സംസ്ഥാനത്തെ ഏറ്റവും വലിയ എലിവേറ്റഡ് ഹൈവേ നാളെ തുറക്കും
കഴക്കൂട്ടം: തലസ്ഥാനജില്ലയുടെ അഭിമാനമായി കഴക്കൂട്ടത്തെ ആകാശപാത നാളെ ഗതാഗതത്തിന് തുറക്കും. സംസ്ഥാനത്തെ ഏറ്റവും വലിയ എലിവേറ്റഡ് ഹൈവേയാണിത്.കഴക്കൂട്ടത്ത് അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് ആകാശപാത പരിഹാരമാവും. ദേശീയപാതയിലൂടെ തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ ഏറെ സമയലാഭവുമുണ്ടാവും. ഔദ്യോഗിക ഉദ്ഘാടനമില്ലാതെയാണ് എലിവേറ്റഡ് ഹൈവേ വാഹന ഗതാഗതത്തിന് തുറക്കുക.
ടെക്നോപാര്‍ക്കടക്കം വിവിധ സ്ഥാപനങ്ങളുള്ള കഴക്കൂട്ടത്തെ ഗതാഗതക്കുരുക്കിന് പരിഹാരമായാണ് ദേശീയപാത അതോറിറ്റി എലിവേറ്റഡ് ഹൈവേ എന്ന ആശയം അവതരിപ്പിച്ചത്. മെഡിക്കല്‍ കോളജിലേക്കുള്ള ആംബുലന്‍സുകളടക്കം ഗതാഗതക്കുരുക്കില്‍പ്പെടുന്നത് പതിവാണ്. 2.721 കിലോമീറ്റര്‍ നീളത്തിലുള്ള നാലുവരി എലിവേറ്റഡ് ഹൈവേ നിര്‍മാണത്തിന് 195.5 കോടിയാണ് ചെലവ്.
രണ്ടുവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട് 2018 ഡിസംബറിലാണ് നിര്‍മാണം ആരംഭിച്ചത്. ആര്‍.ഡി.എസും ചെറിയാന്‍ വര്‍ക്കി കണ്‍സ്ട്രക്ഷന്‍ കമ്ബനിയും സംയുക്തമായാണ് നിര്‍മാണം നടത്തിയത്. ഉദ്ഘാടനത്തിന് മുമ്പുള്ള അവസാനഘട്ട നിര്‍മാണമാണ് ഇപ്പോള്‍ നടക്കുന്നത്. പാലത്തിലും സര്‍വിസ് റോഡിലുമായി 266 തെരുവുവിളക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. 7.5 മീറ്ററില്‍ ഇരുഭാഗത്തും സര്‍വിസ് റോഡ് കൂടാതെ 7.75 മീറ്റര്‍ വീതിയിലുള്ള റോഡും പാലത്തിനടിയിലുണ്ടാകും. എലിവേറ്റഡ് ഹൈവേ കേരളപ്പിറവി ദിനത്തില്‍ നാടിന് സമര്‍പ്പിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി നേരേത്ത പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നിര്‍മാണം പൂര്‍ത്തിയാകാത്തതിനാല്‍ നവംബര്‍ 15ന് തുറക്കുമെന്ന് പിന്നീട് മന്ത്രി പ്രഖ്യാപിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ പദ്ധതി സ്ഥലം സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദങ്ങളുമുണ്ടായി.