ഇസ്രായേലില്‍ വീണ്ടും നെതന്യാഹു പ്രധാനമന്ത്രിയാകും
ജറൂസലം: മുന്‍ പ്രധാനമന്ത്രിയായ ലിക്കുഡ് പാര്‍ട്ടി ചെയര്മാന് ബിന്യമിന് നെതന്യാഹു ഇസ്രായേലില്‍ പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കും.പ്രസിഡന്റ് ഐസക് ഹെര്‍സോഗ്, നെതന്യാഹുവിനെ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ഔദ്യോഗികമായി ക്ഷണിച്ചു. ആറാം തവണയാണ് നെതന്യാഹു പ്രധാനമന്ത്രിയാകുന്നത്. ഔദ്യോഗിക ക്ഷണത്തിനുപിന്നാലെ ‘എല്ലാവരുടെയും പ്രധാനമന്ത്രി’ ആകുമെന്ന് നെതന്യാഹു വാഗ്ദാനം ചെയ്തു.
നവംബര്‍ ഒന്നിന് നടന്ന തെരഞ്ഞെടുപ്പ് ഫലം വന്നശേഷം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രതിനിധികളുമായി ഹെര്‍സോഗ് നടത്തിയ മൂന്നുദിവസത്തെ ചര്‍ച്ചക്കുശേഷമാണ് ക്ഷണമുണ്ടായത്.നെതന്യാഹുവിനെ ഇസ്രായേല്‍ പാര്‍ലമെന്റായ നെസെറ്റിലെ 64 അംഗങ്ങളാണ് പിന്തുണച്ചത്. സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ നെതന്യാഹുവിന് 28 ദിവസത്തെ സമയമുണ്ട്. വിപുലീകരണം ആവശ്യമാണെങ്കില്‍ 14 ദിവസം വരെ നീട്ടിനല്കാന് പ്രസിഡന്റിന് അധികാരമുണ്ട്.73കാരനായ നെതന്യാഹു 74 വര്‍ഷത്തെ രാജ്യ ചരിത്രത്തില്‍ അഞ്ചുതവണ പ്രധാനമന്ത്രിയായിരുന്നു. നെതന്യാഹുവിന്റെ മടങ്ങിവരവ് ഇന്ത്യ-ഇസ്രായേല്‍ ബന്ധം കൂടുതല്‍ ശക്തമാക്കുമെന്നാണ് കരുതുന്നത്.