ഭീകരതക്കെതിരെ സഹകരണം ശക്തമാക്കുമെന്ന് ഇന്ത്യയും ആസിയാന്‍ രാജ്യങ്ങളും
നൊംപെന്‍: തന്ത്രപരമായ പങ്കാളിത്തം സ്ഥാപിക്കാനും ഭീകരതക്കെതിരായ സഹകരണം ശക്തമാക്കാനും ഇന്ത്യയും ആസിയാന്‍ രാജ്യങ്ങളും പ്രതിജ്ഞയെടുത്തു.തെക്കുകിഴക്കന്‍ ഏഷ്യയും ഇന്ത്യയും തമ്മിലുള്ള സമുദ്രബന്ധം, സാംസ്കാരിക വിനിമയം എന്നിവ വളര്‍ന്നുവെന്ന് സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. ഡിജിറ്റല്‍, സൈബര്‍ സുരക്ഷ, കൃഷി, പൊതുജനാരോഗ്യം, ബഹിരാകാശം എന്നിവയിലും സഹകരണം മെച്ചപ്പെടുത്തും. കോവിഡ് മഹാമാരി ഗുരുതരമായി ബാധിച്ച ടൂറിസത്തെയും അനുബന്ധ വ്യവസായങ്ങളെയും പുനരുജ്ജീവിപ്പിക്കും. 19ാമത് ആസിയാന്‍- ഇന്ത്യ ഉച്ചകോടി കംബോഡിയന്‍ പ്രധാനമന്ത്രി ഹുന്‍ സെന്‍ ഉദ്ഘാടനം ചെയ്തു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി കംബോഡിയയിലാണ് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍.
ഉച്ചകോടിയെ അഭിസംബോധന ചെയ്യുന്നതിനുമുമ്ബ്, മാനവ വിഭവശേഷി, കുഴിബോംബുകള്‍ നീക്കല്‍, വികസന പദ്ധതികള്‍ എന്നിവയടക്കം ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്ന വഴികള്‍ ധന്‍ഖറും കംബോഡിയന്‍ പ്രധാനമന്ത്രി ഹുന്‍ സെന്നും ചര്‍ച്ച നടത്തി. ഉച്ചകോടിക്കിടെ സംസ്കാരം, വന്യജീവി, ആരോഗ്യം എന്നീ മേഖലകളിലെ നാല് കരാറുകളിലും ഒപ്പുവെച്ചു. അസോസിയേഷന് ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യന്‍ നേഷന്‍സിന്റെ (ആസിയാന്‍) നിലവിലെ അധ്യക്ഷര്‍ എന്ന നിലയിലാണ് കംബോഡിയ ഉച്ചകോടികള്‍ക്ക് ആതിഥേയത്വം വഹിക്കുന്നത്. ആസിയാന്‍ കൂട്ടായ്മ രൂപവത്കരിച്ചതിന്റെ 30ാം വാര്‍ഷിക ഉച്ചകോടിയാണ് ശനിയാഴ്ച നടന്നത്. ആസിയാന്‍-ഇന്ത്യ സൗഹൃദ വര്ഷാഘോഷവുമാണ്. നവംബര്‍ 13ന് പത്ത് ആസിയാന്‍ അംഗരാജ്യങ്ങളും എട്ട് പങ്കാളികളും ഉള്‍പ്പെടുന്ന 17ാമത് കിഴക്കന്‍ ഏഷ്യ ഉച്ചകോടിയിലും ധന്‍ഖര്‍ പങ്കെടുക്കും. ഇതില്‍ സമുദ്ര സുരക്ഷ, തീവ്രവാദം, ആണവായുധ നിര്‍വ്യാപനം എന്നിവ ചര്‍ച്ച ചെയ്യും.
അതേസമയം, ആസിയാനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന് അറിയിച്ചു. ദക്ഷിണ ചൈന കടല്‍ മുതല്‍ മ്യാന്മര് വരെയുള്ള വെല്ലുവിളികള്‍ പരിഹരിക്കാനും മേഖലയിലുടനീളം സമാധാനത്തിനും പ്രവര്‍ത്തനം തുടരാന്‍ ആഗ്രഹിക്കുന്നതായി ബൈഡന് പറഞ്ഞു. ഒരു യു.എസ് പ്രസിഡന്റ് നടത്തുന്ന രണ്ടാമത്തെ കംബോഡിയ സന്ദര്‍ശനമാണിത്. കംബോഡിയന്‍ പ്രധാനമന്ത്രി ഹുന്‍ സെന്നുമായി കൂടിക്കാഴ്ചയും നടത്തി. മ്യാന്മറില് ജനാധിപത്യം തിരിച്ചുകൊണ്ടുവരാന്‍ യു.എസ് പ്രതിജ്ഞാബദ്ധമാണെന്ന് കൂടിക്കാഴ്ചയില്‍ ബൈഡന് അറിയിച്ചു. ബാലിയില്‍ നടക്കുന്ന ജി-20 ഉച്ചകോടിക്ക് പുറപ്പെടുന്നതിന് മുമ്ബ് ഞായറാഴ്ച ദക്ഷിണ കൊറിയ, ജപ്പാന് നേതാക്കളുമായുള്ള കൂടിക്കാഴ്ചയും നടത്തുന്ന ബൈഡന് കിഴക്കന്‍ ഏഷ്യ ഉച്ചകോടിയിലും പങ്കെടുക്കും