങ്, എഡ്വിന്‍ ആള്‍ഡ്രിന്‍, മൈക്കല്‍ കോളിന്‍സ് എന്നിവരായിരുന്നു യാത്രികര്‍. 1972ല്‍ നടന്ന അപ്പോളോ 17 വരെയുള്ള ദൗത്യങ്ങളിലായി 12 പേരാണ് ചന്ദ്രനില്‍ എത്തിയിട്ടുള്ളത്.