ദുരിതാശ്വാസ പ്രവര്‍ത്തനം;അഫ്ഗാനിസ്ഥാനുള്ള പിന്തുണ തുടരുമെന്ന് കുവൈത്ത്
കുവൈത്ത് സിറ്റി: അഫ്ഗാനിസ്താനിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ കുവൈത്ത് തുടരുമെന്ന് നയതന്ത്ര ദൗത്യങ്ങളുടെ അറ്റാഷെയും ഐക്യരാഷ്ട്രസഭയിലെ സ്ഥിരം പ്രതിനിധിയുമായ ബദര്‍ അല്‍ ദൈഹാനി പറഞ്ഞു.ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര സംഘടനകളുമായുള്ള ഏകോപനത്തിലൂടെ അഫ്ഗാനിസ്താന് പിന്തുണ നല്‍കിവരുന്നുണ്ട്.
ശൈത്യകാലത്തും ഇത് തുടരുമെന്നും കുവൈത്ത് അഫ്ഗാനിസ്താന് ഇതുവരെ 9.2 കോടി യു.എസ് ഡോളറിന്റെ സഹായം നല്‍കിയിട്ടുണ്ടെന്നും ബദര്‍ അല്‍ ദൈഹാനി പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടിയൊഴിപ്പിക്കല്‍, ദുരിതാശ്വാസം എന്നിവയില്‍ കുവൈത്ത് നിരവധി ശ്രമങ്ങള്‍ നടത്തിയതായും അദ്ദേഹം വ്യക്തമാക്കി.
32 വ്യത്യസ്‌ത രാജ്യങ്ങളില്‍ നിന്നുള്ള ഏകദേശം 15,000 ആളുകളുടെ ഒഴിപ്പിക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ രാജ്യങ്ങളുമായി സഹകരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തു.സമാധാനവും സാമൂഹിക സുരക്ഷയും കെട്ടിപ്പടുക്കുന്നതിനുള്ള പാത ശക്തിപ്പെടുത്തുന്നതിന് കുവൈത്തിന്റെ ഇടപെടല്‍ തുടരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.